ശരിയായ സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ അഭാവം നിരവധി ആളുകളെയാണ് ക്രമരഹിതമായ ചെലവുകൾ, പണപ്പെരുപ്പം, പാപ്പരത്തം എന്നിവയ്ക്ക് ഇരയാക്കുന്നത്. ഈ പ്രശ്നങ്ങൾ പലരെയും കടത്തെ ആശ്രയിക്കാനും ജീവിതത്തിലെ അവശ്യവസ്തുക്കളിൽ വിട്ടുവീഴ്ച ചെയ്യാനും ദീർഘകാല സമ്പാദ്യം ഇല്ലാതാക്കാനും നിർബന്ധിതരാക്കുന്നു.
മെഡിക്കൽ അടിയന്തരാവസ്ഥകൾ, ജോലിയില്‍ നിന്ന് പെട്ടെന്ന് വിട്ടു നില്‍ക്കേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യം, ജീവിതത്തിലെ അവിചാരിത ചെലവുകൾ തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. ഈ സന്ദര്‍ഭങ്ങളിലാണ് അടിയന്തര ഫണ്ടിന്റെ (എമര്‍ജന്‍സി ഫണ്ട്) ആവശ്യകത വലിയ തോതില്‍ ഉണ്ടാകുന്നത്. 75 ശതമാനം ഇന്ത്യക്കാർക്കും ശരിയായ എമര്‍ജന്‍സി ഫണ്ടില്ല എന്നാണ് അടുത്തിടെ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത്.
12 മാസത്തിനുള്ളിൽ എങ്ങനെ അടിയന്തിര ആവശ്യങ്ങള്‍ക്കുളള സുരക്ഷാ ഫണ്ട് സൃഷ്ടിക്കാമെന്നാണ് ഇവിടെ പരിശോധിക്കുന്നത്.
വാടക, യൂട്ടിലിറ്റികൾ, പലചരക്ക് സാധനങ്ങൾ, വൈദ്യുതി ബില്ലുകൾ, തീർപ്പാക്കാത്ത വ്യക്തിഗത വായ്പ, ക്രെഡിറ്റ് കാർഡ് ഇഎംഐ കൾ എന്നിവയുൾപ്പെടെയുള്ള നിങ്ങളുടെ പ്രതിമാസ ചെലവുകൾ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രതിമാസ ചെലവുകള്‍ കുറഞ്ഞത് മൂന്ന് മുതൽ ആറ് മാസം വരെ ആസൂത്രിതമായ രീതിയിൽ നിര്‍വഹിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് എത്ര പണം സമ്പാദ്യത്തിനായി നീക്കിവെക്കാന്‍ സാധിക്കുമെന്ന ധാരണ നിങ്ങള്‍ക്ക് നല്‍കും.
സേവിംഗ്സ് അക്കൗണ്ട്
പതിവ് ചെലവുകളുമായി പണം കൂട്ടിക്കലർത്തുന്നത് ഒഴിവാക്കാനായി ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നത് പരിഗണിക്കേണ്ടതാണ്. ഇത് നിങ്ങളെ എമര്‍ജന്‍സി ഫണ്ട് വേർതിരിച്ച് സൂക്ഷിക്കാൻ സഹായിക്കും. ഈ അക്കൗണ്ടിലേക്ക് പണം ഓട്ടോമേറ്റ് ചെയ്യുന്നത് സമ്പാദ്യം സുഗമമാക്കും.
ആഡംബര വാങ്ങലുകൾ ഒഴിവാക്കുക
ശമ്പള ദിനങ്ങളില്‍ അമിതമായി ചെലവഴിക്കുന്ന പ്രവണത ഇന്ത്യക്കാരിലുണ്ട്. ഇത് പണം സമ്പാദിക്കുന്നത് പരിമിതപ്പെടുത്തുന്ന പ്രക്രിയയാണ്. അവശ്യ ചെലവുകൾ ആസൂത്രണം ചെയ്യുകയും മുൻഗണന നൽകുകയും ചെയ്യുക. വില കൂടിയ വാച്ചുകള്‍, ആഡംബര വസ്ത്രങ്ങള്‍ തുടങ്ങിയ പര്‍ച്ചേസ് ചെലവുകള്‍ കുറക്കുക. ഈ പണം നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടിലേക്ക് നല്‍കുക.
വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കാനുളള ശ്രമങ്ങള്‍ നടത്തുക. നിങ്ങളുടെ വരുമാനം ഫ്രീലാൻസിംഗ്, സൈഡ് ബിസിനസുകള്‍, സൈഡ് ജോലികൾ തുടങ്ങിയവയിലൂടെ വർദ്ധിപ്പിക്കാന്‍ ശ്രമിക്കുക. ചെറിയ അധിക വരുമാനം പോലും കാലക്രമേണ നിങ്ങളുടെ സമ്പാദ്യത്തെ വലിയ തോതില്‍ ത്വരിതപ്പെടുത്തും.
പുരോഗതി പ്രതിമാസം അവലോകനം ചെയ്യുക
നിങ്ങളുടെ സമ്പാദ്യത്തിന്റെ പുരോഗതി പതിവായി അവലോകനം ചെയ്യുകയും പരിശോധിക്കുകയും ചെയ്യുക. ആവശ്യമെങ്കിൽ കൂടുതല്‍ പണം സമ്പാദ്യത്തിനായി മാറ്റിവെക്കുക. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിശ്ചിത സമയപരിധിക്കുള്ളിൽ ലക്ഷ്യം നേടുന്നതിനായി ശരിയായ പാതയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനും തുടര്‍ച്ചായ ട്രാക്കിംഗ് നിങ്ങളെ സഹായിക്കുന്നു.
ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത് മുകളിൽ നൽകിയിരിക്കുന്ന ഘട്ടങ്ങൾ 12 മാസത്തേക്ക് സ്ഥിരമായി പിന്തുടര്‍ന്നാല്‍ നിങ്ങൾക്ക് എളുപ്പത്തിൽ ഒരു എമര്‍ജന്‍സി ഫണ്ട് സൃഷ്ടിക്കാം. വായ്പകൾ എടുക്കാന്‍ നിർബന്ധിതരാവുക, ക്രെഡിറ്റ് കാർഡ് ചെലവുകള്‍ വര്‍ധിക്കുക, ഉയർന്ന പലിശ നിരക്കുകളുളള തിരിച്ചടവ് നല്‍കേണ്ടി വരിക തുടങ്ങിയ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സഹായകരമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine