Image courtesy: Canva
Personal Finance

യു.പി.ഐ വഴി കുട്ടികൾക്ക് പണം നൽകുമ്പോൾ നികുതി ഉണ്ടാകുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബാങ്കുകളും നികുതി വകുപ്പും ഇപ്പോൾ ഡാറ്റാ അധിഷ്ഠിതമായി ഇടപാടുകൾ നിരീക്ഷിക്കുന്നതിനാൽ, ആവർത്തിച്ചുള്ളതോ വലിയതോ ആയ കൈമാറ്റങ്ങൾ ശ്രദ്ധിക്കപ്പെടും

Dhanam News Desk

രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് യു.പി.ഐ വഴി പണമയയ്ക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. 18 വയസിന് താഴെയുളള കുട്ടികള്‍ കടകളിലോ മറ്റ് യാത്രാ ആവശ്യങ്ങള്‍ക്കോ പുറത്തു പോകുമ്പോള്‍ ഇത്തരത്തില്‍ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍ കുട്ടികള്‍ക്ക് യുപിഐ വഴി പണം നല്‍കാന്‍ സാധിക്കുന്നത് വളരെ പ്രയോജനകരമാണ്. പഠനാവശ്യങ്ങള്‍ക്കും വീട്ടില്‍ നിന്ന് അകലെയുളള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ മക്കള്‍ക്ക് ഇത്തരത്തില്‍ പണം നല്‍കുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ പണം നല്‍കുമ്പോള്‍ ഉണ്ടാകാനിടയുളള നികുതി ബാധ്യതകളെക്കുറിച്ച് പലരും അജ്ഞരാണ്.

എപ്പോഴാണ് നികുതി നല്‍കേണ്ടി വരിക

മാതാപിതാക്കൾ അടക്കമുളള രക്ഷിതാക്കള്‍ ഉള്‍പ്പെടെയുളള ബന്ധുക്കളില്‍ നിന്ന് കുട്ടികള്‍ക്ക് അയയ്ക്കുന്ന പണം സമ്മാനമായി (Gift) പരിഗണിച്ചാല്‍, ഇതിന് നികുതി ഇളവ് പൂര്‍ണമായും ഉണ്ട്. ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്ന തുക എത്ര വലുതാണെങ്കിലും, അതിനെ നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതായിരിക്കും.

അതേസമയം ഇത്തരത്തില്‍ ലഭിച്ച പണം ഉപയോഗിച്ച് കുട്ടികളുടെ പേരില്‍ നിക്ഷേപങ്ങള്‍ നടത്തി വരുമാനം ഉണ്ടാക്കുകയും ചെയ്താല്‍, അതിന് നികുതി ബാധ്യയുണ്ട്. ഉദാഹരണമായി കുട്ടികള്‍ക്ക് ലഭിക്കുന്ന പണം ഫിക്സഡ് ഡെപ്പോസിറ്റിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ചാല്‍ അതിന് നികുതിയുണ്ടാകും. ഇത്തരം വരുമാനം രക്ഷിതാക്കളുടെ വരുമാനത്തോടൊപ്പം ചേര്‍ത്തായിരിക്കും നികുതി ഈടാക്കുക. 'ക്ലബ്ബിംഗ് പ്രൊവിഷൻ' (Clubbing provisions) അനുസരിച്ചാണ് ഇവിടെ നികുതി ഈടാക്കുക.

രേഖകള്‍ സൂക്ഷിക്കുക

ലളിതമായ നടപടിക്രമങ്ങളിലൂടെ യുപിഐ വഴി പണം അയയ്ക്കാമെങ്കിലും, കൂടിയ സംഖ്യകള്‍ അയയ്ക്കുമ്പോള്‍ അതിന് രേഖകള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പണം നല്‍കുമ്പോള്‍ അത് ഗിഫ്റ്റായാണ് നല്‍കുന്നതെന്ന് അയയ്ക്കുമ്പോള്‍ തന്നെ രേഖപ്പെടുത്തുന്നത് വളരെ നാളുകള്‍ കഴിഞ്ഞ് ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ നോക്കുമ്പോഴോ ആദായ നികുതി അടക്കേണ്ട സമയമാകുമ്പോഴോ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഉപയോഗപ്രദമാണ്. വസ്തു വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വലിയ സംഖ്യകള്‍ അയയ്ക്കുമ്പോള്‍ പണത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ ഇത്തരത്തിലുളള രേഖകള്‍ സഹായിക്കും.

ബാങ്കുകളും നികുതി വകുപ്പും ഇപ്പോൾ ഡാറ്റാ അധിഷ്ഠിതമായി ഇടപാടുകൾ നിരീക്ഷിക്കുന്നതിനാൽ, ആവർത്തിച്ചുള്ളതോ വലിയതോ ആയ കൈമാറ്റങ്ങൾ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ പണം കൈമാറുന്നത് പോലെ തന്നെ എളുപ്പത്തിൽ അത് വിശദീകരിക്കാനും സാധിക്കണമെന്നത് പ്രധാനമാണെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT