സെബി നിർദ്ദേശിച്ച പുതിയ മ്യൂച്വൽ ഫണ്ട് പി.എം.എസ് സംവിധാനം 25 ലക്ഷം രൂപ മുതൽ നിക്ഷേപം അനുവദിച്ച്, ഡയറക്ട് റൂട്ടിലൂടെ മാത്രം പ്രവർത്തിക്കുന്നതിലൂടെ ഇടനിലക്കാരുടെ കമ്മീഷൻ ഒഴിവാക്കി ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. ഡയറക്ട് പ്ലാൻ, ഇ.ടി.എഫ്, എസ്.ഐ.എഫ് എന്നിവയിൽ മാത്രം നിക്ഷേപിക്കാൻ അനുവാദമുള്ള ഈ സംവിധാനം ഉയർന്ന റിസ്ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകരെ ലക്ഷ്യമിടുന്നു.
രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) പോർട്ട്ഫോളിയോ മാനേജ്‌മെന്റ് സർവീസസ് (PMS) മേഖലയിൽ വലിയൊരു മാറ്റത്തിന് തിരികൊളുത്തുന്നു. മ്യൂച്വൽ ഫണ്ടുകളിൽ മാത്രം നിക്ഷേപം നടത്തുന്ന പുതിയൊരു വിഭാഗം പോർട്ട്ഫോളിയോ മാനേജ്‌മെന്റ് സേവനമാണ് (MF-PMS) സെബി നിർദ്ദേശിച്ചിരിക്കുന്നത്.
എന്നാൽ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത കുറഞ്ഞ നിക്ഷേപ പരിധിയേക്കാൾ, ഇത് 'ഡയറക്ട് റൂട്ട്' (Direct Route) വഴി മാത്രം ലഭ്യമാക്കുന്നു എന്നതാണ്. അതായത്, പരമ്പരാഗത മ്യൂച്വൽ ഫണ്ട് വിതരണക്കാരെ (MF Distributors) പൂർണമായും ഒഴിവാക്കിയുള്ള സേവനമാണ് സെബി ആവിഷ്കരിച്ചിരിക്കുന്നത്.
വ്യക്തിഗത ഓഹരികളിലോ ബോണ്ടുകളിലോ നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം, മ്യൂച്വൽ ഫണ്ടുകളിലൂടെ മാത്രം പ്രൊഫഷണൽ രീതിയിൽ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിഗത നിക്ഷേപകരെ ഉദ്ദേശിച്ചാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ചെറിയ തുകയിൽ തുടക്കം: നിലവിലുള്ള പി.എം.എസ് പദ്ധതികളിൽ നിക്ഷേപിക്കാനായി കുറഞ്ഞത് 50 ലക്ഷം രൂപ വേണം. എന്നാൽ പുതിയ മ്യൂച്വൽ ഫണ്ട് - പി.എം.എസ് പദ്ധതിയിൽ നിക്ഷേപ പരിധി 25 ലക്ഷം രൂപയായി കുറച്ചു.
ലളിതമായ ലൈസൻസിംഗ്: പി.എം.എസ് സേവനം നൽകുന്ന സ്ഥാപനങ്ങൾക്ക് നിലവിലുള്ള 5 കോടി രൂപയ്ക്ക് പകരം 2 കോടി രൂപയുടെ മിനിമം ആസ്തിയുണ്ടെങ്കിലും (Net worth) മതിയെന്ന ഇളവും നൽകിയിട്ടുണ്ട്.
മ്യൂച്വൽ ഫണ്ട് ഡയറക്ട് പ്ലാനുകൾ മാത്രം: ഈ സ്കീമിന് കീഴിൽ ഫണ്ട് മാനേജർമാർക്ക് ഡയറക്ട് മ്യൂച്വൽ ഫണ്ട് പ്ലാനുകൾ, ഇ.ടി.എഫുകൾ (ETFs), സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ (SIFs) എന്നിവയിൽ മാത്രമേ നിക്ഷേപിക്കാൻ അനുവാദമുള്ളൂ.
ചെലവുകൾക്ക് പരിധി: പോർട്ട്ഫോളിയോ മാനേജ്‌മെന്റിന്റെ ഫിക്‌സഡ് ഫീസ് ആകെ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ (AUM) 2.5 ശതമാനത്തിൽ കവിയാൻ പാടില്ല. കൂടാതെ, നിക്ഷേപകർക്ക് ഇരട്ട എക്സിറ്റ് ലോഡ് ഭാരം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ ആളുകൾക്ക് നിക്ഷേപിക്കാൻ സാധിക്കുന്നു എന്നതിലുപരിയായി മ്യൂച്വൽ ഫണ്ട് - പി.എം.എസ് പദ്ധതിയുടെ വിതരണ രീതിയിലെ സവിശേഷതയാണ്, സെബി അംഗീകൃത ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ ആയ ബാലചന്ദ്രൻ വിശ്വറാം (SEBI Registration No: INA000021757) ചൂണ്ടിക്കാണിക്കുന്നത്.
"ഉയർന്ന റിസ്ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകരെ ലക്ഷ്യമിട്ടാണ് ഈ ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് 'ഡയറക്ട് റൂട്ട്' വഴി മാത്രം ലഭ്യമാകുന്നതിനാൽ, പരമ്പരാഗത മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാർക്ക് (ARN ഹോൾഡർമാർ) ഇത് വിൽക്കാനോ സേവനം നൽകാനോ സാധിക്കില്ല. സെബിയുടെ അംഗീകാരമുള്ള അഡ്വൈസർമാർ, റിസർച്ച് അനലിസ്റ്റുകൾ, പോർട്ട്ഫോളിയോ മാനേജർമാർ, ബ്രോക്കർമാർ എന്നിവർക്ക് മാത്രമേ ഈ സേവനം നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യാൻ അനുമതിയുള്ളൂ. ഇടനിലക്കാരുടെ കമ്മീഷൻ ഒഴിവാക്കി നിക്ഷേപ ചെലവ് കുറയ്ക്കുകയും അതിന്റെ ആനുകൂല്യം മെച്ചപ്പെട്ട റിട്ടേണായി (Returns) നിക്ഷേപകന് ലഭിക്കുന്നതിനുമാണ് സെബി ഇതിലൂടെ ലക്ഷ്യമിടുന്നത്," ബാലചന്ദ്രൻ വിശ്വറാം പറഞ്ഞു.
മ്യൂച്വൽ ഫണ്ട് വിതരണവും മ്യൂച്വൽ ഫണ്ട് - പി.എം.എസ് സേവനവും ഒരുമിച്ച് നടത്തുന്ന സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ, അവ രണ്ടും തമ്മിൽ വ്യക്തമായ വേർതിരിവ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് സെബി നിർദ്ദേശിക്കുന്നു. ഒരേ ഉപഭോക്താവിന് തന്നെ, കമ്മീഷൻ ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീം വിതരണം ചെയ്യുകയും അതിനോടൊപ്പം മ്യൂച്വൽ ഫണ്ട് - പി.എം.എസ് പദ്ധതിയുടെ ക്ലയന്റ് ആയിട്ടുള്ള സേവനവും ഒരുമിച്ച് നൽകാൻ പാടില്ലെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിൽ പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ നിർദ്ദേശം, ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമായിരിക്കും അന്തിമമായി നടപ്പിലാക്കുക. കുറഞ്ഞ ചെലവിൽ, സുതാര്യമായി, മ്യൂച്വൽ ഫണ്ടുകളിലൂടെ പ്രൊഫഷണൽ പോർട്ട്ഫോളിയോ മാനേജ്‌മെന്റ് ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഇതൊരു മികച്ച അവസരമായിരിക്കും എന്നാണ് വിലയിരുത്തൽ.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ സ്കീമിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine