Image courtesy: Canva
Personal Finance

പേഴ്സണൽ ലോൺ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നോ? ഭാവിയിലെ നിയമക്കുരുക്ക് ഒഴിവാക്കാൻ എന്ത് ചെയ്യണം?

പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങാതിരിക്കുമ്പോൾ ലോൺ ഇഎംഐ മുടങ്ങിപ്പോകുമെന്നോ അടയ്ക്കാൻ വൈകിയേക്കുമെന്നോ ടെൻഷൻ അടിക്കുന്നവരാണ് മിക്കവരും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സാവകാശം ഭാവിയിലെ നിയമനടപടികളും ഒഴിവാക്കാം.

Dhanam News Desk

അടിയന്തര ഘട്ടങ്ങളിൽ ഉയരുന്ന സാമ്പത്തികാവശ്യം നേരിടുന്നതിനായി മിക്കവരും ആശ്രയിക്കുന്ന വായ്പകളിലൊന്നാണ് പേഴ്സണൽ ലോൺ. വാഹന, ഭവന വായ്പകളിൽ നിന്നും വ്യത്യസ്തമായി പ്രത്യേക ഈട് (Collateral) നൽകാതെ തന്നെ പേഴ്സണൽ ലഭിക്കും എന്നതാണ് മുഖ്യ ആകർഷണം. ക്രെഡിറ്റ് സ്കോറും വരുമാന സ്ഥിരതയും ഒക്കെ അടിസ്ഥാനമാക്കിയാകും പലിശ നിരക്ക് നിശ്ചയിക്കപ്പെടുക. പ്രതിമാസ തവണകളായി (ഇഎംഐ) തിരിച്ചടയ്ക്കാനും അവസരം നൽകുന്നു.

അതേസമയം പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങാതിരിക്കുന്ന വേളയിൽ ലോണിന്റെ ഇഎംഐ മുടങ്ങിപ്പോകുമെന്നോ അടയ്ക്കാൻ വൈകുമെന്നോ ഒക്കെ ടെൻഷൻ അടിക്കുന്നവരാണ് മിക്കവരും. എന്നാൽ കേവലം ഒരു തവണ വായ്പ തിരിച്ചടവ് തെറ്റിപ്പോയി എന്നതുകൊണ്ട് മാത്രം വലിയ നിയമ കുരുക്കിലേക്ക് അതു തള്ളിവിടില്ല. പക്ഷേ നിങ്ങൾ ശരിക്കും സാമ്പത്തിക ബു​ദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് പാലിച്ചാൽ നിങ്ങൾക്ക് സാവകാശം ലഭിക്കും. റിക്കവറി ഏജന്റുമാരുടെ ഫോൺ കോളുകളും ഒഴിവാക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

ധനകാര്യ സ്ഥാപനവുമായി നേരത്തെ തന്നെ ബന്ധപ്പെടുക

ഒരു തവണ ഇഎംഐ മാറിപ്പോയതുകൊണ്ട് നിയമ കുരുക്ക് നേരിടേണ്ടി വരില്ല. ആവ‌ർത്തിച്ച് മാസതവണ തെറ്റിക്കുകയും തിരിച്ചടവ് നിർത്തുകയും ചെയ്താൽ മാത്രമാണ് ആ വായ്പ കുടിശികയായെന്ന് ധനകാര്യ സ്ഥാപനങ്ങൾ കണക്കാക്കുകയും വലിയ നിയമ വ്യവഹാരങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നത്. തുടർച്ചയായ ഫോൺ വിളികൾ ധനകാര്യ സ്ഥാപനങ്ങളുടെ ഭാ​ഗത്തുനിന്നും ഉണ്ടാകാം. അപ്പോൾ ഫോൺ എടുക്കാതെ നിശബ്ദത പാലിക്കുന്നതാണ് മോശം പ്രതികരണം. കാര്യം തിരക്കാൻ ധനകാര്യ സ്ഥാപനം വിളിക്കുമ്പോൾ വിശദീകരണം നൽകാതെ തീർത്തും പ്രതികരിക്കാതെയിരുന്നാൽ നിങ്ങൾ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് പകരം തിരിച്ചടയ്ക്കാനുള്ള മനസ്സില്ലായ്മയായി അതിനെ തെറ്റിദ്ധരിക്കപ്പെടാം.

പകരം കാര്യകാരണം ബോധിപ്പിക്കുന്ന രേഖാമൂലമുള്ള വിശദീകരണം നൽകിയാൽ നിങ്ങൾക്ക് സാവകാശത്തിനുള്ള വഴിതെളിയാം. വായ്പ തിരിച്ചടവ് പുനർക്രമീകരിക്കാനോ, ഇഎംഐ ഷെഡ്യൂളിൽ മാറ്റം വരുത്താനോ, താത്കാലിക തിരിച്ചടവ് ആശ്വാസത്തിനോ വഴിയൊരുങ്ങാം. അതായത് തിരിച്ചടവിൽ വീഴ്ച വരുന്നപക്ഷം ധനകാര്യ സ്ഥാപനത്തെ എത്രയും വേ​ഗത്തിൽ രേഖാമൂലം വസ്തുതകൾ ധരിപ്പിക്കുകയും ചെയ്യുക. സജീവമായി തുടർന്നും ബന്ധപ്പെടുകയും ചെയ്താൽ നിങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിനിടയിൽ എന്തെങ്കിലും സാവകാശം ലഭിക്കാനുള്ള സാധ്യതയുണ്ടന്ന് ചുരുക്കം.

റിക്കവറി കോളുകൾ ഒഴിവാക്കരുത്, പക്ഷേ പരിധി നിശ്ചയിക്കാം

ഇഎംഐ തെറ്റിപ്പോയാൽ റിക്കവറി കോളുകൾ വരുന്നത് മിക്കവരേയും വിഷമിപ്പിക്കുന്ന സം​ഗതിയാണ്. എന്നാൽ അവരുടെ ഫോൺ എടുക്കാതിരുന്നാലാണ് കൂടുതൽ സമ്മർദം നേരിടുക. പകരം ഫോൺ കോൾ എടുക്കുകയും സമാധാനത്തോടെ വസ്തുതകളും ധരിപ്പിക്കുക. എന്നുംവച്ച് അസമയത്ത് വിളിക്കുന്ന കോളുകൾ അറ്റൻഡ് ചെയ്യുന്നതിനോ അസഭ്യം പറഞ്ഞാൽ സഹിച്ചുകൊണ്ട് നിൽക്കുന്നതിനോ നിങ്ങൾക്ക് ബാധ്യതയില്ല. റിക്കവറി ഏജന്റുമാർക്കുള്ള വ്യക്തമായ മാർ​ഗനിർദേശങ്ങളും നിയന്ത്രണങ്ങളും ഇന്ത്യയിൽ നിലവിലുണ്ട്. പരിധി കടന്നുള്ള ഏതൊരു റിക്കവറി കോളിനെതിരേയും നിങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്. നമ്മൾക്കുള്ള അവകാശങ്ങൾ അറി‍ഞ്ഞിരിക്കുന്നതും സന്നി​​ഗ്ദ്ധഘട്ടത്തിൽ സമചിത്തത കൈവെടിയാതെ സൂക്ഷിക്കുന്നതിന് സഹായിക്കും.

സ്വയമൊന്ന് അവലോകനം ചെയ്യുക

നമ്മൾക്കുള്ള സാമ്പത്തിക ബാധ്യതയെ കുറിച്ച് സത്യസന്ധമായൊന്ന് സ്വയം വിശകലനം നടത്തുക. വാടക, ഭക്ഷണം, മരുന്ന് പോലെയുള്ള ഒഴിവാക്കാനാകാത്ത ചെലവുകൾ നേരിട്ടുകൊണ്ട് എത്രത്തോളം പണം ഇപ്പോൾ തിരിച്ചടയ്ക്കാൻ സാധിക്കുമെന്ന് പരിശോധിക്കുക. ഇത്തരത്തിൽ ഭാ​ഗികമായ ഇഎംഐ അടവിന് ശ്രമിക്കുന്നത് പോലും നമ്മളുടെ വായ്പ തിരിച്ചടവിനുള്ള ഉത്തരവാദിത്തവും സന്നദ്ധതയെയും വെളിവാക്കുന്ന ഘടകമാകും. ഒന്നിലധികം വായ്പകൾ നിലവിലുണ്ടെങ്കിൽ, ഈടൊന്നും നൽകാതെ നേടിയ പേഴ്സണൽ ലോണുകൾക്ക് മുൻ​ഗണന നൽകുക. ഇത്തരം അൺസെക്വേഡ് ലോണുകളിലാകും വേ​ഗത്തിലുളള റിക്കവറി നടപടികൾ സ്വീകരിക്കാറുള്ളത്.

അതുപോലെ ഇപ്പോഴത്തെ ലോൺ തീർക്കുന്നതിനായി ഉയർന്ന പലിശയുള്ള പുതിയ ലോണിനായി ശ്രമിക്കരുത്. അത് ദീർഘകാല കടക്കെണിയിലേക്ക് തള്ളിവിടുന്ന കുരുക്കായി മാറാം. ബാധ്യതയുടെ വലിപ്പം ഉയർന്നതും വരുമാനം അതിനൊത്ത് വരുന്നുമില്ലെങ്കിൽ സാമ്പത്തിക ആസൂത്രണത്തിന് പ്രൊഫഷണൽ സഹായം തേടുകയോ അല്ലെങ്കിൽ വിശ്വസ്തരായ അഭിഭാഷകരിൽ നിന്നും നിയമോപദേശം നേടാനോ ശ്രമിക്കുക.

എപ്പോഴാകും നിയമക്കുരുക്ക് തലപൊക്കുക?

ഒരു വായ്പ മുടങ്ങിയാൽ ഉപയോക്താവിന്റെ ഭാ​ഗത്തുനിന്നും തിരിച്ചടവിനുള്ള സാധ്യത ഇല്ലാതായാലാണ് മറ്റ് നിയമപരമായ നടപടികളിലേക്ക് ധനകാര്യ സ്ഥാപനങ്ങൾ പൊതുവേ കടക്കാറുള്ളത്. നിരവധി മാസങ്ങളിൽ ഇഎംഐ മുടങ്ങുകയും ഒരു പ്രശ്നപരിഹാരത്തിനുള്ള വഴികളെല്ലാം അടയുകയും ചെയ്താൽ മാത്രമാണ് ഇത്തരമൊരു നീക്കം പരി​ഗണിക്കുക.

എന്നിരുന്നാൽപോലും കുടിശിക തിരിച്ചുപിടിക്കാനുള്ള റിക്കവറി നടപടിക്കാകും മുൻ​ഗണന. സാമ്പത്തിക ബുദ്ധിമുട്ട് കാരണമുള്ള വായ്പ കുടിശികയിൽ സാധാരണ തടവ് പോലുള്ള ശിക്ഷാ നടപടിക്ക് കോടതികൾ മുതിരാറില്ല. പകരം ഉപയോക്താവ് തിരിച്ചടയ്ക്കാനുള്ള സത്യസന്ധമായ ശ്രമം നടത്തിയിരുന്നോ എന്നതാകും പരിശോധിക്കുന്നത്. അതിനാൽ നിയമ വ്യവഹാരങ്ങളിൽ സുതാര്യതയോടെ ഇടപെടുന്നത് ​ഗുണകരമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT