പശ്ചിമേഷ്യയിലെ യുദ്ധം കരുതിയതിലും നീണ്ടുനിൽക്കുകയോ അല്ലെങ്കിൽ സംഘർഷം കൂടുതൽ രൂക്ഷമാകുകയോ ചെയ്താൽ ഇന്ധന വിതരണത്തിൽ അനിശ്ചിതത്വം നേരിടുമോയെന്ന ചർച്ചകളൊക്കെ വിവിധകോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ പുതിയതായി വാഹനം വാങ്ങാൻ പോകുന്നവർക്കിടയിൽ വൈദ്യുത വാഹനങ്ങളോടുള്ള (ഇ.വി) താത്പര്യം വർധിക്കുന്നതായും വിലയിരുത്തലുണ്ട്.
അതേസമയം വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ, രാജ്യത്ത മിക്ക വാണിജ്യ ബാങ്കുകളും പ്രത്യേകം ഓഫറുകളും പലിശയിൽ ഇളവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ നൽകുന്നുണ്ട്. സാധാരണ വാഹനങ്ങൾക്കുള്ള വായ്പകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ശതമാനം വരെ പലിശ നിരക്കിൽ ഇളവ് അനുവദിക്കുന്ന ബാങ്കുകളുണ്ട്. നിലവിൽ വൈദ്യുത വാഹന വായ്പയിൽ പലിശ ഇളവും ആനുകൂല്യങ്ങളും അനുവദിക്കുന്ന പ്രമുഖ ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI): സാധാരണ കാർ ലോണിന്റെ പലിശയേക്കാൾ 0.20 ശതമാനം താഴ്ന്ന നിരക്കിൽ വൈദ്യുത വാഹനങ്ങളുടെ വായ്പ ലഭിക്കും. തിരിച്ചടവ് കാലയളവ് 3 വർഷം മുതൽ 8 വർഷം വരെ (സാധാരണ കാർ ലോണിന്റെ പരമാവധി തിരിച്ചടവ് കാലാവധി 7 വർഷമാണ്). വാഹനത്തിന്റെ ഓൺ-റോഡ് വിലയുടെ (On-road price) 90 ശതമാനം വരെ വായ്പ ലഭിക്കാം. ലോണിന്റെ പ്രോസസിംഗ് ഫീസിൽ ഇളവുകൾ ലഭ്യമാണ്.
2. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ: സാധാരണ കാർ ലോണിന്റെ പലിശയേക്കാൾ 0.10 ശതമാനം കുറഞ്ഞ നിരക്കിൽ വൈദ്യുത വാഹന വായ്പ ലഭിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടിയുള്ള വായ്പയിൽ പലപ്പോഴും പ്രോസസിംഗ് ചാർജുകൾ പൂർണ്ണമായി ഒഴിവാക്കി നൽകാറുണ്ട്. കസ്റ്റമറുടെ സിബിൽ സ്കോർ അനുസരിച്ച് 7.40 ശതമാനം മുതലുള്ള പലിശയിൽ വാഹന വായ്പകൾ ലഭ്യമാണ്.
3. പഞ്ചാബ് നാഷണൽ ബാങ്ക്: സാധാരണ കാർ ലോണിനേക്കാൾ 0.05 ശതമാനം താഴ്ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മിക്കപ്പോഴും ലോണിന്റെ പ്രോസസിംഗ് ഫീസും ഡോക്യുമെന്റേഷൻ ചാർജുകളും ഒഴിവാക്കി നൽകാറുണ്ട്.
4. ബാങ്ക് ഓഫ് ബറോഡ: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് പലിശ നിരക്കിൽ 0.25 ശതമാനം വരെ ഇളവ് അനുവദിക്കുന്നുണ്ട്.
5. കാനറ ബാങ്ക്: സാധാരണ വാഹന വായ്പയേക്കാൾ കുറഞ്ഞ നിരക്കും ആകർഷകമായ തിരിച്ചടവ് സൗകര്യവും വൈദ്യു വാഹന വായ്പകളിൽ അനുവദിക്കുന്നുണ്ട്. ചില പ്രത്യേക അവസരങ്ങളിൽ ലോണിന്റെ പ്രോസസിംഗ് ഫീസ് പൂർണമായി ഒഴിവാക്കി നൽകാറുണ്ട്.
6. ബാങ്ക് ഓഫ് മഹാരാഷ്ട്ര: സാധാരണ വാഹന വായ്പയേക്കാൾ 0.25 ശതമാനം വരെ താഴ്ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പ്രോസസിംഗ് ഫീസ് ഒഴിവാക്കി നൽകാറുണ്ട്.
പൊതുമേഖല ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ പലിശ നിരക്ക് അല്പം ഉയർന്നതാണെങ്കിലും നടപടി ക്രമങ്ങളിലെ വേഗതയാണ് സവിശേഷത. മുൻനിര ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കും ഒക്കെ വൈദ്യുത വാഹനങ്ങൾക്ക് പ്രത്യേക സ്കീമുകൾ വഴി പ്രത്യേകം ആനുകൂല്യങ്ങളും ഇളവുകളും നൽകുന്നു. കൃത്യസമയത്ത് തിരിച്ചടയ്ക്കുന്നവർക്ക് പലിശയിൽ ഇളവ് ലഭിക്കാം. ഫെഡറൽ ബാങ്ക് പലപ്പോഴും ഇ.വി. ഡീലർമാരുമായി ചേർന്ന് കുറഞ്ഞ പലിശ നിരക്കുകളും പ്രോസസിംഗ് ഫീസ് ഒഴിവാക്കുന്ന ഓഫറുകളും ഒക്കെ നൽകാറുണ്ട്.
സിബിൽ സ്കോർ 750-ന് മുകളിലാണെങ്കിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കാനുള്ള സാധ്യത.
പലിശയിലെ ഇളവിനൊപ്പം പ്രോസസിംഗ് ഫീസ് പൂർണ്ണമായും ഒഴിവാക്കി തരുന്നുണ്ടോ എന്ന് ബാങ്ക് അധികൃതരോട് ചോദിച്ചു മനസ്സിലാക്കുക.
ചില ഇലക്ട്രിക് വാഹനങ്ങൾക്ക് സംസ്ഥാന സർക്കാരുകൾ സബ്സിഡികൾ അനുവദിക്കുന്നുണ്ട്. അക്കാര്യവും വിശദമായി തിരക്കുക.
അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ്, രണ്ടോ മൂന്നോ ബാങ്കുകളിലെ നിരക്കുകളുമായി താരതമ്യം ചെയ്യുന്നത് ഗുണകരമായിരിക്കും. ഇതിനായി ബാങ്കുകളിൽ നേരിട്ട് സന്ദർശിക്കാവുന്നതാണ്.
(പലിശ നിരക്കുകൾ റിസർവ് ബാങ്ക് നയങ്ങൾക്കനുസരിച്ച് മാറ്റത്തിന് വിധേയമായതിനാൽ, കൃത്യമായ നിരക്കുകൾ ഓരോ ബാങ്കിന്റെയും ശാഖകളിലോ വെബ്സൈറ്റിലോ അന്നേദിവസം പരിശോധിച്ച് ഉറപ്പുവരുത്തുന്നതും ഉചിതമായിരിക്കും.)
Read DhanamOnline in English
Subscribe to Dhanam Magazine