Image courtesy: Canva
Personal Finance

Apple മുതൽ Nvidia വരെ: യു.എസ് ഓഹരികളിൽ നിക്ഷേപിക്കണോ? ഇന്ത്യൻ നിക്ഷേപകർ അറിയേണ്ട 7 പ്രധാന റിസ്കുകൾ

യു.എസ് ഓഹരികൾ ഡോളറിലാണ് വിലമതിക്കുന്നത്. ഓഹരി വില ഡോളറിൽ ഉയർന്നാലും, ഡോളറിനെതിരെ രൂപയുടെ മൂല്യം വർദ്ധിച്ചാൽ രൂപയിലേക്ക് മാറ്റുമ്പോഴുള്ള അന്തിമ ലാഭം കുറഞ്ഞേക്കാം

Dhanam News Desk

ആപ്പിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, എൻവിഡിയ തുടങ്ങിയ ആഗോള ഭീമൻ കമ്പനികളിൽ നിക്ഷേപിക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകൾ ലഭ്യമായതോടെ വിദേശ ഓഹരി വിപണിയിലേക്ക് പണമിറക്കുന്നത് ഇന്ത്യൻ നിക്ഷേപകർക്ക് ഏറെ എളുപ്പമായിട്ടുണ്ട്. എന്നാൽ ഇത്തരം എളുപ്പവഴികൾക്ക് പിന്നിൽ നിക്ഷേപകർ നിർബന്ധമായും മനസിലാക്കിയിരിക്കേണ്ട ചില അപായ ഘടകങ്ങളുണ്ട്.

ഇവ ശ്രദ്ധിക്കുക

1. മാർക്കറ്റ് & ടൈം-സോൺ റിസ്ക് (Market & Time-Zone Risk): യു.എസിലെയും ഇന്ത്യയിലെയും സമയ വ്യത്യാസം മൂലം ഇവിടുത്തെ രാത്രി സമയങ്ങളിലാണ് അവിടങ്ങളില്‍ വിപണികൾ പ്രവർത്തിക്കുന്നത്. അതിനാൽ രാത്രിയിലുണ്ടാകുന്ന പ്രധാന വാർത്തകളോ സാമ്പത്തിക ഫലങ്ങളോ വിപണി ചലനങ്ങളോ കണ്ടിട്ട് തൽസമയം പ്രതികരിക്കാൻ പ്രയാസമായിരിക്കും. സാമ്പത്തിക മാന്ദ്യ ഭീതി, പലിശ നിരക്കുകളിലെ മാറ്റങ്ങൾ, കമ്പനികളുടെ മോശം പ്രകടനം എന്നിവ മൂലം ഉണ്ടാകുന്ന വിപണി നഷ്ടത്തിൽ നിന്ന് ഒരു ട്രേഡിംഗ് പ്ലാറ്റ്‌ഫോമും പരിരക്ഷ നൽകില്ല.

2. കറൻസി റിസ്ക് (Currency Risk): യു.എസ് ഓഹരികൾ ഡോളറിലാണ് വിലമതിക്കുന്നത്. ഓഹരി വില ഡോളറിൽ ഉയർന്നാലും, ഡോളറിനെതിരെ രൂപയുടെ മൂല്യം വർദ്ധിച്ചാൽ (Appreciate) രൂപയിലേക്ക് മാറ്റുമ്പോഴുള്ള അന്തിമ ലാഭം കുറഞ്ഞേക്കാം.

3. നികുതിയും നിയമപാലനവും (Taxation & Compliance): ഡിവൈഡന്റുകൾക്കുള്ള വിത്ത്‌ഹോൾഡിംഗ് ടാക്സ്, എൽ.ആർ.എസ് (LRS), ടി.സി.എസ് (TCS) നിബന്ധനകൾ, ഇൻകം ടാക്സ് റിട്ടേണിൽ (ITR) വിദേശ ആസ്തികൾ വെളിപ്പെടുത്തൽ (Form 67 ഉൾപ്പെടെ) എന്നിവയിൽ ഇന്ത്യയിലെയും യു.എസിലെയും നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

4. ബ്രോക്കർ & ആസ്തി പരിരക്ഷ (Broker & Custody Risk): യു.എസിലെ എസ്.ഐ.പി.സി (SIPC) ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് ബ്രോക്കറേജ് സ്ഥാപനങ്ങൾ പരാജയപ്പെടുമ്പോഴുണ്ടാകുന്ന നഷ്ടങ്ങൾക്ക് മാത്രമാണ്, അല്ലാതെ വിപണിയിലെ സാധാരണ നഷ്ടങ്ങൾക്ക് ഇത് ലഭിക്കില്ല. കൂടാതെ മൂന്നാം കക്ഷി ആപ്പുകൾ വഴി ഇടപാട് നടത്തുമ്പോൾ പ്രവർത്തന തടസങ്ങളും ആസ്തി വീണ്ടെടുക്കുന്നതിൽ പ്രശ്നങ്ങളും ഉണ്ടായേക്കാം.

5. മറഞ്ഞിരിക്കുന്ന ചെലവുകൾ (Hidden Costs): ഫോറെക്സ് മാർക്കപ്പ്, ബാങ്ക് ട്രാൻസ്ഫർ നിരക്കുകൾ, റെഗുലേറ്ററി ഫീസുകൾ, പിൻവലിക്കൽ നിരക്കുകൾ, ഇൻആക്ടിവിറ്റി ഫീസുകൾ എന്നിവ ചെറുകിട നിക്ഷേപകരുടെ ലാഭത്തെ ദോഷകരമായി ബാധിക്കും.

6. ഫ്രാക്ഷണൽ ഓഹരി നിബന്ധനകൾ (Fractional Shares): വിലകൂടിയ ഓഹരികളുടെ ഭാഗങ്ങൾ (Fractional shares) വാങ്ങാൻ സാധിക്കുമെങ്കിലും, ഇത്തരം ഓഹരി പോസിഷനുകൾ ഒരു ബ്രോക്കറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ സാധിച്ചേക്കില്ല.

7. സെറ്റിൽമെന്റ് & ലിക്വിഡിറ്റി റിസ്ക് (Settlement & Liquidity Risk): ഡോളർ രൂപയാക്കി മാറ്റി അക്കൗണ്ടിലെത്തിക്കാൻ സമയം വേണ്ടിവരും. കൂടാതെ പ്രധാന ടെക് കമ്പനികളിൽ മാത്രം കേന്ദ്രീകരിച്ച് നിക്ഷേപിക്കുന്നത് കോൺസെൻട്രേഷൻ റിസ്കിനും, സ്മോൾ-ക്യാപ് ഓഹരികൾ ആവശ്യമായ സമയത്ത് വിറ്റഴിക്കാൻ പ്രയാസപ്പെടുന്നത് ലിക്വിഡിറ്റി റിസ്കിനും കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT