Image courtesy: Canva
Personal Finance

ഒറ്റവരുമാന കുടുംബമാണോ? സാമ്പത്തിക ഭദ്രതയ്ക്ക് ചെയ്യേണ്ട 4 കാര്യങ്ങൾ

കുടുംബത്തിലെ വരുമാനം ഉണ്ടാക്കുന്നവരും അവരെ ആശ്രയിച്ചു കഴിയുന്നവരും രണ്ട് കാര്യങ്ങള്‍ വീതം ചെയ്താല്‍ സാമ്പത്തിക ഉന്നമനം സാധ്യമാക്കാം

Balachandran Viswaram (Balachandran RV)

2016ല്‍ നടന്ന സര്‍വെയിലെ ഒരു കണ്ടെത്തലുണ്ട്. രാജ്യത്ത് വരുമാനമുള്ള കുടുംബങ്ങളില്‍ 60 ശതമാനത്തിലും വരുമാനം നേടുന്നത് ഒരു കുടുംബാംഗം മാത്രമാണ്. സര്‍വെ ഫലം വന്നിട്ട് 10 വര്‍ഷം കഴിഞ്ഞു. പക്ഷേ ഏക വരുമാനമുള്ള കുടുംബങ്ങളുടെ ശതമാനത്തില്‍ വലിയ മാറ്റം വന്നുകാണാന്‍ വഴിയില്ല. നമ്മുടെ നാട്ടില്‍ സാധാരണ ഒരു കുടുംബം എന്നാല്‍ രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളുമടങ്ങുന്നതാകും. ഇതില്‍ ഒരാള്‍ മാത്രമാണ് ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നതെങ്കില്‍ ആ കുടുംബത്തില്‍ തീര്‍ച്ചയായും ഒരു സാമ്പത്തിക പ്രയാസം കാണും.

അതിന്റെ സമ്മര്‍ദ്ദം മുഴുവന്‍ അനുഭവിക്കുന്നത് വരുമാനമില്ലാത്ത കുടുംബത്തിലെ മുതിര്‍ന്ന വ്യക്തിയുമായിരിക്കും. ഈ വരുമാനമില്ലാത്ത വ്യക്തിയെയാണ് ഹോംമേക്കര്‍ എന്ന് വിളിക്കുന്നത്. ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളെ കുറിച്ച് വലിയ ധാരണയുണ്ടാവില്ല. സമ്പാദിക്കാനോ, നിക്ഷേപിക്കാനോ പറ്റുന്നുണ്ടാവില്ല. സ്വന്തം ഇച്ഛക്കനുസരിച്ച് പണം ചെലവിടാനുള്ള സ്വാതന്ത്ര്യവും കാണില്ല.

ഹോംമേക്കറെന്ന് ഞാന്‍ പറയുന്നത് ജെന്‍ഡര്‍ ന്യൂട്രല്‍ പ്രയോഗമാണ്. ഇത് ഹൗസ്‌വൈഫോ, ഹൗസ്ഹസ്ബന്റോ ആകാം. പണ്ടാണ് കുടുംബത്തിലെ പുരുഷന്‍ ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നു, സ്ത്രീകള്‍ വീട്ടിലിരുന്ന് കുടുംബം നോക്കുന്നുവെന്ന സങ്കല്‍പമൊക്കെ നിലനിന്നിരുന്നത്. ഇന്ന് സ്ഥിതി മാറി. അതുകൊണ്ട് ഹോംമേക്കറെന്നാല്‍ അത് സ്ത്രീയോ, പുരുഷനോ ആകാം. വിദ്യാസമ്പന്നരായ, എന്നാല്‍ ജോലിയോ, വരുമാനമോ ഇല്ലാതെ ഹോംമേക്കര്‍ റോളിലിരിക്കേണ്ടി വരുന്നവര്‍ പണം കയ്യില്‍ ഇല്ലാത്തതിനാല്‍ നിക്ഷേപത്തെ കുറിച്ചോ, സമ്പാദ്യത്തെ കുറിച്ചോ ചിന്തിക്കില്ല. പതുക്കെപ്പതുക്കെ അവര്‍ക്ക് സാമ്പത്തികവുമായുള്ള ബന്ധം പോകും.

ഹോംമേക്കറെ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍ച്ചേര്‍ത്ത് നിര്‍ത്തുന്നതും അവരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതും കുടുംബത്തിലെ വരുമാനമുള്ള വ്യക്തിയുടെ കടമയാണ്.

കുടുംബത്തിന് അന്നം തേടുന്നവര്‍ ചെയ്യേണ്ടത്

നിങ്ങളാണ് കുടുംബത്തിലെ ഏക വരുമാനമുണ്ടാക്കുന്ന വ്യക്തിയെങ്കില്‍ രണ്ട് കാര്യങ്ങള്‍ ചെയ്തിരിക്കണം.

1. ഹോംമേക്കറുടെ അക്കൗണ്ടിലേക്ക് കുടുംബത്തിന്റെ ചെലവിനുള്ള തുക ട്രാന്‍സ്ഫര്‍ ചെയ്യണം.

2. കുടുംബത്തിന്റെ പ്രതിമാസ ചെലവിന്റെ 10% നേരത്തെ ട്രാന്‍സ്ഫര്‍ ചെയ്ത തുകക്ക് പുറമെ തന്നെ അക്കൗണ്ടിലേക്ക് നല്‍കണം.

എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? പറയാം.

  • പ്രതിമാസ ചെലവിനുള്ള തുക ഹോംമേക്കറുടെ അക്കൗണ്ടിലേക്ക് ഇടുന്നത്: നിങ്ങളാണ് കുടുംബത്തിന്റെ അന്നത്തിന് വകതേടുന്ന ആള്‍. കുടുംബത്തിന്റെ ചെലവുകളെ കുറിച്ച് കൃത്യമായ ധാരണയും നിങ്ങള്‍ക്കുണ്ടാകും. കുടുംബത്തിന് വേണ്ടതെല്ലാം വാങ്ങുന്നതും നിങ്ങളാകും. പക്ഷേ പണം ഹോംമേക്കറുടെ അക്കൗണ്ടിലേക്ക് നല്‍കുമ്പോള്‍ അവര്‍ കുടുംബത്തിന്റെ ചെലവ് ആ പണം വെച്ച് നടത്തേണ്ടി വരും. വീട്ടാവശ്യത്തിനുള്ളതെല്ലാം വാങ്ങണം, ബില്ലുകള്‍ അടക്കണം... അങ്ങനെ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ മുഴുവന്‍ അവര്‍ നോക്കേണ്ടി വരും; പണം നിങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും. ഇതോടെ സാമ്പത്തിക കാര്യങ്ങളെ കുറിച്ച് അവര്‍ കൂടുതല്‍ ബോധമുള്ളവരാകും. അവര്‍ ശാക്തീകരിക്കപ്പെടും. ഒരുപക്ഷേ നിങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ അവര്‍ ചെയ്യും. കണ്ണില്‍ കാണുന്നതെല്ലാം വാങ്ങിക്കൂട്ടില്ല. പകരം കുടുംബത്തിന് ആവശ്യമുള്ളത് വാങ്ങും. പണം സൂക്ഷിച്ച് ചെലവിടും. ചെലവും കുടുംബ ബജറ്റും തമ്മില്‍ നല്ലതുപോലെ ഇണങ്ങിനില്‍ക്കും. അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് അവര്‍ക്ക് വ്യക്തമായറിയാം. അതിനനുസരിച്ചാകും വാങ്ങലുകള്‍.

  • 10% അധികം തുക വേറെ നല്‍കുന്നത്: ഇത് വളരെ നിര്‍ണായകമായ ഒരു കാര്യമാണ്. നിങ്ങളുടെ പ്രതിമാസ ചെലവ് 50,000 രൂപയാണെന്ന് കരുതുക. അതിന്റെ 10%; 5,000 രൂപ കൂടി അധികമായി ഹോംമേക്കര്‍ക്ക് നല്‍കണം. ഈ തുക അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനായി അനുവദിക്കണം.

ഹോംമേക്കര്‍ ചെയ്യേണ്ടത്

കുടുംബത്തിന്റെ 'അന്നദാതാവ്' ചെലവിനുള്ള പണവും, അത് കൂടാതെ 10% അധികവും ഹോം മേക്കര്‍ക്ക് നല്‍കിക്കഴിഞ്ഞു. അത് കിട്ടിയാല്‍:

1. അധികമായി കിട്ടിയ 10% ഉടനടി നിക്ഷേപിക്കുക.

2. കുടുംബത്തിന്റെ അന്നദാതാവായ ജീവിത പങ്കാളിക്ക് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക.

എന്തിനാണിതെന്ന് നോക്കാം.

  • കുടുംബ ചെലവിനേക്കാള്‍ കൂടുതല്‍ തുക നിങ്ങള്‍ക്ക് ജീവിതപങ്കാളി നല്‍കുമ്പോള്‍, അത് പാഴാക്കാതെ നോക്കണം. ഈ 10% തുക സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് പറക്കാനുള്ള ടിക്കറ്റായി മാറ്റാം. ജീവിതപങ്കാളി പ്രതിമാസം 5,000 രൂപ നല്‍കുന്നുവെന്ന് കരുതുക. ഇത് 30 വര്‍ഷം, എല്ലാ മാസവും ശരാശരി 12% നേട്ടം കിട്ടുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചാല്‍ 1.76 കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കാന്‍ പറ്റും.

  • ജീവിതപങ്കാളിക്ക് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക: ഒറ്റനോട്ടത്തില്‍ ഇതൊരു കാര്യമില്ലാത്ത കാര്യമായി തോന്നാം. പക്ഷേ വസ്തുനിഷ്ഠമായി ഒന്ന് ചിന്തിച്ചുനോക്കൂ. നിങ്ങളുടെ കുടുംബത്തിന്റെ ഭാവി മുഴുവന്‍ ഒരൊറ്റ വ്യക്തിയെ കേന്ദ്രീകരിച്ചാണ്. ഒറ്റ എന്‍ജിന്‍ കൊണ്ട് ഓടുന്ന വണ്ടിയാണ് നിങ്ങളുടെ കുടുംബം. ആ എന്‍ജിന്‍ നിലച്ചാല്‍ വണ്ടിയിലെ യാത്രക്കാര്‍ പെരുവഴിയിലാകും. അല്ലേ? നിങ്ങളും കുട്ടികളും മുന്നോട്ടുപോകാനാകാതെ ഇടറിനില്‍ക്കും. ജീവിതപങ്കാളി ഒരു ടേം ഇന്‍ഷുറന്‍സ് എടുത്തിട്ടില്ലെങ്കില്‍ നിങ്ങള്‍ അവര്‍ക്കായി അത് എടുക്കണം.

എന്തിനിത് ചെയ്യണമെന്നതിന് വ്യക്തമായ കാരണമുണ്ട്. അടുത്തിടെ ഭര്‍ത്താവ് അകാലത്തില്‍ മരിച്ചൊരു സ്ത്രീയുമായി ഞാന്‍ സംസാരിച്ചു. അവര്‍ക്ക് ജീവിതത്തിലുണ്ടായ നഷ്ടം നികത്താനാവാത്തതാണ്. പക്ഷേ അവരുടെ ജീവിതപങ്കാളി ന്യായമായ പരിരക്ഷ ഉറപ്പാക്കുന്ന ടേം ഇന്‍ഷുറന്‍സ് എടുത്തിരുന്നു.

മുടങ്ങാതെ പ്രീമിയം അടക്കുകയും ചെയ്തു. ജീവിത പങ്കാളി മരണമടഞ്ഞപ്പോള്‍ നല്ലൊരു തുക ഈ സ്ത്രീക്ക് ലഭിച്ചു. ജോലിയില്ലാത്ത, വരുമാനമില്ലാത്ത ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് നല്‍കിയ ആശ്വാസം ഏറെ വലുതായിരുന്നു. അവര്‍ ജോലി തേടിക്കൊണ്ടിരിക്കുന്നു. ജോലി കിട്ടുംവരെ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ ഒരു പിടിവള്ളിയുണ്ട്.

അതുകൊണ്ടാണ് ജീവിതപങ്കാളിക്ക് വേണ്ടി ഒരു ടേം ഇന്‍ഷുറന്‍സ് എടുക്കണമെന്ന് പറയുന്നത്. ഈ ലേഖനത്തില്‍ നാല് പ്രധാന സംഗതികളാണ് ചര്‍ച്ച ചെയ്തത്. ഇതില്‍ രണ്ടെണ്ണം വരുമാനമുള്ളവര്‍ക്കുള്ളതും രണ്ടെണ്ണം അവരെ ആശ്രയിച്ചുള്ളവര്‍ക്കും. ഈ നാല് കാര്യങ്ങള്‍ ചെയ്താല്‍ കുടുംബത്തിന്റെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാകും.

എല്ലാവരും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് വിധേയമായി, കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ കുടുംബാംഗങ്ങളെല്ലാം അറിയും. കുടുംബത്തിന് വേണ്ടിയുള്ള നിക്ഷേപവും നടക്കും.

(Originally published in the 2026 Onam issue of Dhanam Magazine.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT