കേരളത്തിൽ ഫിനാൻഷ്യൽ പ്ലാനിംഗിനെക്കുറിച്ചും ബഡ്ജറ്റിംഗിനെക്കുറിച്ചുമുള്ള അവബോധം പൊതുജനങ്ങളില്‍ വ്യാപകമായി ഉള്ളതായി കാണപ്പെടുന്നില്ല. എന്നാല്‍ സമീപകാലത്തായി സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും വരുമാനത്തിനനുസരിച്ച് പണം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യക്കുറിച്ചും ആളുകള്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. കേവലം മ്യൂച്വൽ ഫണ്ട് നിക്ഷേപം എന്നതിലുപരി, ഒരാളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ (Goals) തിരിച്ചറിഞ്ഞ് അച്ചടക്കത്തോടെയുള്ള പ്ലാനിംഗ് നടത്തുന്നതാണ് യഥാർത്ഥത്തിലുളള സാമ്പത്തിക ആസൂത്രണം.
നിലവില്‍ സാമ്പത്തിക ഉപദേശം തേടി എത്തുന്നവരിൽ 60 ശതമാനവും പ്രവാസികളാണെന്ന് (NRIs) ഇന്‍വെസ്റ്റ്മെന്റ് പ്ലാനിംഗ് സ്പെഷ്യലിസ്റ്റും കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അർത്ഥ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയുമായ ഉത്തര രാമകൃഷ്ണന്‍ സിഎഫ്പി പറയുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയാൽ എങ്ങനെ ജീവിക്കണം എന്നതും സുരക്ഷിതമായ വിരമിക്കൽ കാലവുമാണ് അവരുടെ പ്രധാന ആശങ്ക. ഇതിനു പുറമെ, സ്വന്തമായി വരുമാനമുള്ള സ്ത്രീകളും കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കുന്നുണ്ട്.
ഡോക്ടര്‍മാര്‍ തുടങ്ങി പ്രൊഫഷണല്‍ മേഖലയില്‍ ജോലി ചെയ്യുന്നവരും സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ബിസിനസ് മേഖലയിലുളളവര്‍ ഫിനാൻഷ്യൽ കൺസൾട്ടേഷന് എത്തുന്നത് താരതമ്യേന കുറവാണ്. ദീര്‍ഘകാല ലക്ഷ്യങ്ങളെക്കാള്‍ അവര്‍ക്ക് ചുരുങ്ങിയ സമയപരിധിക്കുളളില്‍ പണം കൂടുതലായി റോള്‍ ചെയ്യേണ്ട സാഹചര്യം ഉളളതായിരിക്കാം ഇതിനുളള കാരണമെന്നും ഉത്തര രാമകൃഷ്ണന്‍ പറയുന്നു. മാതാപിതാക്കൾ വരുത്തിയ സാമ്പത്തിക തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളും കടുത്ത കടബാധ്യതയിൽ വലയുന്ന കുടുംബങ്ങളും ഇന്ന് കൂടുതലായി പ്രൊഫഷണൽ ഉപദേശം തേടുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം മൂലം സാമ്പത്തിക കാര്യങ്ങളിൽ കൺസൾട്ടേഷൻ തേടാൻ ആളുകൾ ഇപ്പോൾ തയാറാകുന്നുണ്ട്.
കൃത്യമായ ഒരു ഫിനാൻഷ്യൽ പ്ലാൻ തയാറാക്കുന്നതിന് മുമ്പായി വരുമാനം, ചെലവ്, അസറ്റുകൾ, കടബാധ്യതകൾ തുടങ്ങിയവ സംബന്ധിച്ച് വ്യക്തമായ ധാരണയില്‍ എത്തുകയാണ് വേണ്ടത്. ഇതിലൂടെ ഓരോ വ്യക്തിക്കും സ്വന്തം സാമ്പത്തിക സ്ഥിതി വിലയിരുത്തിക്കൊണ്ട് ചെലവ് കുറയ്ക്കാനോ അല്ലെങ്കിൽ ചിലർക്ക് കുറച്ചുകൂടി സ്വാതന്ത്ര്യത്തോടെ പണം ചെലവാക്കാനോ ഉള്ള സാധ്യതകള്‍ ലഭിക്കും. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച ഒരു ചോദ്യാവലി (Questionnaire) പൂരിപ്പിക്കാനാണ് ഫിനാൻഷ്യൽ കൺസൾട്ടേഷൻ മേഖലയിലെ വിദഗ്ധര്‍ ആദ്യം തന്നെ സന്ദര്‍ശകരോട് ആവശ്യപ്പെടുക.
നേരിട്ടുള്ള ഓഹരി നിക്ഷേപങ്ങൾ എല്ലാവർക്കും അനുയോജ്യമാകില്ല, അതിനാല്‍ നിക്ഷേപങ്ങളിൽ മ്യൂച്വൽ ഫണ്ടുകൾക്കാണ് മുൻഗണന നൽകേണ്ടത്. പ്രവാസികൾക്കായി രൂപയുടെ മൂല്യശോഷണ ഭീഷണിയില്ലാത്ത എഫ്.സി.എൻ.ആർ (Foreign Currency Non-Resident account) ഡെപ്പോസിറ്റുകളും ശുപാർശ ചെയ്യപ്പെടുന്നു. കൂടാതെ സ്വര്‍ണം, ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങിയവടക്കമുളള മേഖലകളിലും നിക്ഷേപം നടത്തി സന്തുലിതമായ അസറ്റ് അലോക്കേഷന്‍ നടപ്പാക്കേണ്ടതുണ്ട്. എല്ലാവർക്കുമായി ഹെൽത്ത് ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവയും സാമ്പത്തിക സുരക്ഷയുടെ ഭാഗമായി ശുപാർശ ചെയ്യപ്പെടുന്നു.
കേരളത്തിൽ കണ്ടുവരുന്ന ഏറ്റവും വലിയ സാമ്പത്തിക തെറ്റായി ചൂണ്ടിക്കാട്ടപ്പെടുന്നത് റിയൽ എസ്റ്റേറ്റിലും ആഡംബര വീടുകളിലും വലിയ തുകകൾ മുടക്കി പണം കെട്ടിയിടുന്നതാണ്.
പണലഭ്യത (liquidity) ഇല്ലാത്ത ഇത്തരം നിക്ഷേപങ്ങൾ പലപ്പോഴും സാമ്പത്തിക വളർച്ചയെ തടസപ്പെടുത്തുന്നു.
അതേസമയം മലയാളികൾക്ക് സ്വർണത്തിലുള്ള നിക്ഷേപ താല്പര്യം നിലവിലെ വിപണി സാഹചര്യത്തിൽ വലിയ ഗുണമായിട്ടുണ്ട്; സ്വർണവില ഉയർന്നതോടെ പല കുടുംബങ്ങളുടെയും ആസ്തി മൂല്യം (Net worth) ഗണ്യമായി വർദ്ധിച്ചു.
സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അബദ്ധങ്ങളിൽ ചാടാതെ റിസ്ക് കുറച്ചു കൊണ്ട് മുന്നേറുന്നതിനും കൃത്യമായ സാമ്പത്തിക ആസൂത്രണവും ബഡ്ജറ്റിംഗും അനിവാര്യമാണ്. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച സാമ്പത്തിക വിജയം ഉറപ്പാക്കുന്നതിനായി വിദഗ്ധരുടെ സഹായത്തോടെയുള്ള ആസൂത്രണം സഹായകരമാണ്.
കേരളത്തിലെ മാറുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ബഡ്ജറ്റിംഗ് രീതികൾ എന്തൊക്കെയാണെന്ന് നോക്കാം.
കേരളത്തിലെ സാധാരണ കുടുംബങ്ങൾക്ക് പിന്തുടരാവുന്ന ഏറ്റവും ലളിതമായ രീതിയാണിത്. വരുമാനത്തെ മൂന്നായി തിരിക്കാം:
50% അവശ്യകാര്യങ്ങൾ (Needs): വീട്ടുവാടക, പലചരക്ക് സാധനങ്ങൾ, വൈദ്യുതി ബില്ലുകൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ അത്യാവശ്യ ചെലവുകൾക്കായി ഈ വിഹിതം മാറ്റിവെക്കാം.
30% ആഗ്രഹങ്ങൾ (Wants): സിനിമ, യാത്രകൾ, പുതിയ വസ്ത്രങ്ങൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം.
20% സമ്പാദ്യം (Savings/Investments): ഈ തുക നിർബന്ധമായും നിക്ഷേപങ്ങളിലേക്ക് മാറ്റണം.
പണം ഫലപ്രദമായി കൈകാര്യം ചെയ്യാൻ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ (Three Bank System) ഉപയോഗിക്കുന്ന രീതിയാണിത്.
അക്കൗണ്ട് 1 (വരുമാനം): എല്ലാ മാസത്തെയും ശമ്പളം അല്ലെങ്കിൽ വരുമാനം ഇതിൽ വരുന്നു.
അക്കൗണ്ട് 2 (ചെലവുകൾ): മാസചെലവുകൾക്കുള്ള തുക മാത്രം ഈ അക്കൗണ്ടിലേക്ക് മാറ്റുക.
അക്കൗണ്ട് 3 (നിക്ഷേപം): നിക്ഷേപിക്കാനുള്ള തുക ഇതിൽ നിലനിർത്തുക. ഇത് പണം അനാവശ്യമായി ചെലവാകുന്നത് ഒഴിവാക്കാൻ സഹായിക്കും.
എമർജൻസി ഫണ്ട്: അപ്രതീക്ഷിതമായി ഉണ്ടാകുന്ന തൊഴിൽ നഷ്ടം അല്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ കുറഞ്ഞത് 6 മാസത്തെ ചെലവിന് തുല്യമായ തുക ലിക്വിഡ് ഫണ്ടുകളിലോ സേവിങ്സ് അക്കൗണ്ടിലോ സൂക്ഷിക്കണമെന്നും വിദഗ്ധർ ഉപദേശിക്കുന്നു.
ഇൻഷുറൻസ് പരിരക്ഷ
കേരളത്തിലെ ഉയർന്ന ചികിത്സാ ചെലവുകൾ കണക്കിലെടുക്കുമ്പോൾ ഒരു ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്. കുടുംബത്തിന്റെ ഏക വരുമാന സ്രോതസ് നിങ്ങളാണെങ്കിൽ ഒരു ടേം ഇൻഷുറൻസ് കൂടി പ്ലാനിംഗിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.
നിക്ഷേപ രീതികൾ
എസ്.ഐ.പി (SIP): മ്യൂച്വൽ ഫണ്ടുകളിൽ ചെറിയ തുകകൾ കൃത്യമായി നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നല്ല ലാഭം നൽകും.
സ്വർണം: കേരളത്തിലെ പ്രിയപ്പെട്ട നിക്ഷേപ മാർഗമാണെങ്കിലും, അത് ലിക്വിഡ് രൂപത്തിലോ (Gold ETF) സൂക്ഷിക്കുന്നത് കൂടുതൽ ലാഭകരമാണ്.
പി.പി.എഫ് (PPF) / എൻ.പി.എസ് (NPS): ടാക്സ് ലാഭിക്കുന്നതിനും റിട്ടയർമെന്റ് കാലത്തേക്കും ഇവ മികച്ചതാണ്.
മികച്ച സാമ്പത്തിക ഭദ്രത ലഭിക്കുന്നതിനായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ (മക്കളുടെ വിവാഹം, വീട് നിർമ്മാണം, റിട്ടയർമെന്റ് തുടങ്ങിയവ) മുൻകൂട്ടി കണ്ട് പ്ലാൻ ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യം.
Read DhanamOnline in English
Subscribe to Dhanam Magazine