Image by Canva 
Personal Finance

സ്വര്‍ണ ബോണ്ടില്‍ പണം വാരി നിക്ഷേപകര്‍; 1 ലക്ഷം രൂപ 5 വര്‍ഷം കൊണ്ട് വളര്‍ന്നത് ₹3.84 ലക്ഷമായി! ആര്‍ക്കൊക്കെ കിട്ടും 284% ലാഭം?

2020 ഫെബ്രുവരിയില്‍ പുറത്തിറക്കിയ ബോണ്ടുകള്‍ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ ആര്‍ബിഐ ഇന്ന് അവസരമൊരുക്കുന്നു, എങ്ങനെ പിന്‍വലിക്കാമെന്ന് അറിയാം

Dhanam News Desk

സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ (SGB) തിരഞ്ഞെടുത്തവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് സ്വപ്നതുല്യമായ ലാഭം. 2019-20 സീരീസ് IX, 2020-21 സീരീസ് V എന്നീ സ്വര്‍ണ ബോണ്ടുകള്‍ കാലാവധിക്ക് മുന്‍പ് (Premature Exit) പിന്‍വലിക്കാനുള്ള തീയതി ഇന്നാണ് (ഫെബ്രുവരി 11, 2026). അഞ്ച് വര്‍ഷം മുന്‍പ് ഈ ബോണ്ടുകളില്‍ നിക്ഷേപിച്ചവര്‍ക്ക് മുടക്കുമുതലിന്റെ മൂന്നിരട്ടിയിലധികം തുക ഇപ്പോള്‍ തിരികെ ലഭിക്കും.

നേട്ടം ഇങ്ങനെ

ഇന്ത്യാ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ (IBJA) പ്രസിദ്ധീകരിക്കുന്ന 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ കഴിഞ്ഞ മൂന്ന് പ്രവൃത്തി ദിവസങ്ങളിലെ ശരാശരി വില അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ എസ്.ജി.ബികളുടെ നിരക്ക് നിശ്ചയിക്കുന്നത്. ഇത്തവണത്തെ റിഡംപ്ഷനായി ഫെബ്രുവരി 6, 9, 10 തീയതികളിലെ ശരാശരി വിലയാണ് കണക്കാക്കിയത്. അതായത് 15,440 രൂപ.

2020 ഫെബ്രുവരി 11-ന് 2019-20 (Series IX) ബോണ്ട് പുറത്തിറക്കുമ്പോള്‍ ഒരു ഗ്രാമിന് 4,020 രൂപയായിരുന്നു (ഓണ്‍ലൈന്‍ നിരക്ക്) വില. എന്നാല്‍ ഇന്ന് ആര്‍ബിഐ നിശ്ചയിച്ചിരിക്കുന്ന റിഡംപ്ഷന്‍ വിലയായ ഗ്രാമിന് 15,440 രൂപ വച്ച് കണക്കാക്കുമ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് ഇന്ന് ഏകദേശം 3.84 ലക്ഷം രൂപ തിരികെ ലഭിക്കും. ഏകദേശം 284% ലാഭം (Absolute Return).

2020-21 കാലയളവില്‍ പുറത്തിറക്കിയ സീരീസ്-V ബോണ്ടുകള്‍ ഗ്രാമിന് 5,284 രൂപ നിരക്കിലാണ് (ഓണ്‍ലൈന്‍ വഴി) വിതരണം ചെയ്തിരുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ ബോണ്ടുകളില്‍ നിന്ന് മാത്രം നിക്ഷേപകര്‍ക്ക് ഏകദേശം 192 ശതമാനം കേവല ലാഭം (Absolute Return) ലഭിക്കും. അന്ന് നിക്ഷേപിച്ച തുക ഏകദേശം മൂന്നിരട്ടിയോളമായി വളര്‍ന്നു.

ഇതിനു പുറമെ നിക്ഷേപകര്‍ക്ക് ലഭിച്ച പ്രതിവര്‍ഷം 2.5% പലിശയും ചേരുമ്പോള്‍ ആകെ നേട്ടം ഇനിയും വര്‍ധിക്കും.

ഈ പലിശ തുക ആറുമാസത്തിലൊരിക്കല്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. പലിശയുടെ അവസാന ഗഡു ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുകയോടൊപ്പമാണ് ലഭിക്കുക.

എന്താണ് കാലാവധിക്ക് മുമ്പുള്ള പിന്‍വലിക്കല്‍?

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളുടെ ആകെ കാലാവധി എട്ട് വര്‍ഷമാണെങ്കിലും, നിക്ഷേപം തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പലിശ നല്‍കുന്ന തീയതികളില്‍ ബോണ്ട് തിരികെ നല്‍കി പണം വാങ്ങാന്‍ നിക്ഷേപകര്‍ക്ക് അവകാശമുണ്ട്.

സ്വര്‍ണ്ണത്തിന്റെ വില വര്‍ധനയ്ക്ക് പുറമെ കൃത്യമായ പലിശയും ലഭിക്കുന്നു എന്നതാണ് എസ്ജിബിയുടെ പ്രത്യേകത. എസ്ജിബികളുടെ കാലാവധി അവസാനിക്കുന്നതുവരെ വരെ (8 വര്‍ഷം) കാത്തിരുന്നാല്‍ ലഭിക്കുന്ന മൂലധന നേട്ടം (Capital Gains) നികുതി രഹിതമാണ്. എന്നാല്‍ കാലാവധിക്ക് മുന്‍പ് പിന്‍വലിക്കുമ്പോഴുള്ള നികുതി ബാധ്യതകളെക്കുറിച്ച് സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുന്നത് നന്നായിരിക്കും.

കാലാവധിക്ക് മുന്‍പ് പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എന്തുചെയ്യണം?

സോവറിന്‍ ഗോള്‍ഡ് ബോണ്ട് കൈവശമുള്ള നിക്ഷേപകര്‍ അവ പിന്‍വലിക്കുന്നതിനായുള്ള ഷെഡ്യൂള്‍ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി രണ്ട് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഒന്ന് ബോണ്ട് ഇഷ്യൂ ചെയ്ത തീയതി (Issue Date) പരിശോധിച്ച്, നിങ്ങളുടെ ബോണ്ടുകള്‍ ഏത് ട്രഞ്ചില്‍ (Tranche) ഉള്‍പ്പെടുന്നു എന്ന് തിരിച്ചറിയുക. രണ്ട് കാലാവധിക്ക് മുന്‍പുള്ള പിന്‍വലിക്കലിനായി (Premature Redemption) അപേക്ഷ നല്‍കേണ്ട അവസാന തീയതിക്ക് മുന്‍പായി തന്നെ നിങ്ങളുടെ അപേക്ഷ സമര്‍പ്പിച്ചു എന്ന് ഉറപ്പുവരുത്തുക.

സാധാരണയായി ബോണ്ട് നല്‍കിയ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ നിക്ഷേപകര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. ഡിമാറ്റ് (Demat) രൂപത്തിലാണ് ബോണ്ടുകള്‍ സൂക്ഷിച്ചിട്ടുള്ളതെങ്കില്‍ അതാത് ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് (DP) വഴിയും പിന്‍വലിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT