ആഗോള തലത്തിൽ ടെക്നോളജി സെക്ടർ വലിയ തോതിലുള്ള പരിവർത്തനത്തിന്റെ പാതയിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ചയാണ് ഇതിന് കാരണം. സോഫ്റ്റ്‍വെയർ മേഖലയെ മറികടന്ന് 2030-ഓടെ ആഗോള എഐ വിപണി 1.8 ലക്ഷം കോടി ഡോളറിലേക്ക് വളരുമെന്നാണ് പൊതുവേയുള്ള നിഗമനം. കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഓട്ടോമേഷൻ വിപുലീകരിക്കുന്നതും ജനറേറ്റീവ് എഐയുടെ സംയോജനവും മെഷീൻ ലേണിങ് വ്യാപാനവുമൊക്കെ ഇതിനുള്ള പശ്ചാത്തലം ഒരുക്കുമെന്നാണ് പ്രതീക്ഷ.
കമ്പനികൾ കാര്യക്ഷമതയും ലാഭവും വർധിപ്പിക്കുന്നതിനും പുതിയ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനുമായി എഐ സാങ്കേതികവിദ്യയെ ആവേശത്തോടെ സ്വീകരിക്കുകയാണ്. ഐടി കമ്പനികളും എഐ സാധ്യത പ്രയോജനപ്പെടുത്തുന്നു. ഈയൊരു പശ്ചാത്തലത്തിൽ എഐ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിച്ചിട്ടുള്ള 3 മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ വിശദാംശങ്ങൾ നോക്കാം.
പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് 2026 ജനുവരിയിൽ അവതരിപ്പിച്ച ഓപ്പൺ-എൻഡഡ് തിമാറ്റിക് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് (Open-ended thematic equity fund) സ്കീമാണ് ഇൻവെസ്കോ ഇന്ത്യ ടെക്നോളജി ഫണ്ട്. ഇതിന്റെ നിക്ഷേപം ചുരുങ്ങിയത് 80 ശതമാനമെങ്കിലും ടെക്നോളജി, ഓട്ടോമേഷൻ, റോബോട്ടിക്സ്, എഐ, ക്ലൗഡ് പോലെയുള്ള വിവര സാങ്കേതികവിദ്യ മേഖലയിലാണ്.
ജനുവരി മാസത്തിനൊടുവിലെ കണക്കുകൾ പ്രകാരം 316 കോടി രൂപയുടെ ആസ്തികളാണ് ഈ മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നത് (AUM). ഈ സ്കീമിന്റെ എക്സ്പെൻസ് റേഷ്യോ 2.39 ശതമാനമാണ്. നിലവിൽ ഇൻവെസ്കോ ഇന്ത്യ ടെക്നോളജി ഫണ്ടിന്റെ 99.41 ശതമാനം നിക്ഷേപവും ഓഹരിയിലും ബാക്കിയുള്ളത് പണമായും സൂക്ഷിച്ചിരിക്കുന്നു. 25 ഓഹരികളിലാണ് നിക്ഷേപമുള്ളത്. പ്രധാനപ്പെട്ട 10 ഓഹരികളിലാണ് മൊത്തം നിക്ഷേപത്തിന്റെ 64.67 ശതമാനവും.
പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന് കീഴിലുള്ള മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് ഹൗസ് 2024 നവംബറിൽ അവതരിപ്പിച്ച ഓപ്പൺ-എൻഡഡ് തിമാറ്റിക് ഇക്വിറ്റ് സ്കീമാണ് മോത്തിലാൽ ഓസ്വാൾ ഡിജിറ്റൽ ഇന്ത്യ ഫണ്ട്. നിക്ഷേപത്തിന്റെ 80 ശതമാനമെങ്കിലും സോഫ്റ്റ്‍വെയർ, ഹാർഡ്‍വെയർ, മീഡിയ, ഇന്റർനെറ്റ്, ഇ-കൊമേഴ്സ് തുടങ്ങിയ ഡിജിറ്റൽ, ടെക്നോളജി സെക്ടറുകളിൽ നിന്നുള്ള ഓഹരികളിലാണ്.
2030-ഓടെ ഒരു ലക്ഷം കോടി ഡോളറായി വളരുമെന്ന് കരുതപ്പെടുന്ന രാജ്യത്തെ ഡിജിറ്റൽ സമ്പദ്ഘടനയിലെ മുന്നേറ്റത്തിന്റെ ഗുണഫലം നേടാനാണ് ഈ ഫണ്ടിന്റെ ശ്രമം. ജനുവരിയിലെ റിപ്പോർട്ട് പ്രകാരം 846 കോടി രൂപയാണ് മോത്തിലാൽ ഓസ്വാൾ ഡിജിറ്റൽ ഇന്ത്യ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിമൂല്യം. ഈ ഫണ്ടിന്റെ എക്സ്പെൻസ് റേഷ്യോ 0.90 ശതമാനമാണ്. നിലവിൽ 94.35 ശതമാനവും ഓഹരികളിലാണ് നിക്ഷേപം. ഇതിന്റെ 63 ശതമാനവും സ്മോൾ ക്യാപ് ഓഹരികളിലാണുള്ളത്. ഇപ്പോൾ 26 ഓഹരികൾ ഫണ്ടിന്റെ കൈവശമുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ യു.ടി.ഐയുടെ കീഴിലുള്ള ഓപ്പൺ-എൻഡഡ് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമാണ് യു.ടി.ഐ ഇന്നോവേഷൻ ഫണ്ട്. 2023 നവംബറിലാണ് സ്കീം വിപണിയിൽ അവതരിപ്പിച്ചത്. ദീർഘകാല വളർച്ച സാധ്യതയുള്ള നവീന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ബിസിനസ് ചെയ്യുന്ന കമ്പനികളുടെ ഓഹരികളിവാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപിക്കുന്നത്. എന്നിരുന്നാലും ഡിസ്റപ്ഷൻ റിസ്ക് (Disruption risks) ഘടകങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നവിധമാണ് നിക്ഷേപവിന്യാസമെന്നാണ് ഫണ്ട് വ്യക്തമാക്കുന്നത്.
ജനുവരിയിലെ കണക്കുകൾ പ്രകാരം, യു.ടി.ഐ ഇന്നോവേഷൻ ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി മൂല്യം 753 കോടി രൂപയാണ്. ഈ ഫണ്ടിന്റെ എക്സ്പെൻസ് റേഷ്യോ (ഡയറക്ട് പ്ലാൻ) 0.93 ശതമാനമാണ്. നിലവിൽ ഫണ്ടിന്റെ കീഴിലുള്ള നിക്ഷേപത്തിന്റെ 95.76 ശതമാനവും ഓഹരികളിലാണ്. ഇതിന്റെ 60 ശതമാനവും സ്മോൾ ക്യാപ് ഓഹരികളിലാണ് എന്നതും ശ്രദ്ധേയം. നിലവിൽ 28 ഓഹരികളാണ് ഫണ്ടിന്റെ കൈവശമുള്ളത്.
Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ സ്കീമിനെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine