ജോലി മാറുമ്പോൾ ഇപിഎഫ് (EPF) ബാലൻസ് പൂർണമായും പിൻവലിക്കുകയോ പുതിയ അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്യുന്നത് മിക്ക ജീവനക്കാരുടെയും പതിവാണ്. പണം ബാങ്ക് അക്കൗണ്ടിലെത്തുന്നതോടെ നടപടികൾ പൂർത്തിയായെന്ന് പലരും കരുതുന്നു. എന്നാൽ, ഇപിഎസ് (Employees' Pension Scheme) സർവീസ് ഹിസ്റ്ററിയില്‍ മാറ്റം വരുത്താന്‍ പലരും മറന്നുപോകുന്നു. ഇപിഎഫ് ബാലൻസ് പൂജ്യമാണെങ്കിൽ പോലും പെൻഷൻ ആനുകൂല്യങ്ങൾ നിലനിർത്താൻ സർവീസ് റെക്കോർഡുകൾ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറ്റേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇപിഎഫ് ഒരു നിക്ഷേപ അക്കൗണ്ടാണെങ്കിൽ, ഇപിഎസ് ഒരാളുടെ സേവന കാലയളവ് കണക്കാക്കി ഭാവിയിലെ പെൻഷൻ നിശ്ചയിക്കുന്ന പദ്ധതിയാണ്. ഇപിഎസ് 95 നിയമപ്രകാരം, വിരമിച്ച ശേഷമുള്ള മാസ പെന്‍ഷന് അര്‍ഹത നേടാന്‍ കുറഞ്ഞത് 10 വർഷത്തെ യോഗ്യമായ സർവീസ് ആവശ്യമാണ്. ഓരോ തവണ ജോലി മാറുമ്പോഴും പഴയ സർവീസ് റെക്കോർഡുകൾ പുതിയ അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കിൽ, ആ വർഷങ്ങൾ പഴയ മെമ്പർ ഐഡികളിൽ തന്നെ തുടരും. ഇത് നിങ്ങളുടെ പെൻഷൻ കണക്കുകൂട്ടലിൽ വിടവുകൾ സൃഷ്ടിക്കാനും പെൻഷൻ തുക കുറയുന്നതിനോ അർഹത നഷ്ടപ്പെടുന്നതിനോ കാരണമാകും.
ഇപിഎഫ് തുക പിൻവലിച്ചു കഴിഞ്ഞാലും ഓൺലൈനായി ഫോം 13 (Form 13) സമർപ്പിച്ച് സർവീസ് ഹിസ്റ്ററി മാറ്റാവുന്നതാണ്. ഇപിഎഫ്ഒ (EPFO) പോർട്ടലിൽ യുഎഎൻ (UAN) ഉപയോഗിച്ച് ലോഗിൻ ചെയ്ത് 'Online Services' എന്നതിലെ 'Transfer Request' വഴി ഇത് ചെയ്യാം. പഴയ മെമ്പർ ഐഡി നൽകി നിലവിലെ തൊഴിലുടമ വഴി അപേക്ഷ സാക്ഷ്യപ്പെടുത്താവുന്നതാണ്.
യഥാസമയം സർവീസ് ഹിസ്റ്ററി മാറ്റാതിരിക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. അതിനാൽ, പോർട്ടലിലെ 'Service History' പരിശോധിക്കുകയും എല്ലാ തൊഴിലുടമകളുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. വിരമിക്കൽ കാലത്തെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ നടപടി വളരെ പ്രധാനപ്പെട്ടതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine