ആശാലത കെ.ആര്‍
മാറുന്ന മാക്രോ ഇക്കണോമിക്,ബിസിനസ്, ഭൗമരാഷ്ട്രീയ സ്ഥിതികള്‍ക്കനുസരിച്ച് പ്രത്യേക മേഖലകള്‍,വിപണി മൂല്യം, തീമുകള്‍ തുടങ്ങിയവയിലുള്ള നിക്ഷേപകരുടെ താല്‍പ്പര്യവും മാറിക്കൊണ്ടിരിക്കും. ഏത് തീം ഏത് സമയത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് പ്രവചിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. വര്‍ഷങ്ങളായി മുന്നേറ്റം നടത്തിക്കൊണ്ടിരുന്ന വിപണി 2024 സെപ്റ്റംബര്‍ മുതല്‍ 2025 ഏപ്രില്‍ വരെ 25 ശതമാനം തിരുത്തലിന് വിധേയമാകുമെന്ന് പ്രതീക്ഷിച്ചവര്‍ കുറവായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ (2014-2024)മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മേഖലകള്‍ മാറിക്കെണ്ടിരുന്നു. ബാങ്ക് ഓഹരികള്‍ നാല് വര്‍ഷം മുന്നിട്ടു നിന്നു.ഐടി രണ്ടും ഫാര്‍മ മൂന്നും ഓട്ടോ, കമ്മോഡിറ്റീസ് എന്നിവ ഓരോ വര്‍ഷവും വിപണിയെ നയിച്ചു. റീറ്റെയ്ല്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സ്ഥിരമായി മികച്ച തീമുകള്‍ തിരിച്ചറിയുക എന്നത് എളുപ്പമല്ല. തീമാറ്റിക് ഇന്‍വെസ്റ്റ്മെന്റില്‍ വ്യക്തികള്‍ നേരിടുന്ന മൂന്ന് പ്രധാനപ്പെട്ട വെല്ലുവിളികള്‍ നോക്കാം:
1. മാക്രോ-സെക്ടര്‍ ലിങ്ക് മനസിലാക്കുന്നതിന് വൈദഗ്ധ്യവും സമയവും ആവശ്യമാണ്. മിക്ക നിക്ഷേപകര്‍ക്കും അതുണ്ടാവണമെന്നില്ല.
2. അത്യാഗ്രഹം, ഭയം തുടങ്ങിയ വികാരങ്ങളെ കൈകാര്യം ചെയ്യുന്നത് പലപ്പോഴും കുഴപ്പത്തിലേക്ക് നയിക്കുകയും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാനും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനും ഇടവരുന്നു.
3. ശരിയായ ആസൂത്രണം ഇല്ലാതെ മോശം സമയത്ത് വിറ്റൊഴിയുന്നതും ഉയര്‍ന്ന നികുതി നല്‍കേണ്ടിവരുന്നതുമെല്ലാം നേട്ടത്തെ ബാധിക്കും.
ചരിത്രം ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. നിരവധി ആഭ്യന്തര ആശങ്കകള്‍ക്കിടയിലും 2012-13 കാലത്ത് ആഗോള നിക്ഷേപം മികച്ച ഫലം നല്‍കി. അതുപോലെ കോവിഡ് പരിഭ്രാന്തികള്‍ക്കിടയിലും 2020 മാര്‍ച്ച് കാലഘട്ടത്തില്‍ 18 മാസം കൊണ്ട് ഓഹരി നിക്ഷേപത്തിന്മേലുള്ള നേട്ടം ഇരട്ടിയായി വര്‍ധിച്ചിരുന്നു. എന്നാല്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ച കുറച്ച് നിക്ഷേപകര്‍ക്ക് മാത്രമേ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കാനായുള്ളൂ.
വൈകാരികമായി നിക്ഷേപിക്കുന്നു എന്നതാണ് മറ്റൊരു പോരായ്മ. 1999- 2000ല്‍ 740 ശതമാനം മുന്നേറ്റത്തിന് ശേഷം ഐടി ഓഹരികള്‍ 65 ശതമാനം തിരുത്തലിന് വിധേയമായി. 2012ല്‍ ഭയം മൂലം പലരും ഐടി, ഫാര്‍മ ഓഹരികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും അവ യഥാക്രമം 60%, 27% നേട്ടം ഉണ്ടാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീമാറ്റിക് മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച ഫലം വാഗ്ദാനം ചെയ്യുന്നത്.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ തീമാറ്റിക് അഡ്വാന്റേജ് ഫണ്ട് (എീഎ) പോലുള്ളവ പലിശ നിരക്ക്, പണപ്പെരുപ്പം, ജിഡിപി, കറന്‍സി വിനിമയം തുടങ്ങിയ മാക്രോ സൂചകങ്ങളെയാണ് മികച്ച തീം കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. അമിതമായ വിലയ്ക്ക് വാങ്ങുന്നത് ഒഴിവാക്കി സന്തുലിതവും വൈവിധ്യമാര്‍ന്നതുമായ പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കുന്നതിനായി അവര്‍ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ കടുപ്പിക്കാറുണ്ട്. അതിലേറെ പ്രധാനമായി സമയബന്ധിതമായി വിറ്റൊഴിയാനും നിക്ഷേപം പുനക്രമീകരിക്കാനും ഫണ്ട് മാനേജര്‍മാര്‍ക്ക് കഴിയുന്നു.
കാര്യക്ഷമമായ നികുതിയാണ് മറ്റൊരുനേട്ടം. 24 മാസത്തിലധികം കൈവശം വെച്ചിരിക്കുന്ന ഈ ഫണ്ടില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് 12.5 ശതമാനം ഫ്ളാറ്റ് നികുതിയാണ്. 2025 മെയ് 30ലെ കണക്ക് പ്രകാരം മികച്ച നേട്ടമാണ് ഈ ഫണ്ട് നല്‍കിയിരിക്കുന്നത്. ഒരുവര്‍ഷം കൊണ്ട് 20.85 ശതമാനവും മൂന്ന് വര്‍ഷത്തില്‍ 21.38 ശതമാനവും അഞ്ച് വര്‍ഷത്തില്‍ 28.74 ശതമാനവും വാര്‍ഷിക നേട്ടം നല്‍കി എന്നത് പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്ന തീമാറ്റിക് സമീപനത്തിന്റെ സാധ്യതകള്‍ എടുത്തുകാട്ടുന്നു.
* മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖിക.
(ധനം മാഗസിന്‍ ജൂലൈ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)
Read DhanamOnline in English
Subscribe to Dhanam Magazine