Bank loans Image by Canva
Personal Finance

ഹോം ലോൺ എങ്ങനെ വേ​ഗത്തിൽ തിരിച്ചടയ്ക്കാം? ഇതാ 5 സ്മാർട്ട് ട്രിക്കുകൾ

ഒരു ലോൺ എടുക്കുക എന്നാൽ ഭാവി വരുമാനം കൂടി ലോക്ക് ചെയ്യപ്പെടുക എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ കഴിയുന്നതുംവേ​ഗം വായ്പ അടച്ചുതീർക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടും ​ഗുണകരമാണ്.

Dhanam News Desk

സ്വന്തമായൊരു ഭവനം കരസ്ഥമാക്കുക എന്നത് ഏവരുടേയും സ്വപ്നമാണ്. എന്നാൽ ഇത് സഫലമാക്കാൻ വലിയൊരു തുക ആവശ്യമാണ് എന്നതിനാൽ മിക്കവർക്കും വായ്പയെ ആശ്രയിക്കേണ്ടിവരുന്നു. അതുകൊണ്ട് തന്നെ വീട് വാങ്ങുക എന്നത്, ഒരാളുടെ ജീവിതത്തിൽ എടുക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ഉത്തരവാ​ദിത്തങ്ങളിലൊന്ന് കൂടിയാകുന്നു.

താരതമ്യേന വൻ തുക വായ്പ എടുക്കുന്നതിനാൽ തിരിച്ചടവ് കാലയളവും ദൈർഘ്യമേറിയതായിരിക്കും. പ്രതിമാസ തിരിച്ചടവിന്റെ (ഇ.എം.ഐ) ഭാരം താഴ്ന്നുനിൽക്കുന്നതിനായി 20-30 വർഷക്കാലമൊക്കെ ലോൺ കാലാവധിയായി വയ്ക്കുന്നവരും ഉണ്ട്. എന്നാൽ പലിശ ഇനത്തിൽ വലിയൊരു തുക പോക്കറ്റിൽ നിന്നും ചോർന്നുപോകുമെന്നതാണ് ഇതിന്റെ മറുവശം.

എന്തുകൊണ്ട് വേ​ഗത്തിൽ തിരിച്ചടയ്ക്കണം?

ഒരു ലോൺ എടുക്കുക എന്നാൽ ഭാവി വരുമാനം കൂടി ലോക്ക് ചെയ്യപ്പെടുക എന്നാണ് അർത്ഥമാക്കുന്നത്. അതിനാൽ കഴിയുന്നതുംവേ​ഗം വായ്പ അടച്ചുതീർക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടും ​ഗുണകരമാണ്. പലിശ ഇനത്തിൽ നഷ്ടമാകുമായിരുന്ന പണം ലാഭിക്കാം എന്നതുമാത്രമല്ല കുടുംബ ബജറ്റ് മെച്ചപ്പെടും, ക്രെഡിറ്റ്‍വർത്തിനെസ്സ് (Creditworthiness) വർധിക്കും, കൂടാതെ ദീർഘകാല സാമ്പത്തിക സമ്മർദം ഇല്ലാതാക്കും അതുവഴി മിച്ചംപിടിക്കുന്ന തുക നിക്ഷേപത്തിലേക്ക് വക മാറ്റിയാൽ സമ്പത്ത് കെട്ടിപ്പടുക്കാം നേരത്തെ വിരമിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യാം എന്നിങ്ങനെ നിരവധി ​ഗുണവശങ്ങളുമുണ്ട്.

5 സ്മാർട്ട് ട്രിക്കുകൾ

  • ഇതിൽ ഒന്നാമതായി, ഭവന വായ്പയുടെ ഒരുഭാ​ഗം നേരത്തെ അടച്ചുതീർക്കാൻ ശ്രമിക്കുക. പ്രത്യേകിച്ചും തിരിച്ചടവിന്റെ തുടക്ക കാലത്ത് തന്നെ. ഇത്തരത്തിൽ പ്രീപെയ്മെന്റ് നടത്തുമ്പോൾ ഔട്ട്സ്റ്റാൻഡിങ് പ്രിൻസിപ്പൽ എമൗണ്ടും താഴും. ബാക്കിയുള്ള തിരിച്ചടവ് കാലയളവിലെ പലിശ ബാധ്യതയിലും ഇത് കുറവു വരുത്തും.

  • അതുപോലെ പ്രീപെയ്മെന്റ് നടത്തുകയാണെങ്കിൽ ഇ.എം.ഐയിൽ കുറവു വരുത്താതെ പകരം തിരിച്ചടവ് കാലയളവ് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. കാരണം ദീർഘകാലയളവിൽ പലിശയായി നഷ്ടപ്പെടാമായിരുന്ന സ്വന്തം പണം ലാഭിക്കാൻ ഇത് സഹായിക്കും. അതേസമയം ഇഎംഐ കുറയ്ക്കുന്നത് താത്കാലിക ആശ്വാസം മാത്രമാണെന്നും തിരിച്ചടവ് കാലാവധി കുറയ്ക്കാത്തതിനാൽ പലിശ ഇനത്തിലുള്ള പണ നഷ്ടം ചുരുക്കാൻ കഴിയില്ലെന്നതും ഓർക്കുക.

  • മൂന്നാമതായി വായ്പ എടുക്കുമ്പോൾ പരാമവധി താഴ്ന്ന പലിശ നിരക്ക് ലഭിക്കുന്നതിനായി ബാങ്കുമായി കൂടിയാലോചന നടത്തുക. ഇക്കാര്യത്തിൽ അമാന്തിക്കരുത്. പലിശ നിരക്കിലെ നേരിയ കുറവ് പോലും ദീർഘകാലയളവിൽ ലക്ഷങ്ങളായിരിക്കും നിങ്ങൾക്ക് ലാഭിക്കാൻ കഴിയുന്നത്.

  • സമാനമായി ഇടയിലെപ്പോഴെങ്കിലും കൈയിലേക്ക് എത്തിച്ചേരുന്ന അധികപണമോ വരുമാനമോ ഉപയോ​ഗപ്പെടുത്തി ഇഎംഐ തുക ക്രമേണ വർധിപ്പിക്കാൻ ശ്രമിക്കുക. ഇതിലൂടെ ​ഹോം ലോണിന്റെ തിരിച്ചടവ് കാലാവധി കുറയ്ക്കുന്നതിനും മൊത്തം പലിശ ഭാരം താഴ്ത്താനും സഹായിക്കും.

  • അതുപോലെ ഫിക്സഡ് റേറ്റിലുള്ള വായ്പയാണ് നിങ്ങൾ എടുത്തിട്ടുള്ളതെങ്കിൽ ഫ്ലോട്ടിം​ഗ് റേറ്റിൽ പലിശ ഈടാക്കുന്ന വായ്പയിലേക്ക് മാറുക. ആർബിഐ അടിസ്ഥാന നിരക്കുകളിൽ കുറവ് വരുത്തുമ്പോൾ ഇഎംഐ തുക താഴാനും പലിശ ഭാരം കുറയാനും ഈ നീക്കം സഹായകരമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT