Image Courtesy: Canva 
Personal Finance

ആദായനികുതി നോട്ടീസ് ലഭിച്ചോ? ഡിസംബർ 31 ന് മുമ്പ് ഐ.ടി.ആർ പുതുക്കി ഫയൽ ചെയ്യാം, ഘട്ടം ഘട്ടമായുള്ള നടപടികള്‍ ഇവയാണ്

നോട്ടീസ് ലഭിച്ചവർ മാത്രമല്ല, സ്വന്തം നിലയിൽ തെറ്റ് തിരിച്ചറിഞ്ഞവർക്കും ഇത് ഫയൽ ചെയ്യാം

Dhanam News Desk

ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത പലർക്കും ഇപ്പോൾ വകുപ്പിന്റെ അറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമായും നികുതി റീഫണ്ട് ക്ലെയിം ചെയ്തവരിൽ, നൽകിയിട്ടുള്ള വിവരങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടവർക്കാണ് റിവൈസ്ഡ് ഐടിആർ (Revised ITR) ഫയൽ ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഇമെയിലുകളും സന്ദേശങ്ങളും ലഭിക്കുന്നത്. ഡിസംബർ 31 ആണ് പുതുക്കിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി.

എന്താണ് റിവൈസ്ഡ് ഐടിആർ?

നിങ്ങൾ സമർപ്പിച്ച ഒറിജിനൽ ഐടിആറിൽ വരുമാനവിവരങ്ങൾ വിട്ടുപോവുകയോ, ഡിഡക്ഷനുകളിൽ തെറ്റുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്താൻ ആദായനികുതി നിയമത്തിലെ 139(5) വകുപ്പ് നിങ്ങളെ അനുവദിക്കുന്നു. നോട്ടീസ് ലഭിച്ചവർ മാത്രമല്ല, സ്വന്തം നിലയിൽ തെറ്റ് തിരിച്ചറിഞ്ഞവർക്കും ഇത് ഫയൽ ചെയ്യാം.

പുതുക്കി ഫയൽ ചെയ്യുന്നതിനുളള ഘട്ടങ്ങൾ

ലോഗിൻ ചെയ്യുക: ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ incometax.gov.in സന്ദർശിച്ച് നിങ്ങളുടെ പാൻ (PAN), പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഫയലിംഗ് സെക്ഷൻ: 'e-File' ടാബിന് കീഴിലുള്ള 'Income Tax Return' ക്ലിക്ക് ചെയ്ത് 'File Income Tax Return' തിരഞ്ഞെടുക്കുക.

അസസ്‌മെന്റ് ഇയർ: നിലവിലെ അസസ്‌മെന്റ് വർഷം (AY 2025-26) തിരഞ്ഞെടുക്കുക.

ഫയലിംഗ് ടൈപ്പ്: ഇവിടെ 'Revised Return' (Section 139(5)) എന്നത് തിരഞ്ഞെടുക്കണം. ഒറിജിനൽ റിട്ടേണിന്റെ അക്നോളജ്‌മെന്റ് നമ്പറും തീയതിയും ഇവിടെ നൽകേണ്ടതുണ്ട്.

വിവരങ്ങൾ തിരുത്തുക: തെറ്റായ വിവരങ്ങൾ തിരുത്തി പുതിയ വിവരങ്ങൾ ചേർക്കുക. വരുമാനവും നികുതി ഇളവുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

ഇ-വെരിഫിക്കേഷൻ: റിട്ടേൺ സബ്മിറ്റ് ചെയ്ത ശേഷം ആധാർ ഒടിപി വഴിയോ ബാങ്ക് അക്കൗണ്ട് വഴിയോ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കുക. വെരിഫിക്കേഷൻ ചെയ്തില്ലെങ്കിൽ റിട്ടേൺ അസാധുവാകും.

പിഴയുണ്ടോ?

ഒറിജിനൽ റിട്ടേൺ കൃത്യസമയത്ത് ഫയൽ ചെയ്തവർക്ക് പുതുക്കി ഫയൽ ചെയ്യുമ്പോൾ സാധാരണയായി പ്രത്യേക പിഴ നൽകേണ്ടതില്ല. എന്നാൽ, അധികമായി നികുതി ബാധ്യത വരുന്നുണ്ടെങ്കിൽ അതിനുള്ള പലിശ നൽകേണ്ടി വരും. ഡിസംബർ 31 കഴിഞ്ഞാൽ പിഴയോടെ 'അപ്‌ഡേറ്റഡ് റിട്ടേൺ' (ITR-U) മാത്രമേ ഫയൽ ചെയ്യാൻ സാധിക്കൂ.

ശ്രദ്ധിക്കുക

നോട്ടീസ് ലഭിച്ചിട്ടും റിട്ടേൺ പുതുക്കിയില്ലെങ്കിൽ റീഫണ്ട് തടഞ്ഞുവെക്കാനും കൂടുതൽ അന്വേഷണങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ, നിങ്ങളുടെ എ.ഐ.എസ് (Annual Information Statement), ടി.ഐ.എസ് (Taxpayer Information Summary) വിവരങ്ങൾ റിട്ടേണുമായി ഒത്തുനോക്കുന്നത് നന്നായിരിക്കും.

Taxpayers can file a Revised ITR before December 31 to correct errors and respond to Income Tax notices, avoiding penalties and refund delays.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT