മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുമ്പോൾ ഭൂരിഭാഗം നിക്ഷേപകരും ആദ്യം ശ്രദ്ധിക്കുന്നത്, ആ ഫണ്ടുകൾ മുൻകാലങ്ങളിൽ നൽകിയ ആദായത്തിന്റെ (Returns) കണക്കുകളിലേക്കാണ്. ഉദാഹരണത്തിന്, 14 ശതമാനം വാർഷിക നേട്ടം നൽകിയ ഒരു ഫണ്ടിനേക്കാൾ മികച്ചത് 18 ശതമാനം റിട്ടേൺ നൽകിയ ഫണ്ടാണെന്ന നിഗമനത്തിലേക്ക് നിക്ഷേപകർ വേഗമെത്തുന്നു. എന്നാൽ, വിപണിയിലെ യാഥാർത്ഥ്യങ്ങൾ വസ്തുതാപരമായി വിശകലനം ചെയ്യുമ്പോൾ ഈ സമീപനം അപൂർണവും തെറ്റായ ദിശയിലേക്ക് നയിക്കുന്നതുമാണെന്ന് കാണാം.
ഉയർന്ന റിട്ടേണുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഉയർന്ന റിസ്ക്, വിപണിയിലെ അസ്ഥിരത (Volatility), ഫണ്ട് മാനേജ്‌മെന്റിലെ അപാകതകൾ, നിക്ഷേപത്തിന്റെ യഥാർത്ഥ ലാഭത്തിൽ നിന്നും ഊറ്റിയെടുക്കുന്ന അധിക ചിലവുകൾ (Expense Ratio) എന്നിവ പലപ്പോഴും സാധാരണക്കാരായ നിക്ഷേപകർ തിരിച്ചറിയാതെ പോകുന്നു. ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണി അനുദിനം വികാസം പ്രാപിക്കുന്ന പശ്ചാത്തലത്തിൽ, ഒരു ഫണ്ടിന്റെ പ്രകടനം വിലയിരുത്താൻ കേവലം 'റിട്ടേൺ' മാത്രം നോക്കുന്നത്, നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കാം. കൃത്യമായ മ്യൂച്വൽ ഫണ്ട് താരതമ്യത്തിനും സുരക്ഷിതമായ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനും റിട്ടേൺ നിരക്കുകൾക്ക് ഉപരിയായി ചില സാങ്കേതിക സൂചകങ്ങൾ (Risk-Adjusted Metrics) കൂടി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിശദമായി നോക്കാം.
മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തുമ്പോൾ, അവ ഒരേ വിഭാഗത്തിൽപ്പെട്ടവയാണെന്ന് (Category) ഉറപ്പുവരുത്തുകയാണ് നിക്ഷേപകർ ആദ്യം ചെയ്യേണ്ടതെന്ന് ഹാർനെസ് ഫിൻ വെൽത്തിലെ ചീഫ് സ്ട്രാറ്റജിസ്റ്റും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ അനീഷ് ചന്ദ്രൻ സി.വി പറഞ്ഞു. ലാർജ്-ക്യാപ്, മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഫണ്ടുകൾ എന്നിവ വ്യത്യസ്തമായ റിസ്ക് ഘടനയും നിക്ഷേപ ലക്ഷ്യങ്ങളും ഉള്ളവയാണ്. വിപണിയിലെ അനുകൂല സാഹചര്യങ്ങളിൽ സ്മോൾ-ക്യാപ് ഫണ്ടുകൾ ഉയർന്ന ആദായം സമ്മാനിക്കുമ്പോൾ, വിപണിയിലെ തിരുത്തൽ ഘട്ടങ്ങളിൽ ഇവ വലിയ തോതിലുള്ള തകർച്ച നേരിടാനുള്ള സാധ്യതയുമുണ്ട്.
അതിനാൽ, ഉയർന്ന റിസ്കുള്ള ഒരു സ്മോൾ-ക്യാപ് ഫണ്ടിന്റെ റിട്ടേണിനെ താരതമ്യേന സ്ഥിരതയാർന്ന ലാർജ്-ക്യാപ് ഫണ്ടുമായി നേരിട്ട് താരതമ്യം ചെയ്യുന്നത് യുക്തിസഹമല്ല. നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള ശേഷിയും നിക്ഷേപ കാലയളവും അനുസരിച്ച് അനുയോജ്യമായ കാറ്റഗറി ആദ്യം നിശ്ചയിക്കേണ്ടതുണ്ട്. അതിനുശേഷം തിരഞ്ഞെടുത്ത ആ കാറ്റഗറിയിലെ വിവിധ മ്യൂച്വൽ ഫണ്ടുകൾ തമ്മിൽ വസ്തുതാപരമായ താരതമ്യം നടത്തുന്നതാണ് ശാസ്ത്രീയമായ നിക്ഷേപ രീതിയെന്ന് അനീഷ് ചന്ദ്രൻ പറഞ്ഞു.
മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം കൃത്യമായി വിലയിരുത്തുന്നതിന് പോയിന്റ്-ടു-പോയിന്റ് റിട്ടേണുകൾ അല്ലെങ്കിൽ ഒരു വർഷത്തെ ട്രെയിലിങ് റിട്ടേണുകൾ (Trailing returns) മാത്രം പരിശോധിക്കുന്നത് നിക്ഷേപകരെ തെറ്റായ നിഗമനങ്ങളിലേക്ക് നയിച്ചേക്കാമെന്ന് കണ്ണങ്കര വെൽത്ത്‍വൈസ് സ്ഥാപകനും സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറുമായ രതീഷ് കണ്ണങ്കര പറഞ്ഞു. വിപണിയിലെ ഏതെങ്കിലും ഒരു പ്രത്യേക സെക്ടറിലുണ്ടാകുന്ന താത്കാലിക മുന്നേറ്റമോ അനുകൂല സാഹചര്യങ്ങളോ മാത്രമാകാം ഇത്തരം ഹ്രസ്വകാല ഉയർന്ന നിരക്കുകൾക്ക് പിന്നിൽ. ഇത് ഫണ്ടിന്റെ യഥാർത്ഥ പ്രകടന സ്ഥിരതയെ പ്രതിഫലിപ്പിക്കുന്നില്ല.
ഇതിന് പകരമായി 'റോളിങ് റിട്ടേണുകൾ' (Rolling returns) പരിശോധിക്കുന്നതാണ് കൂടുതൽ ശാസ്ത്രീയം. 3 വർഷം, 5 വർഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവുകളിൽ, വിപണിയുടെ വിവിധ ഘട്ടങ്ങളിലൂടെയും (Market cycles) ഏറ്റക്കുറച്ചിലുകളിലൂടെയും കടന്നുപോകുമ്പോൾ ഫണ്ട് പുലർത്തിയ യഥാർത്ഥ സ്ഥിരത (Consistency) റോളിങ് റിട്ടേണുകളിലൂടെ മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ച്, എസ്.ഐ.പി രീതിയിൽ നിക്ഷേപം നടത്തുന്നവർക്ക് കൂടുതൽ കൃത്യവും വസ്തുതാപരവുമായ വിവരങ്ങൾ നൽകാൻ റോളിങ് റിട്ടേണുകളുടെ വിശകലനത്തിന് കഴിയും. അടിസ്ഥാനമാക്കിയ ബെഞ്ച്മാർക്ക് സൂചികയേക്കാൾ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ കണ്ടെത്തുകയാണ് ദീർഘകാല നിക്ഷേപകർ ചെയ്യേണ്ടത്, രതീഷ് കണ്ണങ്കര വ്യക്തമാക്കി.
ഒരേ നിരക്കിൽ ആദായം രേഖപ്പെടുത്തുന്ന രണ്ട് മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപ ഘടനയും അവയിന്മേലുള്ള റിസ്ക് സാധ്യതകളും ഒന്നുതന്നെയാകണമെന്നില്ല. പ്രകടനത്തിലെ ഈ വ്യത്യാസങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനും നിക്ഷേപത്തിലെ സുരക്ഷിതത്വം വിലയിരുത്തുന്നതിനും ഏതാനും സാങ്കേതിക സൂചകങ്ങൾ (Risk Metrics) കൂടി പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് രതീഷ് കണ്ണങ്കര പറഞ്ഞു.
സ്റ്റാൻഡേർഡ് ഡീവിയേഷൻ: ഫണ്ടിന്റെ റിട്ടേണുകളിലുണ്ടാകുന്ന അസ്ഥിരത (Volatility) അളക്കുന്നതിനുള്ള സൂചകമാണിത്. ഉയർന്ന സ്റ്റാൻഡേർഡ് ഡീവിയേഷൻ നിരക്കുള്ള ഫണ്ടുകളുടെ നെറ്റ് അസറ്റ് വാല്യുവിൽ (NAV) വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഷാർപ് റേഷ്യോ: നിക്ഷേപത്തിനായി എടുക്കുന്ന അധിക റിസ്കിന് അനുസൃതമായ അധിക നേട്ടം ഫണ്ട് നൽകുന്നുണ്ടോ എന്ന് ഇതിലൂടെ മനസ്സിലാക്കാം. ഉയർന്ന ഷാർപ് റേഷ്യോ ഉള്ള ഫണ്ടുകൾ മികച്ച റിസ്ക്-അഡ്ജസ്റ്റഡ് റിട്ടേൺസ് നൽകുന്നവയാണ്.
സോർട്ടിനോ റേഷ്യോ: പൊതുവായുള്ള അസ്ഥിരതയ്ക്ക് പകരം, വിപണിയിലെ ഇടിവുകൾ മൂലമുണ്ടാകുന്ന നഷ്ട സാധ്യതകളെ മാത്രം കേന്ദ്രീകരിച്ച് ഫണ്ടിന്റെ പ്രകടനം വിലയിരുത്താൻ ഇത് സഹായിക്കുന്നു. നെഗറ്റീവ് റിട്ടേണുകളെ ഫണ്ട് എത്രത്തോളം പ്രതിരോധിക്കുന്നു എന്ന് മനസ്സിലാക്കാൻ സോർട്ടിനോ റേഷ്യോ സഹായിക്കും.
ഡ്രോഡൗൺ ഹിസ്റ്ററി: വിപണി തകർച്ചകളിൽ ഒരു ഫണ്ടിന്റെ മൂല്യം അതിന്റെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും പരമാവധി എത്രത്തോളം താഴേക്ക് വീണു എന്ന് പരിശോധിക്കുന്ന രീതിയാണിത്. ഉദ്ദാഹരണത്തിന്, വിപണിയിലെ തിരുത്തൽ വേളകളിൽ 50 ശതമാനം ഇടിവ് നേരിട്ട ഫണ്ടിനേക്കാൾ, 30 ശതമാനം മാത്രം ഇടിവുണ്ടായ ഫണ്ടുകൾക്ക് കൂടുതൽ വേഗത്തിൽ പഴയ പ്രകടനത്തിലേക്ക് തിരികെയെത്താൻ (Recovery) സാധിക്കുമെന്നും രതീഷ് കണ്ണങ്കര പറഞ്ഞു.
മ്യൂച്വൽ ഫണ്ടുകളുടെ ദീർഘകാല പ്രകടനത്തെയും മൊത്തം ആദായത്തെയും സ്വാധീനിക്കുന്ന രണ്ട് നിർണായക ഘടകങ്ങളാണ് എക്സ്പെൻസ് റേഷ്യോയും പോർട്ട്ഫോളിയോ ഓവർലാപ്പും. നിക്ഷേപകർ പലപ്പോഴും ഇവയുടെ പ്രാധാന്യം വേണ്ടവിധം പരിഗണിക്കാറില്ലെന്ന് അനീഷ് ചന്ദ്രൻ പറഞ്ഞു. ഒരു മ്യൂച്വൽ ഫണ്ട് സ്കീം നിഷ്കർഷിച്ചിട്ടുള്ളവിധം മാനേജ് ചെയ്യുന്നതിനായി ഫണ്ട് ഹൗസുകൾ നിക്ഷേപകരിൽ നിന്നും ഈടാക്കുന്ന വാർഷിക ചെലവാണ് എക്സ്പെൻസ് റേഷ്യോ. 1 ശതമാനവും 2 ശതമാനവും തമ്മിലുള്ള വ്യത്യാസം ചെറുതാണെന്ന് തോന്നാമെങ്കിലും 10 മുതൽ 15 വർഷം വരെയുള്ള ദീർഘകാല നിക്ഷേപങ്ങളിൽ ഇത് സമ്പത്ത് സൃഷ്ടിക്കുന്നതിനെ ഗണ്യമായി ബാധിക്കും. കുറഞ്ഞ ചിലവിൽ റിസ്കിന് ആനുപാതികമായ (റിസ്ക്-അഡ്ജസ്റ്റഡ്) പ്രകടനം നടത്തുന്ന ഫണ്ടുകൾ തിരഞ്ഞെടുക്കാൻ നിക്ഷേപകർ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു നിക്ഷേപകൻ നിലവിൽ കൈവശം വെച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലെ ഓഹരികളും പുതിയതായി തിരഞ്ഞെടുക്കാൻ പരിഗണിക്കുന്ന മ്യൂച്വൽ ഫണ്ടിലെ ഓഹരികളും തമ്മിലുള്ള പൊരുത്തം (Portfolio Overlap) പരിശോധിക്കേണ്ടത് ആവശ്യമാണ്. പോർട്ട്ഫോളിയോ ഓവർലാപ്പ് 20-30 ശതമാനത്തിന് മുകളിലാണെങ്കിൽ, ഒരേ ഓഹരികളിൽ തന്നെയാണ് വ്യത്യസ്ത ഫണ്ടുകൾ വഴി നിക്ഷേപം നടക്കുന്നത് എന്ന് മനസ്സിലാക്കാം. ഇത് നിക്ഷേപത്തിന്റെ വൈവിധ്യവത്കരണത്തിലൂടെ ലഭിക്കേണ്ട റിസ്ക് ലഘൂകരണമെന്ന പ്രധാന ഗുണത്തെ ഇല്ലാതാക്കുന്നുവെന്നും അനീഷ് ചന്ദ്രൻ കൂട്ടിച്ചേർത്തു.
മ്യൂച്വൽ ഫണ്ട് താരതമ്യങ്ങളുടെ യഥാർത്ഥ ലക്ഷ്യം വിപണിയിലെ ഏറ്റവും ഉയർന്ന റിട്ടേൺ നൽകുന്ന ഫണ്ട് കണ്ടെത്തുക എന്നതല്ല; മറിച്ച്, ആ റിട്ടേണുകൾ കൃത്യമായ നിക്ഷേപ നയങ്ങളിലൂടെ എത്രത്തോളം സ്ഥിരതയോടെയും സുരക്ഷിതമായും നേടിയെടുത്തു എന്ന് വസ്തുതാപരമായി മനസ്സിലാക്കുക എന്നതാണ്. കേവലം പഴയകാല നേട്ടക്കണക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഓരോ ഫണ്ടിന്റെയും റിസ്ക് ഘടനയും പ്രവർത്തന ചെലവുകളും വിശകലനം ചെയ്യേണ്ടതുണ്ട്. സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങളുമായി പൂർണമായി പൊരുത്തപ്പെടുന്നതും സുതാര്യമായ പ്രവർത്തന ശൈലിയുള്ളതുമായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് ദീർഘകാലാടിസ്ഥാനത്തിലുള്ള സമ്പത്ത് രൂപീകരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും അടിസ്ഥാനമെന്നാണ് വിദഗ്ധർ പറഞ്ഞുവെക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine