Personal Finance

ലഘുസമ്പാദ്യ പദ്ധതികളില്‍ നിക്ഷേപം കൂടി; മുന്നില്‍ ഈ രണ്ട് പദ്ധതികള്‍

നടപ്പു വര്‍ഷം ലക്ഷ്യമിട്ടിരുന്നതിന്റെ 64 ശതമാനം ഇതുവരെ കൈവരിക്കാനായി

Dhanam News Desk

നടപ്പു സാമ്പത്തിക വര്‍ഷം ജനുവരി വരെ ലഘുസമ്പാദ്യപദ്ധതികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത് 2.76 ലക്ഷം കോടി രൂപ. ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്റെ 64 ശതമാനം വരുമിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പത്ത് മാസക്കാലയളവില്‍ 1.91 ലക്ഷം കോടി രൂപയായിരുന്നു പദ്ധതി വഴി സമാഹരിച്ചത്. നടപ്പു വര്‍ഷം 4.37 ലക്ഷം കോടി രൂപ ലഘു സമ്പാദ്യ പദ്ധതി വഴി കണ്ടെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ലക്ഷ്യം കൈവരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.

പണമൊഴുക്കി മുതിര്‍ന്ന പൗരന്മാര്‍

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമാണ് (Senior Citizen Savings Scheme /SCSS) ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷം 37,362 കോടി രൂപ നിക്ഷേപമെത്തിയിടത്ത് ഇക്കുറി 140 ശതമാനം വളര്‍ച്ചയോടെ 90,000 കോടി രൂപയായി. മാര്‍ച്ച് 31 വരെയുള്ള പാദത്തില്‍ 8.2 ശതമാനമാണ് പദ്ധതിയുടെ പലിശ. അതായത് 10,000 രൂപ നിക്ഷേപിച്ചാല്‍ 820 രൂപ വര്‍ഷിക പലിശ ലഭിക്കും. 60 വയസിനു മുകളില്‍ പ്രായമായ വ്യക്തികള്‍ക്കായുള്ള പദ്ധതിയാണിത്. 1000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. കഴിഞ്ഞ ഏപ്രിലിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ നിക്ഷേപ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി വര്‍ധിപ്പിച്ചത്.

മാസ വരുമാന പദ്ധതിക്കും പ്രിയം

മന്ത്‌ലി ഇന്‍കം സ്‌കീമിലേക്കെത്തിയ നിക്ഷേപങ്ങളില്‍ ഇക്കാലയളവില്‍ നാല് മടങ്ങ് വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ 5,000 കോടി രൂപയായിരുന്ന നിക്ഷേപം ഇത്തവണ 20,000 കോടി രൂപയായി. മാസ വരുമാനം ലക്ഷ്യമിടുന്നവര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. ഒരാളുടെ പേരില്‍ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയുമാണ് നിക്ഷേപം അനുവദിക്കുക. നേരത്തെ ഇത് യഥാക്രമം 4.5 ലക്ഷം, 9 ലക്ഷം എന്നിങ്ങനെയായിരുന്നു.

മഹിളാ സമ്മാനില്‍ 19,000 കോടി

നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യമായി അവതരിപ്പിച്ച മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റില്‍ ഇതു വരെ നിക്ഷേപമായെത്തിയത് 19,000 കോടി രൂപയാണ്. വനിതകള്‍ക്ക് ഒറ്റത്തവണയായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകുന്ന പദ്ധതിയാണിത്. 7.5 ശതമാനമാണ് പലിശ നിരക്ക്.

നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി), പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി.പി.എഫ്), കിസാന്‍ വികാസ് പത്ര (കെ.വി.പി), പെണ്‍കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാവുന്ന സുകന്യ സമൃദ്ധി യോജന എന്നിങ്ങനെ 12 പദ്ധതികളാണ് ലഘു സമ്പാദ്യ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. ഓരോ ത്രൈമാസത്തിലും സര്‍ക്കാര്‍ ഇവയുടെ പലിശ നിരക്കുകള്‍ പുനഃപരിശോധിക്കാറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT