canva
Personal Finance

റിസ്ക് കുറവുള്ള മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ എന്തൊക്കെ?

വിപണിബന്ധിത ചാഞ്ചാട്ടങ്ങളിൽ നിന്നും മാറിനിൽക്കുന്നതും സ്ഥിരവരുമാനം നൽകാൻ ശേഷിയുള്ളതും മൂലധനത്തിന് സംരക്ഷണം നൽകുന്നതുമായ നിക്ഷേപ മാർ​ഗങ്ങളെയാണ് ലോ റിസ്ക് മ്യൂച്വൽ ഫണ്ടുകൾ ആശ്രയിക്കുന്നത്.

Dhanam News Desk

നിക്ഷേപത്തിന്റെ മൂല്യം ഇടിയാനുള്ള സാധ്യത (Downside Risk) കുറയ്ക്കുന്നതിനായി സ്ഥിരവരുമാനം നൽകുന്ന ദീർഘകാല സർക്കാർ കടപ്പത്രങ്ങളിലും കോർപറേറ്റ് ബോണ്ടുകളിലും (Debt Instruments) അതുപോലെ ഹ്രസ്വകാല മണി മാർക്കറ്റ് ഉപാധികളായ ട്രഷറി ബിൽ, കൊമേഷ്യൽ പേപ്പർ, സർട്ടിഫിക്കേറ്റ് ഓഫ് ഡിപ്പോസിറ്റ് തുടങ്ങിയവയ്ക്കുമൊക്കെ പ്രാമുഖ്യം നൽകി നിക്ഷേപിക്കുന്ന മൂച്വൽ ഫണ്ടുകളെയാണ് ലോ റിസ്ക് (Low risk) അഥവാ റിസ്ക് കുറവുള്ള മ്യൂച്വൽ ഫണ്ടുകളെന്ന് വിശേഷിപ്പിക്കുന്നത്.

ചുരുക്കത്തിൽ വിപണിബന്ധിത ചാഞ്ചാട്ടങ്ങളിൽ നിന്നും മാറിനിൽക്കുന്നതും സ്ഥിരവരുമാനം നൽകാൻ ശേഷിയുള്ളതും മൂലധനത്തിന് സംരക്ഷണം നൽകുന്നതുമായ നിക്ഷേപ മാർ​ഗങ്ങളെയാണ് ലോ റിസ്ക് മ്യൂച്വൽ ഫണ്ടുകൾ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സ്കീമുകളുടെ എൻഎവി (NAV) വലിയ തോതിലുള്ള പ്രതിദിന ചാഞ്ചാട്ടം കാണാനാകില്ലെന്ന് സാരം.

അതേസമയം ലോ റിസ്ക് എന്നതുകൊണ്ട് യാതൊരു തരത്തിലും തിരിച്ചടിയുണ്ടാകില്ലെന്ന് കരുതരുത്. പലിശ നിരക്കിലെ മാറ്റങ്ങൾ, ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തിന്റെ ക്രെഡിറ്റ് ക്വാളിറ്റി, റീഇൻവെ​സ്റ്റ്മെന്റ് റിസ്ക് തുടങ്ങിയ കാരണങ്ങളാൽ ആദായത്തിന്റെ നിരക്കിലും മാറ്റംവരാം. എന്നാൽ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപങ്ങളിലേതു പോലെയുള്ള ചാഞ്ചാട്ടത്തിന്റെ തീവ്രത ഇവിടെയുണ്ടാകില്ല എന്നുമാത്രം. പ്രധാനപ്പെട്ട ലോ റിസ്ക് മ്യൂച്വൽ ഫണ്ട് വിഭാ​ഗങ്ങളുടെ വിശദാംശം ചുവടെ ചേ‌ർക്കുന്നു.

1. ലിക്വിഡ് ഫണ്ട്:

ഏറ്റവും കുറഞ്ഞ റിസ്ക് സാധ്യതയുള്ള മ്യൂച്വൽ ഫണ്ടാണിത്. ആദായം ലക്ഷ്യമിട്ടുള്ള നിക്ഷേപം എന്നതിനേക്കാൾ പണം സൂക്ഷിക്കാനുള്ള മാർ​ഗമെന്ന നിലയിലാണ് പൊതുവേ ലിക്വിഡ് ഫണ്ടുകളെ പരി​ഗണിക്കുന്നത്. ട്രഷറി ബിൽ, സർട്ടിഫിക്കേറ്റ് ഓഫ് ഡിപ്പോസിറ്റ് (CD), 91 ദിവസം വരെയുള്ള കൊമേഷ്യൽ പേപ്പർ (CP) തുടങ്ങിയ ഹ്രസ്വകാല മണി മാർക്കറ്റ് ഉപാധികളിലാണ് ലിക്വിഡ് ഫണ്ടുകൾ നിക്ഷേപിക്കുന്നത്.

വിപണിയിൽ അസ്ഥിരത തലപൊക്കുന്ന വേളയിൽ കൈവശമിരിക്കുന്ന അധിക മൂലധനം സൂക്ഷിക്കുന്നതിനുള്ള താരതമ്യേന സുരക്ഷിത മാർ​​ഗവും പരമ്പരാ​ഗത സേവിങ്സ് അക്കൗണ്ടിനേക്കാളും ഉയർന്ന ആദായവും ഇതു നൽകുന്നു. എമർജൻസി ഫണ്ട് സൂക്ഷിക്കുന്നതിനും പോർട്ട്ഫോളിയോ ലിക്വിഡിറ്റി മാനേജ്മെന്റിനും ലിക്വിഡ് ഫണ്ടുകൾ സഹായിക്കുന്നു.

2. അൾട്രാ-ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ:

ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിലെ (Debt mutual funds) പ്രധാനപ്പെട്ടൊരു ഉപവിഭാ​ഗമാണിത്. ലിക്വിഡ് ഫണ്ടുകളേക്കാളും ഇത്തിരികൂടി റിസ്ക് സാധ്യതയുണ്ട്. എന്നിരുന്നാലും താരതമ്യേന യാഥാസ്ഥിതികമായൊരു റിസ്ക് പ്രൊഫൈൽ ആണ് അൾട്രാ-ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ നിലനിർത്തുന്നത്. ഹ്രസ്വകാലയളവിലേക്കുള്ള നിക്ഷേപമായതിനാൽ പലിശ നിരക്ക് മാറ്റത്തിന്റെ സ്വാധീനം കുറവായതിനാൽ എൻഎവി (NAV) മൂല്യത്തിലുള്ള ചാഞ്ചാട്ടവും കുറവായിരിക്കും.

3. ബാങ്കിങ് & പി.എസ്.യു ​ഡെറ്റ് ഫണ്ട്:

പൊതുമേഖല കമ്പനികളും ബാങ്കുകളും സർക്കാ‌ർ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പുറത്തിറക്കുന്ന കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണിത്. ഇവിടെ കടപ്പത്രം പുറത്തിറക്കുന്ന സ്ഥാപനങ്ങളുടെ ശക്തമായ ക്രെഡിറ്റ് പ്രൊഫൈൽ (സർക്കാർ പിന്തുണ) കാരണമാണ് ഇത്തരം ഫണ്ടുകളെ താഴ്ന്ന റിസ്ക്കുള്ളവയായി കണക്കാക്കുന്നത്. ഒരു പോർട്ട്ഫോളിയോ കെട്ടിപ്പടുക്കുമ്പോൾ ബാങ്കിങ് & പി.എസ്.യു ​ഡെറ്റ് ഫണ്ടുകളെ ഉൾപ്പെടുത്തുന്നതിലൂടെ താരതമ്യേന കുറഞ്ഞ ഡിഫോൾട്ട് റിസ്കിൽ (Default risk) സ്ഥിരവരുമാനം ഉറപ്പുവരുത്താനും സഹായിക്കുന്നു.

4. കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ട്:

സഞ്ചിത നിക്ഷേപത്തിന്റെ ബഹുഭൂരിപക്ഷവും സുരക്ഷിത കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി വിന്യസിക്കുകയും ബാക്കിയുള്ള ചെറിയൊരു നിക്ഷേപ വിഹിതം ഓഹരിയിലും നിലനിർത്തുന്ന മ്യൂച്വൽ ഫണ്ടുകളാണിത്. സാധാരണയായി 75 മുതൽ 90 ശതമാനം വരെ ബോണ്ടുകളിലും 10 മുതൽ 25 ശതമാനം വരെ ഓഹരികളിലുമായാണ് നിക്ഷേപിക്കുന്നത്. അതിനാൽ മിതമായ റിസ്ക് സാധ്യതയാണ് കൺസർവേറ്റീവ് ഹൈബ്രിഡ് ഫണ്ടുകളിലുള്ളത്. ചുരുക്കത്തിൽ കടപ്പത്രങ്ങളിലൂടെ സ്ഥിരതയും ക്രമാനു​ഗതവുമായ വരുമാനവും ഓഹരിയിലൂടെ പണപ്പെരുപ്പത്തെ മറികടക്കാനുള്ള ഊർജം സമ്മാനിക്കാനുമാണ് ഇത്തരം ഫണ്ടുകൾ ശ്രമിക്കുന്നതെന്ന് സാരം.

ശ്രദ്ധിക്കേണ്ട ഘടകങ്ങൾ

തങ്ങളുടെ സാമ്പത്തികലക്ഷ്യം എന്താണെന്നും അത് നേടിയെടുക്കാൻ നിശ്ചയിച്ചിട്ടുള്ള കാലയളവും റിസ്ക് എടുക്കാനുള്ള ശേഷിയും അടിസ്ഥാനമാക്കിയാകണം ഏത് തരം മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കണമെന്ന് നിക്ഷേപകൻ തീരുമാനിക്കേണ്ടത്. ഹ്രസ്വകാല ആവശ്യകതയെ മുൻനിർത്തി മാത്രം പലിശ നിരക്കിൽ സംഭവിക്കാവുന്ന മാറ്റങ്ങളെ അവ​ഗണിക്കുകയും ചെയ്യരുത്. അതുപോലെ കൈവശമുള്ള പോർട്ട്ഫോളിയോയുടെ ക്വാളിറ്റിയും നിർണായകമാണ്.

അടിസ്ഥാനപരമായി മികച്ച സെക്യൂരിറ്റികൾ ഉൾപ്പെട്ട ഫണ്ടുകളാണ് കൈവശമുള്ളതെങ്കിൽ തിരിച്ചടി നേരിടാനുള്ള സാധ്യതയും താഴ്ത്തുന്ന ഘടകമാണ്. അതുപോലെ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപകരുടെ വരുമാന സ്ലാബിന് വിധേയമായ ആദായ നികുതി ബാധ്യത കൂടിയുള്ളതിനാൽ പരമ്പരാ​ഗത സ്ഥിരനിക്ഷേപങ്ങളുമായി തട്ടിച്ചുനോക്കിയശേഷം തീരുമാനം എടുക്കുന്നതാകും ഉചിതം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT