പണം സമ്പാദിക്കാന്‍ നിയമസാധുതയുള്ള ഏഴ് മാര്‍ഗങ്ങളാണ് പ്രധാനമായും നിലവിലുള്ളത്.
1. ശമ്പള വരുമാനം.
2. സ്വയം തൊഴില്‍ വരുമാനം/ലാഭ വരുമാനം.
3. പലിശ വരുമാനം.
4. വാടക വരുമാനം.
5. മൂലധന നേട്ട വരുമാനം.
6. ഡിവിഡന്റ് വരുമാനം.
7. റോയല്‍റ്റി വരുമാനം.
അതിസമ്പന്നരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ക്ക് ഇങ്ങനെ ബഹുവിധ വരുമാന മാര്‍ഗങ്ങളുണ്ടാകും. സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഈ ഏഴ് വരുമാന മാര്‍ഗങ്ങള്‍ തുറന്നിരിക്കണം.
ഏതൊക്കെയാണ് ആ ഏഴ് വരുമാനമാര്‍ഗങ്ങള്‍ എന്ന് വിശദമായി നോക്കാം.
1. ശമ്പള വരുമാനം: വരുമാനമുണ്ടാക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണിത്. ഇതിന് ആരുടെയെങ്കിലും കീഴില്‍ ഒരു ജോലി കണ്ടെത്തുക മാത്രം മതി. നിങ്ങള്‍ക്കൊരു വൈദഗ്ധ്യം തീര്‍ച്ചയായും വേണം. ആ കഴിവ് വെച്ച് ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് പകരമായി നിങ്ങള്‍ക്ക് പണം ലഭിക്കുന്നത്. നിങ്ങള്‍ക്ക് വൈദഗ്ധ്യം കൂടുതലാണോ, അത്രയും കൂടുതല്‍ വരുമാനവുമുണ്ടാകും. ജോലിക്കാരാകുമ്പോള്‍ മാസം കിട്ടുന്ന വരുമാനത്തില്‍ സ്ഥിരത പ്രതീക്ഷിക്കാം. നിങ്ങളുടെ തൊഴിലുടമ വിപണിയെ പോലെ വളര്‍ന്നില്ലെങ്കില്‍ നിങ്ങളെ പിരിച്ചുവിട്ടേക്കാം എന്നതാണ് ഇതിലെ പ്രശ്‌നം.
2. സ്വയം തൊഴില്‍ വരുമാനം/ലാഭ വരുമാനം: നിങ്ങള്‍ ഒരു സാധനം 10 രൂപയ്ക്ക് വാങ്ങി 15 രൂപയ്ക്ക് വിറ്റാല്‍ അഞ്ച് രൂപ ലാഭമാണ്. അതാണ് ലാഭ വരുമാനം. ഒരു സ്വയം തൊഴില്‍ നടത്തുകയാണെങ്കിലും ലഭിക്കുന്നത് ലാഭ വരുമാനമാകും. ഒരു നെല്‍ കര്‍ഷകനെ എടുത്താല്‍, 80 രൂപ ചെലവില്‍ ഉല്‍പ്പാദിപ്പിച്ച നെല്ല് 100 രൂപയ്ക്ക് വില്‍പ്പന നടത്തിയാല്‍ 20 രൂപ ലാഭ വരുമാനമാണ്. ഒരു മാസ ശമ്പളക്കാരനേക്കാള്‍ കൂടുതല്‍ റിസ്‌കാണ് സ്വയം തൊഴിലുകാരനും ബിസിനസ് ഉടമകളും എടുക്കുന്നത്. ബിസിനസ് നന്നായി പോയാല്‍ പണം കിട്ടും. അല്ലെങ്കില്‍ പട്ടിണിയാകും.
3.പലിശ വരുമാനം: ഇതിനെക്കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ടാകും. നമ്മുടെ കയ്യിലുള്ള പണം ബാങ്കിലോ മറ്റോ നിക്ഷേപിച്ചാല്‍ നിശ്ചിത തുക പലിശ വരുമാനമായി ലഭിക്കും. നിക്ഷേപിച്ച പണം പൂര്‍ണമായും പിന്‍വലിച്ചാല്‍ പലിശയും നിലയ്ക്കും.
4. വാടക വരുമാനം: നിങ്ങളുടെ വീടോ, അല്ലെങ്കില്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമോ വാടകയ്ക്ക് നല്‍കിയാല്‍ ലഭിക്കുന്ന വരുമാനം. വീടായാലും വാണിജ്യാവശ്യത്തിനുള്ള കെട്ടിടമായാലും അത് ആദ്യം നിങ്ങള്‍ കെട്ടിയുണ്ടാക്കിയിരിക്കണം. ശമ്പള വരുമാനമോ ലാഭ വരുമാനമോ കൊണ്ടാവാം ഇത് കെട്ടിപ്പടുത്തിരിക്കുക. വാടക വരുമാനത്തില്‍ നിന്നുള്ള നേട്ടം കടമെടുത്ത് കെട്ടിപ്പടുത്ത വീടോ/കെട്ടിടമോ ആണ് വാടകയ്ക്ക് നല്‍കുന്നതെങ്കില്‍ അതില്‍ നിന്നുള്ള വരുമാനം നെഗറ്റീവാകാനുള്ള എല്ലാ സാധ്യതയുമുണ്ട്.
5. മൂലധന നേട്ട വരുമാനം: വാങ്ങിയ വിലയേക്കാള്‍ കൂടിയ വിലയില്‍ ഒരു ആസ്തി വില്‍ക്കുമ്പോള്‍ കിട്ടുന്ന നേട്ടമാണിത്. ശമ്പളത്തില്‍ നിന്നോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്രോതസില്‍ നിന്നോ കിട്ടുന്ന വരുമാനം വെച്ച് ആദ്യം വാങ്ങിയിട്ട ആസ്തിയാണ് ഇത്തരത്തില്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണം എന്നിവയെല്ലാം ഇത്തരത്തിലുള്ള ആസ്തികളായി കണക്കാക്കാം. അതുകൊണ്ടാണ് ഇവ വില്‍ക്കുമ്പോള്‍ ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്‌സ് സ്റ്റേറ്റ്‌മെന്റ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.
6. ഡിവിഡന്റ് വരുമാനം: നിങ്ങള്‍ ഒരു ബിസിനസിന്റെ പങ്കാളിയാണെങ്കില്‍ ലഭിക്കുന്നതാണ് ഡിവിഡന്റ് വരുമാനം. നിങ്ങള്‍ ആ ബിസിനസില്‍ സജീവ പങ്കാളിത്തം വഹിക്കണമെന്നുമില്ല. ഉദാഹരണത്തിന് യൂണിലിവര്‍ കമ്പനിയുടെ 1000 ഓഹരികള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ കമ്പനി കാലാകാലങ്ങളില്‍ നല്‍കുന്ന ഡിവിഡന്റ് നിങ്ങള്‍ക്ക് വരുമാനമായി ലഭിക്കും. ലാഭ വരുമാനത്തിലേത് പോലെ നിങ്ങള്‍ ആ കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുകയൊന്നും വേണ്ട. ഓഹരി പങ്കാളിത്തം ഉണ്ടായാല്‍ മാത്രം മതി. നല്ല കമ്പനികളുടെ ഓഹരികള്‍ വാങ്ങിയാല്‍ മൂലധന നേട്ടവും ഡിവിഡന്റ് വരുമാനവും നിങ്ങള്‍ക്ക് ലഭിക്കും.
7. റോയല്‍റ്റി വരുമാനം: പലപ്പോഴും ആളുകളോട് പറഞ്ഞ് മനസിലാക്കാന്‍ സാധിക്കാത്ത വരുമാന സ്രോതസാണിത്. 99 ശതമാനം പേര്‍ക്കും ഇതെന്താണെന്ന് അറിയില്ല. ഏതെങ്കിലും പ്രോജക്റ്റിലോ, അല്ലെങ്കില്‍ ക്രിയാത്മകമായ കാര്യങ്ങളിലോ പങ്കാളികളായിട്ട് അതൊരു കമ്പനിക്ക് വില്‍ക്കുന്നു. അതിന് പകരമായി അവര്‍ക്ക് കാലാകാലം അതില്‍ നിന്നുള്ള ഒരു വരുമാനവും കിട്ടുന്നു. ഇതാണ് റോയല്‍റ്റി. ഉദാഹരണത്തിന് നിങ്ങള്‍ ഒരു നല്ല വീഡിയോ ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നു. അത് എത്രകാലം ആളുകള്‍ കാണുന്നുവോ, എത്രമാത്രം വ്യൂസ് ജനറേറ്റ് ചെയ്യുന്നുവോ അതിന് അനുസൃതമായ വരുമാനം നിങ്ങള്‍ക്ക് ലഭിക്കും. മറ്റൊരു ഉദാഹരണം കൂടി പറയാം. നിങ്ങള്‍ ഒരു ബുക്ക് എഴുതി പ്രസിദ്ധീകരിച്ചു. അത് എത്രനാള്‍ പബ്ലിഷ് ചെയ്യപ്പെടുന്നോ അത്രയും കാലം നിങ്ങള്‍ക്ക് റോയല്‍റ്റി ലഭിക്കും.
ഏഴ് തരത്തിലുള്ള വരുമാന മാര്‍ഗങ്ങള്‍ നിങ്ങള്‍ കണ്ടുവല്ലോ. ഇതില്‍ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ? നിങ്ങളുടെ പ്രയത്‌നം കൂടുതല്‍ അളവില്‍ വേണ്ടതു മുതല്‍ കുറഞ്ഞ അളവില്‍ വേണ്ടതു വരെ ആയാണ് ഈ വരുമാന സ്രോതസുകള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്. ശമ്പളവും ലാഭവുമൊക്കെ നിങ്ങള്‍ അധ്വാനിച്ചാല്‍ കിട്ടുന്നവയാണ്. പിന്നീട് മറ്റുള്ളവയെല്ലാം പാസീവ് ഇന്‍കം ആണ്. ഒരിക്കല്‍ നിങ്ങള്‍ അതിനായി പ്രയത്‌നിച്ചാല്‍ മതി, പിന്നീട് വരുമാനം കിട്ടിക്കൊണ്ടേയിരിക്കും.
റോയല്‍റ്റി ഇന്‍കം നേടുന്നവര്‍ അതിസമ്പന്നരാകും. ജോലി നേടാനും ബിസിനസ് നടത്താനുമൊക്കെ പ്രയത്‌നിക്കണം. അത് നിലനിര്‍ത്താനും നന്നായി അധ്വാനിക്കണം. എന്നാല്‍ ഡിവിഡന്റ് ഇന്‍കവും റോയല്‍റ്റി ഇന്‍കവും സങ്കീര്‍ണ സ്വഭാവമുള്ളതാണെങ്കിലും ഒരിക്കല്‍ അതിനായി പ്രയത്‌നിച്ചാല്‍ പിന്നീട് വരുമാനം കിട്ടിക്കൊണ്ടിരിക്കും.
ഈ ഏഴ് വരുമാന മാര്‍ഗങ്ങളുടെയും വാതിലുകള്‍ നിങ്ങള്‍ തുറന്നിടണം. ആദ്യകാലത്ത് ചിലതില്‍ നിന്നെല്ലാം വരുമാനം തുച്ഛമായിരിക്കും ലഭിക്കുക. എന്നാല്‍ ശരിയായ രീതിയില്‍ നിങ്ങള്‍ മുന്നോട്ടുപോയാല്‍ അത് വളര്‍ത്തിയെടുക്കാനാകും. നിങ്ങളുടെ പാസീവ് ഇന്‍കം, നിങ്ങളുടെ ആക്ടീവ് ഇന്‍കത്തിന്റെ 50 ശതമാനത്തിലെത്തിയാല്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ശരിയായ പാതയിലാണെന്ന് പറയാനാകും.
ധൈര്യമായി മുന്നോട്ട് നടക്കൂ; സമ്പന്നതയിലേക്കാവും നിങ്ങള്‍ എത്തുക.
ബാലചന്ദ്രന്‍ വിശ്വറാം
(ഫിനാന്‍ഷ്യല്‍ അഡൈ്വസറാണ് ലേഖകന്‍)
(ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)
Becoming wealthy requires more than a salary. Discover seven proven income streams including passive income sources for lasting financial freedom.
Read DhanamOnline in English
Subscribe to Dhanam Magazine