Image courtesy: Canva
Personal Finance

റിട്ടയര്‍മെന്റിന് ശേഷം മാസംതോറും കൃത്യമായ വരുമാനം വേണോ? ആന്വിറ്റി പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

60 വയസ് കഴിഞ്ഞോ? റിട്ടയർമെന്റ് ഫണ്ട് ചോരാതിരിക്കാന്‍ അനുയോജ്യമായ ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കാം

Dhanam News Desk

പി. അനില്‍ കുമാര്‍

ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച തുക വിരമിച്ച ശേഷം സുരക്ഷിതമായി നിക്ഷേപിക്കാനും മാസംതോറും കൃത്യമായ വരുമാനം ഉറപ്പാക്കാനും പലരും കൂടുതല്‍ ആശ്രയിക്കുന്നത് ആന്വിറ്റി റിട്ടയർമെന്റ് പ്ലാനുകളെയാണ് (Annuity Retirement Plans). വലിയൊരു തുക ഇന്‍ഷുറന്‍സ് കമ്പനിയില്‍ അടച്ചാല്‍ അവര്‍ ജീവിതകാലം മുഴുവനോ, ഒരു നിശ്ചിത കാലയളവിലേക്കോ നമുക്ക് പെന്‍ഷന്‍ നല്‍കുന്ന സാമ്പത്തിക കരാറാണിത്.

എന്നാല്‍ ആന്വിറ്റി പ്ലാനുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ കമ്പനികള്‍ കാണിക്കുന്ന ഉയര്‍ന്ന പെന്‍ഷന്‍ നിരക്കുകള്‍ മാത്രം നോക്കിയാല്‍ പോര. പണപ്പെരുപ്പവും ഒളിഞ്ഞിരിക്കുന്ന വിവിധ തരം ചെലവുകളും നിങ്ങളുടെ റിട്ടയർമെന്റ് വരുമാനത്തെ എങ്ങനെ ബാധിക്കുമെന്ന് കൂടി കൃത്യമായി അറിഞ്ഞിരിക്കണം.

60 വയസില്‍ വിരമിച്ച ശേഷം ഒരാള്‍ക്ക് ലഭിക്കുന്ന തുക തന്നെയാണ് 10 വര്‍ഷം കഴിഞ്ഞാലും പെന്‍ഷനായി ലഭിക്കുക. അപ്പോഴേക്കും ജീവിതച്ചെലവ് വര്‍ധിക്കുകയും പണപ്പെരുപ്പം കാരണം പെന്‍ഷന്‍ തുകയുടെ യഥാര്‍ത്ഥ വാങ്ങല്‍ ശേഷി പകുതിയാകുകയും ചെയ്യും.

ഇത്തരം ഘട്ടങ്ങളില്‍ നിങ്ങള്‍ ചിന്തിക്കേണ്ടത് ഇങ്ങനെയാണ്: ഓരോ വര്‍ഷവും വിലക്കയറ്റത്തിന് അനുസരിച്ച് പെന്‍ഷന്‍ തുകയും ചെറുതായി വര്‍ധിപ്പിക്കേണ്ടതുണ്ട്.

ആന്വിറ്റി പ്ലാനിന്റെ 2 ഘട്ടങ്ങള്‍

  1. അക്യുമുലേഷന്‍ ഫേസ്: ജോലി ചെയ്യുന്ന കാലയളവില്‍ തവണകളായോ, ഒറ്റത്തവണയായോ പണം നിക്ഷേപിച്ച് ഒരു വലിയ റിട്ടയര്‍മെന്റ് ഫണ്ട് കെട്ടിപ്പടുക്കുന്ന സമയം.

  2. പേഔട്ട് ഫേസ്/ആന്വിറ്റൈസേഷന്‍: വിരമിച്ച ശേഷം ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ (മാസത്തിലോ, പാദ വാര്‍ഷികമായോ, വര്‍ഷത്തിലോ) പെന്‍ഷന്‍ തുക ലഭിച്ചുതുടങ്ങുന്ന ഘട്ടം.

പ്രധാനപ്പെട്ട ആന്വിറ്റി പ്ലാനുകള്‍

  • ഇമ്മീഡിയറ്റ് ആന്വിറ്റി: ഒറ്റത്തവണ തുക നിക്ഷേപിച്ച ഉടന്‍ പെന്‍ഷന്‍ ലഭിച്ചുതുടങ്ങുന്നു.

  • ഡിഫേര്‍ഡ് ആന്വിറ്റി: സമ്പാദ്യം വളരാന്‍ അനുവദിച്ചുകൊണ്ട്, ഭാവിയിലെ ഒരു നിശ്ചിത തീയതി മുതല്‍ (ഉദാ: അഞ്ച് അല്ലെങ്കില്‍ 10 വര്‍ഷത്തിന് ശേഷം) പെന്‍ഷന്‍ വാങ്ങുന്ന രീതി.

  • ഫിക്സഡ് ആന്വിറ്റി: വിപണിയിലെ മാറ്റങ്ങള്‍ ബാധിക്കാതെ ജീവിതകാലം മുഴുവന്‍ സ്ഥിരമായ വരുമാനം നല്‍കുന്നു.

  • വേരിയബിള്‍ ആന്വിറ്റി: വിപണിയിലെ ഇക്വിറ്റി, ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന പ്ലാന്‍.

    • ഉയര്‍ന്ന വളര്‍ച്ചാ സാധ്യത: വിപണി മുന്നേറുമ്പോള്‍ മികച്ച റിട്ടേണും ഉയര്‍ന്ന പെന്‍ഷനും ലഭിക്കും.

    • വിപണിയിലെ നഷ്ടസാധ്യത: വിപണിയില്‍ ഇടിവുണ്ടാകുമ്പോള്‍ പെന്‍ഷന്‍ തുക കുറയാന്‍ സാധ്യതയുണ്ട്.

    • പോര്‍ട്ട്ഫോളിയോ ക്രമീകരിക്കാം: സ്വന്തം റിസ്‌ക് ശേഷിക്കനുസരിച്ച് ഇക്വിറ്റി, ഡെബ്റ്റ് ഫണ്ടുകള്‍ക്കിടയില്‍ നിക്ഷേപം മാറ്റാന്‍ (Switching) അവസരമുണ്ട്.

പെന്‍ഷന്‍ പ്ലാനുകള്‍

സാധാരണ ഫിക്സഡ് പ്ലാനുകളില്‍ ജീവിതകാലം മുഴുവന്‍ ഒരേ തുക മാത്രം ലഭിക്കുമ്പോള്‍ ഇന്‍ക്രീസിങ് ആന്വിറ്റികളില്‍ പെന്‍ഷന്‍ തുക ഓരോ വര്‍ഷവും മുന്‍കൂട്ടി നിശ്ചയിച്ച നിരക്കില്‍ വര്‍ധിക്കും. ഇത് പ്രധാനമായും മൂന്ന് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്:

  1. നിശ്ചിത ശതമാന വര്‍ധന: ഓരോ വര്‍ഷവും മുന്‍കൂട്ടി നിശ്ചയിച്ച കൂട്ടുപലിശ നിരക്കില്‍ (ഉദാ: 3% അല്ലെങ്കില്‍ 5%) പെന്‍ഷന്‍ വര്‍ധിക്കുന്നു. (ഉദാ: ആദ്യവര്‍ഷം പ്രതിമാസം 10,000 രൂപ ലഭിച്ചാല്‍ 3% വര്‍ധനവില്‍ രണ്ടാം വര്‍ഷം 10,300 രൂപ, മൂന്നാം വര്‍ഷം 10,609 രൂപ എന്നിങ്ങനെ പെന്‍ഷന്‍ ഉയരും).

  2. ലളിതമായ വര്‍ധന: ആദ്യവര്‍ഷം ലഭിച്ച അടിസ്ഥാന പെന്‍ഷന്‍ തുകയെ മാത്രം ആസ്പദമാക്കി ഓരോ വര്‍ഷവും തുക വര്‍ധിക്കുന്നു.

  3. പണപ്പെരുപ്പവുമായി ബന്ധിപ്പിച്ച വര്‍ധന: രാജ്യത്തെ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് (CPI), അഥവാ യഥാര്‍ത്ഥ പണപ്പെരുപ്പ നിരക്കിന് അനുസരിച്ച് പെന്‍ഷന്‍ തുക ഉയരുന്നു (പോളസി നിബന്ധനകള്‍ക്ക് വിധേയമായി).

ഗുണങ്ങളും ദോഷങ്ങളും

  • ഗുണങ്ങള്‍: പാല്‍, ഇന്ധനം, ചികിത്സ എന്നിവക്ക് വില വര്‍ധിക്കുമ്പോഴും അതിനനുസരിച്ച് വരുമാനം ഉയരുന്നതിനാല്‍ ജീവിത നിലവാരം നിലനിര്‍ത്താം. 20-30 വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നവര്‍ക്ക് സാധാരണ പ്ലാനിനേക്കാള്‍ വന്‍ സാമ്പത്തിക ലാഭം നല്‍കും.

  • ദോഷങ്ങള്‍: ഇന്‍ഷുറന്‍സ് കമ്പനികള്‍ ഭാവിയിലെ വളര്‍ച്ച മുന്‍കൂട്ടി കണക്കാക്കുന്നതിനാല്‍ പ്ലാനിന്റെ തുടക്കത്തില്‍ സാധാരണ പ്ലാനിനേക്കാള്‍ 20% മുതല്‍ 25% വരെ കുറഞ്ഞ പെന്‍ഷന്‍ (ചില വിശകലനങ്ങള്‍ അനുസരിച്ച് 24%-46% വരെ കുറവ്) മാത്രമെ നല്‍കുകയുള്ളൂ. ഫിക്സഡ് പ്ലാനിനെ മറികടന്ന് ഈ പ്ലാന്‍ സാമ്പത്തികമായി ലാഭകരമാകാന്‍ 10 മുതല്‍ 15 വര്‍ഷം വരെ സമയമെടുക്കും.

ചെലവുകളും ചാര്‍ജുകളും

ആന്വിറ്റി പ്ലാനുകള്‍ എടുക്കുമ്പോള്‍ താഴെ പറയുന്ന ചെലവുകളും ചാര്‍ജുകളും പ്രത്യേകം മനസിലാക്കേണ്ടതുണ്ട്.

  • സറണ്ടര്‍ ചാര്‍ജുകള്‍.

  • മോര്‍ട്ടാലിറ്റി ആന്‍ഡ് എക്സ്പെന്‍സ് റിസ്‌ക് ചാര്‍ജുകള്‍.

  • ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജുകള്‍.

  • പോളിസി അഡ്മിനിസ്ട്രേഷന്‍ ഫീസുകള്‍.

  • പേഔട്ട് ഫ്രീക്വന്‍സി അഡ്ജസ്റ്റ്മെന്റ്.

  • റൈഡര്‍ ചാര്‍ജുകള്‍.

  • നികുതിയും ജിഎസ്ടിയും.

ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം?

  • സ്റ്റാന്റേര്‍ഡ് ഫിക്സഡ് പ്ലാന്‍: റിട്ടയര്‍മെന്റിന് തൊട്ടു പിന്നാലെ പരമാവധി മാസാമാസ വരുമാനം ആവശ്യമുള്ളവര്‍ക്കും മറ്റ് സാമ്പത്തിക നിക്ഷേപങ്ങള്‍ (FD, Mutual Fund) ഉള്ളവര്‍ക്കും അനുയോജ്യം.

  • വര്‍ധിച്ചുവരുന്ന പ്ലാന്‍ (Increasing Annuity): ചെറിയ പ്രായത്തില്‍ വിരമിക്കുന്നവര്‍ക്കും റിട്ടയര്‍മെന്റിന് ശേഷം 20 വര്‍ഷത്തിലധികം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളവര്‍ക്കും പണപ്പെരുപ്പത്തെ ചെറുക്കാന്‍ മികച്ചത്.

  • വേരിയബിള്‍ പ്ലാന്‍ (Variable Annuity): ഉയര്‍ന്ന ഫീസുകള്‍ നല്‍കിയാലും വിപണിയിലെ സാമ്പത്തിക നേട്ടം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന റിസ്‌ക് എടുക്കാന്‍ മടിക്കാത്ത നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാം.

ആന്വിറ്റി പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പെന്‍ഷന്‍ നിരക്കുകള്‍ മാത്രം നോക്കാതെ അതില്‍ വരുന്ന സറണ്ടര്‍ ചാര്‍ജ്, അഡ്മിനിസ്ട്രേറ്റീവ് ഫീസുകള്‍, നികുതി ബാധ്യതകള്‍ എന്നിവ കൃത്യമായി വായിച്ച് മനസിലാക്കുക. അടിയന്തര ആവശ്യങ്ങള്‍ക്കായി ബാങ്ക് ഡെപ്പോസിറ്റുകളിലോ, ലിക്വിഡ് ഫണ്ടുകളിലോ തുക മാറ്റിനിര്‍ത്തിയ ശേഷം മാത്രം ബാക്കി പണം ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കാന്‍ നോക്കുക.

ലേഖകന്‍ കേരള ഗവണ്‍മെന്റ് ധനകാര്യ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയാണ്.

ശ്രദ്ധിക്കുക, ഈ ലേഖനത്തിലെ വിവരങ്ങള്‍ പൊതുവായ അറിവിന് മാത്രമായി നല്‍കിയിട്ടുള്ളതാണ്. ഇവ സാമ്പത്തിക ശുപാര്‍ശകളല്ല.

(ധനം മാഗസീന്‍ 2026 നവംബര്‍ 31 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

A practical guide to choosing the right annuity plan after 60 while accounting for inflation, fees, and liquidity needs.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT