സ്ഥിരനിക്ഷേപത്തെ (എഫ്.ഡി) ആശ്രയിക്കുന്നവര്‍ക്കായി 'അമൃത് കലശ്' റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് പദ്ധതി പുനരവതരിപ്പിച്ച് എസ്.ബി.ഐ. 400 ദിവസമാണ് നിക്ഷേപ കാലാവധി. ഏപ്രില്‍ 12ന് പ്രാബല്യത്തില്‍ വന്ന പദ്ധതിയില്‍ ചേരാന്‍ ജൂണ്‍ 30 വരെ സമയമുണ്ട്. സാധാരണ പൗരന്മാര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനവുമാണ് പലിശ വാഗ്ദാനം.
കഴിഞ്ഞ ഫെബ്രുവരി 15നാണ് എസ്.ബി.ഐ ആദ്യമായി 'അമൃത് കലശ്' സ്ഥിരനിക്ഷേപ പദ്ധതി അവതരിപ്പിച്ചത്. മാര്‍ച്ച് 31 വരെയായിരുന്നു ചേരാനുള്ള സമയം. സ്ഥിരനിക്ഷേപത്തിന് സ്വീകാര്യത വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് പദ്ധതി വീണ്ടും കൊണ്ടുവന്നത്.
വായ്പാ സൗകര്യവും
രണ്ട് കോടി രൂപയില്‍ താഴെ വരെയുള്ള എന്‍.ആര്‍.ഐ റുപ്പി ടേം ഡെപ്പോസിറ്റ്‌സ് ഉള്‍പ്പെടെയുള്ള ഡൊമസ്റ്റിക് റീട്ടെയില്‍ ടേം ഡെപ്പോസിറ്റുകള്‍ അമൃത് കലശില്‍ നടത്താം. മാസം, ത്രൈമാസം, അര്‍ദ്ധവാര്‍ഷികം എന്നിങ്ങനെ പലിശ നേടാന്‍ ഓപ്ഷനുകളുണ്ട്. പലിശ വരുമാനത്തിന് സ്രോതസ്സില്‍ നിന്നുള്ള നികുതി (ടി.ഡി.എസ്) ബാധകമാണ്. കാലാവധിക്ക് മുമ്പേ അമൃത് കലശില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. ലോക്ക്-ഇന്‍ കാലാവധി ഇല്ല. അമൃത് കലശ് നിക്ഷേപത്തിന്മേല്‍ വായ്പ നേടാനുള്ള സൗകര്യവും എസ്.ബി.ഐ ലഭ്യമാക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine