പ്രതീകാത്മക ചിത്രം Image courtesy: Canva
Personal Finance

യു.എസ്—ജപ്പാൻ പലിശ നിരക്ക് മാറ്റങ്ങൾ ഇന്ത്യൻ കുടുംബ ബജറ്റിനെ ബാധിക്കുന്നത് എങ്ങനെ?

യു.എസ്, ജപ്പാൻ എന്നിവിടങ്ങളിലെ പലിശ നിരക്ക് മാറ്റങ്ങൾ ഡോളർ–രൂപ വിനിമയനിരക്ക്, വിദേശ പഠനച്ചെലവ്, ഓഹരി നിക്ഷേപങ്ങൾ, കുടുംബ ബജറ്റ് എന്നിവയെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് നോക്കാം

Dhanam News Desk

ആഗോള പലിശനിരക്കുകൾ ഇന്ത്യൻ കുടുംബങ്ങളുടെ ഹോം ലോൺ ഇ.എം.ഐ മുതൽ കുട്ടികളുടെ വിദേശ പഠനച്ചെലവുവരെ സ്വാധീനിക്കുന്നു. യു.എസ് യീൽഡ് ഉയർന്നാൽ രൂപ ദുർബലമാകുകയും, ജപ്പാൻ പലിശ ഉയർത്തുമ്പോൾ കാരി ട്രേഡ് പണം പിൻവാങ്ങി വിപണി ഇടിയുകയും ചെയ്യാം. ഇതിനെ നേരിടാൻ കറൻസി മാച്ചിംഗ്, ഡെറ്റ് ഫണ്ടുകൾ, കടബാധ്യത കുറയ്ക്കൽ, സ്വർണ്ണ നിക്ഷേപം എന്നിവ ഉപയോഗിച്ച് സാമ്പത്തിക സുരക്ഷ ഉറപ്പാക്കണം.

ഒരു ഇന്ത്യൻ കുടുംബത്തിന്റെ ഹോം ലോൺ ഇ.എം.ഐ (EMI) നിർണയിക്കുന്നത് റിസർവ് ബാങ്കിന്റെ (RBI) പലിശ നിരക്കുകളാണെന്നാണ് പൊതുവെയുള്ള ധാരണ. കുട്ടികളുടെ വിദേശ പഠന ചെലവ് നിർണയിക്കുന്നത് പണം അയക്കുന്ന ദിവസത്തെ ഡോളർ-രൂപ വിനിമയ നിരക്കാണെന്നും കരുതിപ്പോരുന്നു. സാങ്കേതികമായി ശരിയാണെങ്കിലും, ഈ തീരുമാനങ്ങൾ നടക്കുന്നത് ആഭ്യന്തര വിപണിയിലെ ബലതന്ത്രങ്ങളുടെ മാത്രം അടിസ്ഥാനത്തിലല്ല. യു.എസിലേയും ജപ്പാനിലേയും കടപ്പത്ര വിപണികളും (Bond Market) ഇന്ത്യൻ കുടുംബങ്ങളുടെ സമ്പാദ്യത്തിന്റെയും ചെലവുകളുടെയും ഭാ​ഗധേയം നിർണയിക്കുന്നതിൽ സ്വാധീനിക്കുന്നുണ്ടെന്നതാണ് വസ്തുത.

ഡോളർ നിരക്കും വിദേശ ലക്ഷ്യങ്ങളും

യു.എസ് ട്രഷറി യീൽഡ് (US Treasury yield) ഉയരുമ്പോൾ, ഡോളറിലേക്ക് നിക്ഷേപം ഒഴുകുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. വിദേശ പഠനത്തിനായോ വിനോദയാത്രകൾക്കായോ സമ്പാദിക്കുന്ന ഒരു കുടുംബത്തെ സംബന്ധിച്ച് രൂപയുടെ മൂല്യത്തകർച്ച അധിക സാമ്പത്തിക ബാധ്യതയായി മാറുന്നു.

അതേസമയം, യു.എസ് ട്രഷറി യീൽഡിലെ വർധനവ് അന്താരാഷ്ട്ര ഫണ്ടുകൾ വഴി ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിക്ഷേപകർ പണമിറക്കിയിട്ടുള്ള ആഗോള ടെക്നോളജി ഓഹരികളെ പ്രതികൂലമായി ബാധിക്കുന്നു. അതായത്, വിദേശ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട നിക്ഷേപങ്ങളുടെ മൂല്യം കുറയുകയും, അതേസമയം ചെലവ് വർധഇക്കുകയും ചെയ്യുന്ന ഇരട്ട പ്രഹരമാണ് നിക്ഷേപകർ നേരിടുന്നത്.

ജപ്പാനിലെ മാറ്റങ്ങളും വിപണിയിലെ തകർച്ചയും

വർഷങ്ങളായി നിലനിന്നിരുന്ന കുറഞ്ഞ പലിശ നിരക്ക് കാരണം ജാപ്പനീസ് യെൻ (Yen) കുറഞ്ഞ ചെലവിൽ ലഭ്യമായിരുന്നു. നിക്ഷേപകർ യെൻ വായ്പയെടുത്ത് ഇന്ത്യ പോലുള്ള ഉയർന്ന നേട്ടം നൽകുന്ന വിപണികളിൽ നിക്ഷേപിക്കുന്ന രീതിയാണ് "കാരി ട്രേഡ്" (Carry Trade). ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കുകൾ ഉയർത്തുമ്പോൾ, ഇന്ത്യ പോലുള്ള വിപണിയിൽ നിന്നും ഈ പണം തിരികെ ജപ്പാനിലേക്ക് പോവുകയും വിപണിയിൽ പെട്ടെന്ന് ഇടിവുണ്ടാകാനുള്ള സാധ്യതകൾക്കും വഴിമരുന്നിടുന്നു.

വിപണിയിലുണ്ടാകുന്ന ഇത്തരം ഇടിവുകൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ തകർച്ചയല്ല, മറിച്ച് സാങ്കേതികപരമായ തിരുത്തലുകൾ (Plumbing Event) മാത്രമായി കണ്ടാൽ മതിയെന്നാണ് അനലിസ്റ്റുകളുടെ പക്ഷം. കൂടാതം ഇക്കാര്യം മനസ്സിലാക്കിയിരിക്കുന്നത് പരിഭ്രാന്തി മൂലം ഓഹരികൾ വിറ്റൊഴിയുന്നത് തടയാൻ നിക്ഷേപകരെ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ആഗോള മാറ്റങ്ങളും ഇന്ത്യൻ കുടുംബങ്ങളും

  • യുഎസ് ട്രഷറി യീൽഡ് ഉയർന്നാൽ --------► രൂപയുടെ മൂല്യം ഇടിയാം; വിദേശത്ത് പഠിക്കുന്നവരുടെ ചെലവ് കൂടും.

  • ജാപ്പനീസ് യെൻ കരുത്താർജിച്ചാൽ --------► ജപ്പാനിൽ പലിശനിരക്ക് ഉയരുന്നത് ഇന്ത്യൻ വിപണിയിൽ തിരുത്തലിന് കാരണമാകും.

  • റിസർവ് ബാങ്ക് നയത്തിൽ മാറ്റം --------► ആഗോള പലിശ നിരക്കുകൾക്കനുസരിച്ച് ആഭ്യന്തര പാർപ്പിട വായ്പ നിരക്കുകളിൽ (റിപ്പോ റേറ്റ്) മാറ്റം.

ആഗോള മാറ്റങ്ങളെ എങ്ങനെ പ്രതിരോധിക്കാം?

  • വിദേശ ലക്ഷ്യങ്ങൾക്ക് 'കറൻസി മാച്ചിംഗ്': രൂപയുടെ മൂല്യത്തകർച്ച മറികടക്കാൻ വിദേശ കറൻസി അധിഷ്ഠിത ആസ്തികളിലോ ഗ്ലോബൽ ഫണ്ടുകളിലോ നിക്ഷേപം നിലനിർത്തുക.

  • അടിയന്തര ആവശ്യങ്ങൾക്കുള്ള ഫണ്ട്: അടുത്ത 6-12 മാസത്തിനുള്ളിൽ ആവശ്യമുള്ള പണം കുറഞ്ഞ വ്യതിയാനമുള്ള കടപ്പത്രങ്ങളിൽ (Debt Funds) നിക്ഷേപിക്കുക. ഇത് വിപണിയിലെ തകർച്ചയിൽ നിന്ന് സംരക്ഷണം നൽകും.

  • കടബാധ്യതകൾ കുറയ്ക്കുക: പലിശ നിരക്കുകൾ ഉടൻ കുറയില്ലെന്ന് കണക്കാക്കി ബജറ്റ് തയ്യാറാക്കുകയും, അധിക വരുമാനം ഉപയോഗിച്ച് ഹോം ലോണുകൾ വേഗത്തിൽ തിരിച്ചടയ്ക്കുകയും ചെയ്യുക.

  • സ്വർണ്ണത്തിലെ നിക്ഷേപം: പോർട്ട്‌ഫോളിയോയുടെ 5-15% വരെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കെതിരെ മികച്ച സംരക്ഷണം നൽകും.

യു.എസിലേയും ജപ്പാനിലേയും ഒക്കെ വിപണിയിലുണ്ടാകുന്ന സാമ്പത്തിക ചലനങ്ങൾ സാധാരണക്കാർക്ക് അപ്രധാനമെന്ന് തോന്നാമെങ്കിലും, അത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ നേരിട്ട് സ്വാധീനിക്കുന്നുണ്ടെന്നതാണ് വസ്തുത.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT