Personal Finance

സ്വര്‍ണ ബോണ്ട് തിങ്കളാഴ്ച മുതല്‍; പലിശ 2.5%

2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ സീരീസാണ് പുറത്തിറക്കുന്നത്‌

Dhanam News Desk

കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടിന്റെ(Sovereign Gold Bond Scheme/SGB) 2023-24 സാമ്പത്തികവര്‍ഷത്തെ ആദ്യഘട്ട വില്‍പ്പന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ജൂണ്‍ 19 മുതല്‍ അഞ്ച് ദിവസമാണ് വില്‍പ്പന. ഒരു ഗ്രാം സ്വര്‍ണത്തിന് 5,091 രൂപ അടിസ്ഥാനത്തിലാണ് വില്‍പ്പന. ഓണ്‍ലൈനായി പണമടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ് ലഭിക്കും.

ഭൗതിക സ്വര്‍ണത്തിന്റെ ഡിമാന്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ 2015 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്ക് ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപമായി പണപ്പെരുപ്പത്തെ ചെറുക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാം. വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും അതാത് വിപണി വില ലഭിക്കുന്നു എന്നതാണ് ഇവയെ സുരക്ഷിതമാക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ കാലാവധിക്ക് മുമ്പുള്ള ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളിലെ ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്‍ ലിമിറ്റഡ്(ഐ.ബി.ജെ.എ) പ്രസിദ്ധീകരിക്കുന്ന 999 പ്യൂരിറ്റിയുള്ള സ്വര്‍ണത്തിന്റെ ശരാശരി വിലയുടെ അടിസ്ഥാനത്തിലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക.

ആർക്ക്, എങ്ങനെ വാങ്ങാം?

ഇന്ത്യന്‍ പൗരത്വമുള്ള ആര്‍ക്കും എസ്.ജി.ബി വാങ്ങാം. വ്യക്തികള്‍ക്ക് 4 കിലോഗ്രാം വരെയും ട്രസ്റ്റുകള്‍ക്കും മറ്റ് സമാനസ്ഥാപനങ്ങള്‍ക്കും  20 കിലോഗ്രാം വരെയുമാണ് സ്വര്‍ണം വാങ്ങാനാകുക. പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും വാങ്ങാം.

ഷെഡ്യുള്‍ഡ് വാണിജ്യ ബാങ്കുകള്‍(ചെറുകിട ഫിനാന്‍സ് ബാങ്കുകളും പേയ്‌മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്.എച്ച്.സി.ഐ.എല്‍), ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്(സി.സി.ഐ.എല്‍), തപാല്‍ ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടുകള്‍ ലഭ്യമാണ്.

കാലാവധിയും പലിശയും

മൊത്തം എട്ട് വര്‍ഷത്തേക്കാണ് ബോണ്ടിന്റെ കാലാവധി. നിക്ഷേപകര്‍ക്ക് അഞ്ചാം വര്‍ഷത്തിന് ശേഷം ബോണ്ടില്‍ നിന്ന് പുറത്തുകടക്കാനുള്ള ഓപ്ഷനുണ്ട്.  2.5 ശതമാനമാണ് സ്വര്‍ണ ബോണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ. കാലാവധിയെത്തുമ്പോഴുള്ള മൂലധനനേട്ടം നികുതി രഹിതമാണ്. 

സോവറിന്‍ സ്വര്‍ണ ബോണ്ടുകളുടെ രണ്ടാം ഘട്ട വില്‍പ്പന സെപ്റ്റംബര്‍ 11 മുതല്‍ 15 വരെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT