Personal Finance

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ വേണം

Dhanam News Desk

കിടപ്പാടം പണയം വെച്ച് ചൂതുകളിക്കുന്നതുപോലെതന്നെ ഒരപകടം പിടിച്ചകാര്യവുമാണ് അശ്രദ്ധമായുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും. അതേസമയം ജീവിതത്തില്‍ ഉണ്ടാക്കുന്ന അത്യാവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തുകയും ചെയ്യാം. അങ്ങനെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പലകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

വ്യവസ്ഥകളും ഉപാധികളും

ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കും മുമ്പ് ഏത് ബാങ്കിന്റെ കാര്‍ഡാണോ എടുക്കുന്നത് ആ ബാങ്കിന്റെ വ്യവസ്ഥകളും ഉപാധികളും ശരിയായി വായിക്കുകയും മനസിലാക്കുകയും ചെയ്യുക.

നിങ്ങള്‍ നിരീക്ഷണത്തിലാണ്

നിങ്ങളുടെ ഓരോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും വരുമാന നികുതി വകുപ്പ് സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ടിക്കുകയാണെന്ന കാര്യം അറിയുക. പ്രഖ്ര്യാപിത വരുമാനവും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും തമ്മില്‍പൊരുത്തക്കേടുെങ്കില്‍ വന്‍ തുക നികുതി കൊടുക്കേണ്ടി വരും.

ഏറ്റവും വലിയ പ്രലോഭനം: എളുപ്പത്തില്‍ പണം കിട്ടും എന്നതാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും വലിയ പ്രലോഭനം. ഇത് കൂടുതല്‍ പണം ചെലവഴിക്കാനുള്ള പ്രേരണകൂടിയാണ്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങും മുമ്പ് ചെലവിന് ഒരു പരിധി വെക്കുകയും അത് കണിശമായി പാലിക്കുകയും വേണം.

കടം വീട്ടാനുള്ള വഴി: കടം വാങ്ങിയാല്‍ തീര്‍ച്ചായും അത് തിരിച്ച് കൊടുക്കേണ്ടി വരും. അതിനാല്‍ കടം വീട്ടാന്‍ ഒരു വഴി ഉറപ്പാക്കിയതിന് ശേഷം മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.

ക്രെഡിറ്റ് പരിധി ഉയര്‍ത്തരുത്

ക്രെഡിറ്റ് കാര്‍ഡിലൂടെ കടം വാങ്ങാവുന്നതിന് ബാങ്ക് നിങ്ങള്‍ക്കൊരു പരിധി

നിശ്ചയിക്കും. അത് നിങ്ങളുടെ വരുമാനവും തിരിച്ചടവു ശേഷിയും മറ്റും പരിഗണിച്ചാണ് നിശ്ചയിക്കുന്നത്. വരുമാനത്തില്‍ കാര്യമായ വര്‍ധന വരാതെ ഈ പരിധി ഉയര്‍ത്താതിരിക്കുന്നതാണ് നല്ലത്.

ക്യാഷ് അഡ്വാന്‍സ് ഒഴിവാക്കുക

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ പിന്‍വലിക്കുന്ന പണത്തിന് മറ്റ് ഇടപാടുകള്‍ക്ക് ഉള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശ കൊടുക്കേണ്ടി വരും.

ബില്ലിംഗ് തിയതി

ഓരോ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയും വിവിധ തിയതിയിലായേക്കാം ഉപയോക്താവിന്റെ ബില്‍ തയാറാക്കുന്നത്. ബില്ലിംഗ് തിയതിക്ക് തൊട്ടുമുമ്പ് ക്രെഡിറ്റ് ഉപയോഗിച്ചാല്‍ ഉടനേ പണം തിരിച്ചടയ്‌ക്കേണ്ടി

വരും.

ചെക്കുകള്‍ നേരത്തേ കൊടുക്കുക

ക്രെഡിറ്റ് കാര്‍ഡ് വായ്പയുടെ തിരിച്ചടവ് നിശ്ചിത തിയതിയേക്കാള്‍ രണ്ടു ദിവസം മുമ്പേ ആകുന്നതാണ് കൂടുതല്‍ സുരക്ഷിതം. തിരിച്ചടവിന് ചെക്ക് കൊടുക്കുന്നവര്‍ അതിന്റെ ക്ലിയറന്‍സിന് വേണ്ടി വരുന്ന സമയം കൂടി കണക്കിലെടുക്കണം.

ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധയോടെ

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ വളരെ ശ്രദ്ധയോടെ നടത്തിയില്ലെങ്കില്‍ വന്‍ സാമ്പത്തിക ബാധ്യത വന്നു ചേര്‍ന്നേക്കും. അപരിചിതമായ വെബ്‌സൈറ്റുകളിലൂടെയുള്ള ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്ന ഏജന്‍സി നിങ്ങളുടെ മുഴുവന്‍ വായ്പകളുടേയും ചരിത്രം റെക്കോഡ് ചെയ്യുന്നുണ്ട്.

ഇത് ഭാവിയില്‍ നിങ്ങള്‍ വായ്പ എടുക്കാന്‍ സാധ്യതയുള്ള മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നുമുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നേടിയ വായ്പ തിരിച്ചടയ്ക്കാതിരുന്നാല്‍ നിങ്ങള്‍ 'ബ്ലാക്ക് ലിസ്റ്റി'ല്‍ പെട്ടേക്കാം. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുമായുള്ള ഇടപാടുകള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT