Image courtesy: Canva
Personal Finance

വിവാഹ, വിദ്യാഭ്യാസ, ചികിത്‌സ ആവശ്യങ്ങള്‍ക്ക് പി.എഫ് തുക പിന്‍വലിക്കുമ്പോള്‍ അറിഞ്ഞിരിക്കണം, ചില കാര്യങ്ങള്‍

പബ്ലിക് പ്രോവിഡന്റ് ഫണ്ടിലെ നോമിനി വിശദാംശങ്ങള്‍ ഇനി ഫീസില്ലാതെ പുതുക്കാം.

Dhanam News Desk

ദീർഘകാല സമ്പാദ്യത്തിനുള്ള ഉദ്യോഗസ്ഥരുടെ സുരക്ഷിത മാര്‍ഗമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) കണക്കാക്കപ്പെടുന്നു. പ്രോവിഡന്റ് ഫണ്ട് ഓട്ടോ സെറ്റിൽമെന്റ് പരിധി 5 ലക്ഷം രൂപയായി ഉയർത്താനുളള നടപടികളിലാണ് അധികൃതര്‍. വിരമിച്ചതിന് ശേഷം ജീവനക്കാരന്റെ ജീവിതം സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്‌തതാണ് പ്രോവിഡന്റ് ഫണ്ട്.

അതേസമയം വിരമിക്കുന്നതിന് മുമ്പ് പി.എഫ് തുക ആക്‌സസ് ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഉണ്ട്. അടിയന്തര സാഹചര്യങ്ങളിലാണ് ഇത്തരത്തില്‍ തുക പിന്‍വലിക്കാന്‍ സാധിക്കുക. മെഡിക്കൽ (അസുഖ) ചെലവുകൾ, വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട ജീവിത സന്ദര്‍ഭങ്ങളില്‍ പി.എഫ് തുക പിന്‍വലിക്കാന്‍ സാധിക്കും.

പബ്ലിക് പ്രോവിഡന്റ് ഫണ്ടിലെ നോമിനി വിശദാംശങ്ങള്‍ ഇനി ഫീസില്ലാതെ പുതുക്കാവുന്നതാണ്. ഫീസ് ഒഴിവാക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഏപ്രില്‍ രണ്ടു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

വിവാഹം, വിദ്യാഭ്യാസം

വിവാഹത്തിനോ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടി പിഎഫ് തുക പിന്‍വലിക്കുന്നതിന് നിയമങ്ങൾ താരതമ്യേന കർശനമാണ്. കുറഞ്ഞത് ഏഴ് വർഷമെങ്കിലും ഇപിഎഫിൽ അംഗമായിരുന്നവര്‍ക്കാണ് ഇത്തരത്തില്‍ തുക പിന്‍വലിക്കാന്‍ സാധിക്കുക. ജീവനക്കാർക്ക് അവരുടെ സംഭാവനയുടെ 50 ശതമാനം (പലിശ ഉൾപ്പെടെ) വരെയാണ് പിൻവലിക്കൽ പരിധി. വിവാഹത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള പിൻവലിക്കലുകളുടെ പരിധി മൂന്ന് തവണയാണ്.

വിവാഹത്തിനായുളള പിന്‍വലിക്കല്‍ സ്വന്തം ആവശ്യത്തിനോ, സഹോദരങ്ങള്‍ക്കോ, മക്കള്‍ക്കോ വേണ്ടി ആകാം. അതേസമയം ഉന്നത വിദ്യാഭ്യാസത്തിനായുള്ള പിൻവലിക്കലുകൾ മകനോ മകള്‍ക്കോ വേണ്ടി മാത്രമാണ്.

ഇപിഎഫ്ഒ പോർട്ടൽ വഴി അംഗങ്ങള്‍ക്ക് തുക പിൻവലിക്കുന്നതിനായി അപേക്ഷിക്കാം. നിലവില്‍ 1 ലക്ഷം രൂപ വരെയുള്ള തുകകൾക്ക് ഇ-സേവ പോർട്ടൽ വഴി 3-4 ദിവസത്തിനുള്ളിൽ ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നതാണ്. ഓട്ടോ സെറ്റിൽമെന്റ് പരിധി ഉയര്‍ത്തിയാല്‍ ഈ തുകയില്‍ വര്‍ധന ഉണ്ടാകും.

മെഡിക്കൽ കാരണങ്ങള്‍

പി.എഫില്‍ അംഗമായതിന് ശേഷം എപ്പോള്‍ വേണമെങ്കിലും മെഡിക്കൽ കാരണങ്ങളില്‍ തുക പിൻവലിക്കാം. വിവാഹം, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ഇപിഎഫ് പിൻവലിക്കലുകളിൽ നിന്ന് വ്യത്യസ്തമായി, മെഡിക്കൽ കാരണങ്ങളാൽ ഒന്നിലധികം തവണ തുക പിൻവലിക്കാവുന്നതാണ്.

അത്തരം പിൻവലിക്കലുകളുടെ പ്രോസസിംഗ് സമയം സാധാരണയായി 7-10 ദിവസമാണ്. അഭ്യർത്ഥിച്ച തുക 1 ലക്ഷത്തിൽ കുറവാണെങ്കിൽ നിലവില്‍ ക്ലെയിം ഓട്ടോമാറ്റിക് ആയി അംഗീകരിക്കപ്പെടും.

www.epfindia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അംഗങ്ങള്‍ക്ക് തുക ഓണ്‍ലൈനായി പിന്‍വലിക്കാവുന്നതാണ്. ഓഫ്‌ലൈൻ പിൻവലിക്കലിനായി, അംഗങ്ങളുടെ സമീപമുളള ഇപിഎഫ്ഒ ഓഫീസ് സന്ദർശിച്ച് അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകൾ സമര്‍പ്പിക്കേണ്ടതാണ്. രേഖകള്‍ ഓഫീസിലെത്തി സമര്‍പ്പിക്കുമ്പോള്‍ 10-15 ദിവസം എടുക്കുന്നത് ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ 3-4 ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും.

ഓൺലൈൻ ആയി അപേക്ഷിക്കുമ്പോഴും ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് അംഗങ്ങള്‍ ഉറപ്പാക്കേണ്ടതാണ്. വലിയ തുക പിൻവലിക്കുന്നതിന് അംഗങ്ങള്‍ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ രേഖകൾ പോലുള്ള അധിക തെളിവുകൾ നൽകേണ്ടി വന്നേക്കാം.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള ഇപിഎഫ് അക്കൗണ്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്ത് സൂക്ഷിക്കാന്‍ അംഗങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ടിലെ പേര് ഇപിഎഫ് രേഖകളിലെ പേരുമായി പൊരുത്തപ്പെടണമെന്ന് ഇപിഎഫ്ഒ നിഷ്കര്‍ഷിക്കുന്നു. അപേക്ഷയിലെ തെറ്റുകൾ കാലതാമസം വരുത്തുന്നതിനോ നിരസിക്കുന്നതിനോ കാരണമാകും. പിൻവലിക്കൽ പ്രക്രിയ സുഗമമാക്കുന്നതിന് കെ.‌വൈ.‌സി വിശദാംശങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT