pension fund Canva
Personal Finance

പ്രായമാകുമ്പോള്‍ ആര് നോക്കും? പെന്‍ഷന്‍ വരുമാനം ഇല്ലെങ്കില്‍ നക്ഷത്രമെണ്ണും; സമ്പാദ്യ ശീലം എങ്ങനെ വേണം

ഇന്ത്യയില്‍ 27 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ പെന്‍ഷന്‍ ഫണ്ടുകളെ കുറിച്ച് അവബോധമുള്ളൂ

Dhanam News Desk

എല്ലാവര്‍ക്കും പ്രായമാകും. ജീവിതത്തിലെ ആവശ്യങ്ങള്‍ അപ്പോഴുമുണ്ടാകും. അതിനുള്ള പണം കയ്യില്‍ ഇല്ലെങ്കിലോ? പെന്‍ഷന്‍ പ്രായത്തിലേക്ക് കടക്കും മുമ്പ് തന്നെ വരുമാനത്തെ കുറിച്ച് ചിന്തിച്ചില്ലെങ്കില്‍ വാര്‍ധക്യം അത്ര സുഖകരമാകില്ലെന്നാണ് ഇന്ത്യയിലെ പെന്‍ഷന്‍ ഫണ്ടിനെ കുറിച്ചുള്ള ചില പഠനങ്ങള്‍ പറയുന്നത്. സാമ്പത്തികമായി ഇന്ത്യയേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും പെന്‍ഷന്‍ ഫണ്ടുകളുടെ വളര്‍ച്ച ഏറെ വലുതാണ്.

റിട്ടയര്‍മെന്റ് ചിന്തയില്ല

റിട്ടയര്‍മെന്റ് കാലത്തെ കുറിച്ച് ഒട്ടും ചിന്തിക്കാത്ത ജനങ്ങളാണ് ഇന്ത്യയില്‍ ഉള്ളതെന്നാണ് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കണക്കുകള്‍ തന്നെ കാണിക്കുന്നത്. ഇന്ത്യയിലെ പെന്‍ഷന്‍ ഫണ്ട് മൂല്യം ജിഡിപിയുടെ മൂന്നു ശതമാനം മാത്രം. ഓസ്‌ട്രേലിയയില്‍ ഇത് 130 ശതമാനും യുകെയില്‍ 100 ശതമാനവും യുഎസില്‍ 150 ശതമാനവുമാണ്. ഇന്ത്യയില്‍ 88 ശതമാനം തൊഴിലാളികള്‍ക്കും പെന്‍ഷനെ കുറിച്ച് ചിന്തയേ ഇല്ല. സര്‍ക്കാര്‍ ജോലി പോലുള്ള സംഘടിത മേഖലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് വാര്‍ധക്യത്തിലെ വരുമാനത്തെ കുറിച്ചുള്ള ചിന്ത.

കാര്യങ്ങള്‍ സുരക്ഷിതമല്ല

പ്രായമായവര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ അത്ര സുരക്ഷിതമല്ല. പണ്ടൊക്കെ കൂട്ടുകുടുംബങ്ങളില്‍ പ്രായമായവരെ നോക്കാന്‍ മറ്റു കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അണു കുടുംബങ്ങളില്‍ അവര്‍ ഒറ്റപ്പെട്ട് പോകുന്നവര്‍ മാത്രമല്ല, നിത്യവൃത്തിക്കുള്ള വരുമാനം പോലുമില്ലാത്തവരാണ്.

2050 ആകുമ്പോള്‍ ഇന്ത്യയില്‍ അഞ്ചില്‍ ഒരാള്‍ 60 വയസിന് മുകളിലുള്ളവരാകുമെന്നാണ് കണക്ക്. ചികില്‍സാ ചെലവുകള്‍ പ്രതിവര്‍ഷം 14 ശതമാനം വര്‍ധിച്ചു കൊണ്ടിരിക്കുന്ന രാജ്യത്ത് പ്രായമായവര്‍ക്ക് മരുന്നിന് പോലും വരുമാനമില്ലാത്ത അവസ്ഥയാണുള്ളത്.

എപ്പോള്‍ തുടങ്ങണം

പെന്‍ഷന്‍ ഫണ്ടിനെ കുറിച്ച് ചിന്തിച്ചു തുടങ്ങേണ്ടത് വാര്‍ധക്യത്തിലേക്ക് കടക്കുമ്പോഴല്ല. ജോലി ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് ഒരു വിഹിതം മാറ്റിവെക്കണമെന്നാണ് ഫിനാന്‍സ് അഡ്വൈസര്‍മാര്‍ പറയുന്നത്. പെന്‍ഷന്‍ പദ്ധതികളിലേക്ക് ഇന്ത്യക്കാര്‍ മാറ്റിവെക്കുന്ന വിഹിതം കുറവാണ്. വരുമാനത്തിന്റെ 12 ശതമാനമാണ് ശരാശരി വിഹിതം. ഇത് 20-30 ശതമാനത്തിലേക്ക് ഉയര്‍ത്തിയാല്‍ മാത്രമേ വരും കാലങ്ങളിലെ ജീവിത ചെലവുകള്‍ക്കുള്ള പണമുണ്ടാകൂ. ഇന്ത്യയില്‍ 27 ശതമാനം ജീവനക്കാര്‍ക്ക് മാത്രമേ പെന്‍ഷന്‍ ഫണ്ടുകളെ കുറിച്ച് അവബോധമുള്ളൂവെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

റിട്ടയര്‍ ചെയ്യാന്‍ എത്ര പണം വേണം

ഓരോരുത്തരുടെയും ചെലവുകള്‍ വ്യത്യസ്തമാകാം. എന്നാല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് റിട്ടയര്‍മെന്റ് ജീവിതത്തിന് പ്രതിമാസം രണ്ട് ലക്ഷം രൂപയെങ്കിലും വേണമെന്നാണ് കണക്കാക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് പ്രതിവര്‍ഷം 6 ശതമാനം പലിശ വരുമാനം കണക്കാക്കിയാല്‍ 4 കോടി രൂപയുടെ നിക്ഷേപമെങ്കിലും ഇതിനായി വേണം. അതായത്, 60 വയസിന് മുമ്പ് ഇത്രയും തുക നിക്ഷേപമാക്കി മാറ്റിയാല്‍ മാത്രമേ നഗരത്തില്‍ ജീവിച്ചു പോകാന്‍ കഴിയൂ. ഗ്രാമവാസികളെ സംബന്ധിച്ച് ഇത് കുറച്ച് കൂടിയ തുകയാകാം. എന്നാല്‍ അവരുടെ ജീവിത നിലവാരത്തിന് അനുസരിച്ചുള്ള നീക്കിയിരിപ്പ് ആവശ്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ അനുകൂലമായ പെന്‍ഷന്‍ പദ്ധതികളില്‍ നിക്ഷേപിച്ച് തുടങ്ങുന്നത് റിട്ടയര്‍മെന്റ് ജീവിതം സമ്മര്‍ദ്ദ രഹിതമാക്കുമെന്നാണ് ഫിനാന്‍സ് മേഖലയില്‍ നിന്നുള്ളവരുടെ ഉപദേശം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT