മ്യൂച്വൽ ഫണ്ടുകളുടെ ഫാക്റ്റ്‌ഷീറ്റിൽ കാണുന്ന ക്യാഷ് ബാലൻസ് ട്രഷറി ബില്ലുകൾ, ഓവർനൈറ്റ് ഫണ്ടുകൾ, TREPS പോലുള്ള ലിക്വിഡ് നിക്ഷേപങ്ങളാണ്. റിഡംപ്ഷൻ, ചെലവുകൾ, പോർട്ട്ഫോളിയോ പുനഃക്രമീകരണം എന്നിവയ്ക്കുള്ള ഓപ്പറേഷണൽ ആവശ്യങ്ങൾക്കും വിപണി വിലയിരുത്തി തന്ത്രപരമായി സൂക്ഷിക്കുന്നതാണിത്. എന്നാൽ ഉയർന്ന ക്യാഷ് ബാലൻസ് നല്ലതോ ചീത്തയോ എന്നത് വിപണി സാഹചര്യത്തെ ആശ്രയിച്ചിരിക്കും.
നിങ്ങൾ ഒരു ഇക്വിറ്റി അല്ലെങ്കിൽ ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിന്റെ ഫാക്റ്റ്‌ഷീറ്റ് (Factsheet) പരിശോധിക്കുമ്പോൾ, 'ക്യാഷ് ആൻഡ് ക്യാഷ് ഇക്വിവലന്റ്സ്' (Cash and cash equivalents) എന്നൊരു വരി ശ്രദ്ധിച്ചിട്ടുണ്ടാകും. ഫണ്ടിന്റെ കൈവശം ഇങ്ങനെ ഉയർന്ന തോതിലുള്ള ക്യാഷ് ബാലൻസ് കാണുന്നത് ഫണ്ട് മാനേജർക്ക് വിപണിയെ കുറിച്ച് ആശങ്കയുള്ളതു കൊണ്ടാണോ, അതോ ഫണ്ട് ഹൗസിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണോ ഇത്? ഇതിന് കൃത്യമായ ഉത്തരം നൽകണമെങ്കിൽ അതിന്റെ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ടെന്ന് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
മ്യൂച്വൽ ഫണ്ടുകളുടെ കൈവശം ട്രഷറി ബില്ലുകൾ, ഓവർനൈറ്റ് ഫണ്ടുകൾ, ട്രൈ-പാർട്ടി റെപ്പോകൾ (TREPS) എന്നിവ പോലെ കാര്യമായ മൂല്യനഷ്ടമില്ലാതെ വളരെ വേഗത്തിൽ രൊക്കം പണമാക്കി മാറ്റാൻ സാധിക്കുന്ന (Liquidity) ലിക്വിഡ് നിക്ഷേപങ്ങളെയാണ് ക്യാഷ് എന്ന് വിളിക്കുന്നത്. ഇവ വെറുതെ കിടക്കുന്ന പണമല്ല, മറിച്ച് കുറഞ്ഞ നിരക്കിലാണെങ്കിലും കൃത്യമായി പലിശ വരുമാനം നൽകുന്നവയാണ്. കൂടാതെ സ്കീമിലേക്ക് പുതിയതായി എത്തുന്ന നിക്ഷേപങ്ങൾ അനുയോജ്യമായ ഓഹരികളിൽ വിന്യസിക്കുന്നതിനിടയിലുള്ള കാലതാമസം (Timing lags) കാരണവും മ്യൂച്വൽ ഫണ്ടുകളിൽ ക്യാഷ് നില ഉയരാറുണ്ട്.
ഫണ്ടുകൾ പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കായിട്ടാണ് ക്യാഷ് മാറ്റിവെക്കുന്നത്:
1. ഓപ്പറേഷണൽ ആവശ്യങ്ങൾ: നിക്ഷേപകർ പണം പിൻവലിക്കുമ്പോൾ (Redemptions) നൽകാനും, ഫണ്ടിന്റെ ദൈനംദിന ചെലവുകൾക്കും, നിലവിലുള്ള മറ്റ് നിക്ഷേപങ്ങളെ ബാധിക്കാതെ പോർട്ട്ഫോളിയോ പുനഃക്രമീകരിക്കാനും (Rebalancing) ക്യാഷ് ആവശ്യമാണ്.
2. സ്ട്രാറ്റജിക് ആവശ്യങ്ങൾ: വിപണിയിലെ വാല്യുവേഷൻ വളരെ ഉയർന്നുനിൽക്കുകയും മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ ഫണ്ട് മാനേജർമാർ തന്ത്രപരമായി ക്യാഷ് മാറ്റിവെക്കാറുണ്ട്. വിപണിയിലുണ്ടാകുന്ന പെട്ടെന്നുള്ള തിരുത്തലുകളിൽ (Correction) മികച്ച ഓഹരികൾ വാങ്ങാനായി മാറ്റിവെക്കുന്ന 'ഡ്രൈ പൗഡർ' (Dry powder) ആണ് ഈ തുകയെന്നാണ് സാമ്പത്തിക വിദഗ്ധർ സൂചിപ്പിച്ചത്.
വിപണി ഇടിയുന്ന സാഹചര്യങ്ങളിൽ ഉയർന്ന ക്യാഷ് ബാലൻസ് ഉള്ള ഫണ്ടുകൾക്ക് വലിയ തകർച്ച നേരിടേണ്ടി വരില്ല. കാരണം ഈ പണം വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് പുറത്താണ്. എന്നാൽ വിപണി ശക്തമായി കുതിച്ചുയരുന്ന 'ബുൾ റൺ' (Bull run) സമയത്ത് ഉയർന്ന ക്യാഷ് ബാലൻസ് മ്യൂച്വഷ ഫണ്ടിന്റെ ആകെ പ്രകടനത്തെ (Returns) ദോഷകരമായി ബാധിക്കും. കാരണം നിക്ഷേപിക്കാതെ കിടക്കുന്ന പണത്തിന് വിപണിയിലെ കുതിപ്പ് കൊണ്ടുള്ള ഗുണഫലം ലഭിക്കത്തുമില്ല. അതിനാൽ ഒരു മ്യൂച്വൽ ഫണ്ടിന്റെ കൈവശം ഉയർന്ന ക്യാഷ് ബാലൻസ് ഇരിക്കുന്നത് നല്ലതും ചീത്തയുമെന്ന് വിപണിയുടെ പശ്ചാത്തല സാഹചര്യം വിലയിരുത്തിയേ പറയാനാകൂ.
ഒരു മാസത്തെ ഫാക്റ്റ്‌ഷീറ്റ് മാത്രം നോക്കി നിക്ഷേപകർ തീരുമാനങ്ങൾ എടുക്കരുത്. തുടർച്ചയായ ചില മാസങ്ങളിലെ ട്രെൻഡും ഫണ്ട് മാനേജരുടെ കമന്ററിയും പരിശോധിക്കണം. പൊതുവെ ഇതിനായി ഒരു ആഗോള മാനദണ്ഡമില്ലെങ്കിലും താഴെ പറയുന്ന നിരക്കുകൾ ശ്രദ്ധിക്കാം:
5% വരെ: ഇക്വിറ്റി ഫണ്ടുകളിൽ ഇത് തികച്ചും സാധാരണമായ ഓപ്പറേഷണൽ ആവശ്യങ്ങൾക്കുള്ളതാണ്.
5 - 10%: വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള തന്ത്രപരമായ മാറ്റങ്ങൾ (Tactical positioning).
15%-ത്തിന് മുകളിൽ: കൃത്യമായ കാരണങ്ങളില്ലാതെ ദീർഘകാലം ക്യാഷ് 15 ശതമാനത്തിന് മുകളിൽ തുടരുകയാണെങ്കിൽ, ഫണ്ട് മാനേജർക്ക് പണം കൃത്യമായി വിന്യസിക്കാൻ സാധിക്കുന്നില്ലേ എന്ന് നിക്ഷേപകർ പരിശോധിക്കണം.
ഏറ്റവും വലിയ മുന്നറിയിപ്പ്: മ്യൂച്വൽ ഫണ്ടുകളിലെ 'നെഗറ്റീവ് ക്യാഷ് ഹോൾഡിംഗ്സ്' ആണ് ഏറ്റവും വലിയ റിസ്ക്. വിപണിയിലെ കടുത്ത പ്രതിസന്ധി ഘട്ടങ്ങളിൽ ലിക്വിഡ് അല്ലാത്ത ഓഹരികൾ വിറ്റഴിക്കാൻ സാധിക്കാതെ വരുമ്പോൾ, നിക്ഷേപകർക്ക് പണം തിരികെ നൽകാനായി ഫണ്ടുകൾ കടമെടുക്കുന്ന സാഹചര്യമാണിത്. ഇത്തരമൊരു അവസ്ഥ കണ്ടാൽ നിക്ഷേപകർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine