Image courtesy: Canva
Personal Finance

വലിയ തുകയുടെ പേഴ്‌സണല്‍ ലോണ്‍ എളുപ്പത്തില്‍ എങ്ങനെ കിട്ടും? അറിയേണ്ടത് ഇവയാണ്...

40 ശതമാനത്തിൽ താഴെയായി എഫ്.ഒ.ഐ.ആര്‍ നിലനിര്‍ത്തുന്നത് ലോണ്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുളള സാധ്യത കൂട്ടുന്നു

Dhanam News Desk

വലിയ തുകയുടെ പേഴ്സണല്‍ ലോണുകള്‍ ലഭിക്കുന്നത് പലര്‍ക്കും വളരെ ബുദ്ധിമുട്ടായി അനുഭവപ്പെടാറുണ്ട്. ബാങ്കുകളും ഫിൻടെക് സ്ഥാപനങ്ങളും വലിയ തുകകൾ നൽകാൻ തയ്യാറാണെങ്കിലും, അവർ അത് എളുപ്പത്തിൽ നൽകാറില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പാലിച്ചാല്‍ വലിയ തുകയ്ക്കുളള പേഴ്സണല്‍ ലോണ്‍ ലഭിക്കാനുളള സാധ്യത നിങ്ങള്‍ക്ക് മെച്ചപ്പെടുത്താവുന്നതാണ്.

ശക്തമായ ഒരു സാമ്പത്തിക പ്രൊഫൈൽ നിർമ്മിക്കുകയാണ് ഇതില്‍ ആദ്യത്തേത്. ക്രെഡിറ്റ് സ്കോര്‍ 750 ന് മുകളിലാണെങ്കില്‍ വേഗത്തില്‍ ലോണ്‍ ലഭിക്കാനുളള സാധ്യതയാണ് ഉളളത്. ശമ്പളമുള്ള അപേക്ഷകർക്ക് കുറഞ്ഞത് ഒരു വർഷത്തെ തുടർച്ചയായ സാലറി സ്ലിപ്പ് ഉണ്ടായിരിക്കണം. സ്വയം തൊഴിൽ ചെയ്യുന്ന ബിസിനസുകാര്‍ രണ്ടോ മൂന്നോ വർഷത്തെ സ്ഥിരതയുള്ള ബിസിനസ് ചരിത്രം കാണിക്കുന്നത് നല്ലതാണ്.

എഫ്.ഒ.ഐ.ആര്‍

മറ്റൊരു പ്രധാന കാര്യം FOIR ല്‍ ശ്രദ്ധിക്കണമെന്നതാണ്. നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ എത്ര ഭാഗം ഇതിനകം തന്നെ EMI കളിലും മറ്റ് ബാധ്യത കളിലുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് കണക്കാക്കുന്നതാണ് വരുമാനവും ബാധ്യതകളും തമ്മിലുളള അനുപാതം (Fixed Obligation to Income Ratio). 40 ശതമാനത്തിൽ താഴെയുള്ള FOIR ലോണ്‍ എടുക്കുന്നവര്‍ക്ക് തിരിച്ചടവുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ധനകാര്യ സ്ഥാപനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.

ഉദാഹരണമായി നിങ്ങളുടെ വരുമാനം 60,000 രൂപയും 30,000 രൂപക്ക് ഇ.എം.ഐ കൾ അടയ്ക്കുകയും ചെയ്താൽ നിങ്ങളുടെ FOIR 50 ശതമാനമാണ്. അത് ഉയർന്ന എഫ്.ഒ.ഐ.ആര്‍ ആയി കണക്കാക്കുന്നു.

ഡിജിറ്റല്‍ രേഖകള്‍

നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതും ലോണ്‍ വേഗത്തില്‍ അംഗീകരിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനായി കൃത്യസമയത്ത് ബില്ലുകൾ അടച്ചും വീഴ്ചകൾ ഒഴിവാക്കിയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ആരോഗ്യകരമായി നിലനിർത്തേണ്ടതാണ്. ലോണ്‍ പേയ്‌മെന്റുകൾ മുടങ്ങാനുള്ള സാധ്യത ഒഴിവാക്കാനായി ഇഎംഐകൾക്കായി ഓട്ടോ-ഡെബിറ്റ് സജ്ജീകരിക്കുന്നത് നല്ലതാണ്. ഡിജിറ്റലായി നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ അടയാളപ്പെടുത്തുക. അക്കൗണ്ടിലേക്ക് ശമ്പളം ക്രെഡിറ്റ് ചെയ്യുക, നികുതി ഫയലിംഗുകൾ തുടങ്ങിയവക്ക് വ്യക്തമായ ഡോക്യുമെന്റേഷൻ നിലനിർത്തുക. ഇത് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത് എളുപ്പമാക്കുന്നു.

പക്ഷെ വ്യക്തിഗത വായ്പകൾക്ക് സുരക്ഷിത വായ്പകളേക്കാള്‍ (Secured loan) ഉയർന്ന പലിശ നിരക്കാണ് ഉളളതെന്ന് ശ്രദ്ധിക്കുക. വിലയേറിയ ആസ്തി ഈടായി പണയം വെച്ച് വായ്പ എടുക്കുന്നതിനെയാണ് സുരക്ഷിത വായ്പ എന്നു പറയുന്നത്. അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വായ്പ പേഴ്സണല്‍ ലോണായി എടുക്കുന്നത് നിങ്ങള്‍ക്ക് ഭാവിയില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

പണ്ട് ആഴ്ചകള്‍ എടുത്തിരുന്ന ലോണ്‍ പ്രോസസിംഗ് പ്രക്രിയ ഇപ്പോള്‍ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വഴി വളരെ വേഗത്തിലാക്കിയിട്ടുണ്ട്. ഇ-കെവൈസി, തൽക്ഷണ വരുമാന പരിശോധന, പശ്ചാത്തല പരിശോധനകൾ എന്നിവയിലൂടെ വായ്പകൾക്ക് മണിക്കൂറുകൾക്കുള്ളിൽ അംഗീകാരം ലഭിക്കുന്നു. ഈ സംവിധാനങ്ങൾ കൃത്യമായ രേഖകളെ ആശ്രയിച്ചാണ് ഉളളത്. അതിനാല്‍ അപൂർണ്ണമോ പൊരുത്തമില്ലാത്തതോ ആയ രേഖകള്‍ സമർപ്പിക്കുന്നത് ലോണിന്റെ അംഗീകാരം വൈകിപ്പിക്കുന്നതിനോ നിരസിക്കുന്നതിനോ കാരണമാകുന്നു.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ, എഫ്ഒഐആര്‍, തൊഴിൽ രേഖ, തിരിച്ചടവ് അച്ചടക്കം തുടങ്ങിയ കൃത്യമായി പാലിക്കേണ്ടത് ലോണിനുളള അംഗീകാര സാധ്യത മെച്ചപ്പെടുത്തുക മാത്രമല്ല, അനുയോജ്യമായ നിബന്ധനകളിൽ ആവശ്യമുള്ള തുക ലഭിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന കാര്യം ഓര്‍മിക്കുക.

Tips to get high-value personal loans easily by improving credit score, FOIR, and maintaining financial discipline.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT