Personal Finance

ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സ് എന്നാല്‍ എന്താണ്? കാര്‍ഡ് ഉടമയെ സ്വാധീനിക്കുന്നതെങ്ങനെ?

ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Dhanam News Desk

ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കാം. പെട്ടെന്നുണ്ടാകുന്ന അത്യാവശ്യങ്ങള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ക്രെഡിറ്റ് കാര്‍ഡ് സഹായിക്കുമെങ്കിലും ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ കെണിയിലാകും. ഇതില്‍ പ്രധാനമാണ് ഇഎംഐ മുടക്കരുത് എന്നുള്ളതും പരമാവധി ലിമിറ്റ് വരെ ഉപയോഗിക്കരുത് എന്നുള്ളതും. എന്നാല്‍ അത് പോലെ തന്നെ പലരും ആശങ്കപ്പെടുന്ന കാര്യമാണ് നെഗറ്റീവ് ബാലന്‍സ് എന്നത്. അതെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കാണാം.

എന്താണ് ക്രെഡിറ്റ് കാര്‍ഡ് നെഗറ്റീവ് ബാലന്‍സ് ?

നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് പൂജ്യത്തിനും താഴെയാകുമ്പോഴാണ് കാര്‍ഡ് നെഗറ്റീവ് ബാലന്‍സ് ആകുന്നത്. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയില്‍ നിന്ന് പണം വാങ്ങുന്നതിന് പകരം കാര്‍ഡ് ഉടമയുടെ പണം ക്രെഡിറ്റ് കാര്‍ഡ് കമ്പനിയുടെ കയ്യിലാണെന്ന് നെഗറ്റീവ് ബാലന്‍സ് കൊണ്ട് അര്‍ഥമാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുകയോ ബില്ലിംഗ് തീയതിക്ക് ശേഷം ഇവ റിട്ടേണ്‍ ചെയ്യുകയോ ചെയ്താല്‍ ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സിന് സാധ്യതയുണ്ട്.

ഉദാഹരണമായി ഒരാള്‍ ഓണ്‍ലൈനിലൂടെ 40,000 രൂപ വില വരുന്ന ഒരു ഗാഡ്ജറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിക്കുന്നു. ഒരാഴ്ചയ്ക്ക് ശേഷം ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടച്ചു തീര്‍ത്തു. ഇതിന് ശേഷം ഗാഡ്ജറ്റ് റിട്ടേണ്‍ നല്‍കുന്ന സാഹചര്യം വരുന്നു. ഈ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡിലേക്കാണ് പണം റീഫണ്ട് വരുന്നത്.

ഇവിടെ ഓവര്‍ പെയ്മെന്റിലേക്ക് നയിക്കുകയും ക്രെഡിറ്റ് കാര്‍ഡില്‍ നെഗറ്റീവ് ബാലന്‍സ് കാണിക്കുകയും ചെയ്യും. ബില്‍ അടയ്ക്കുന്ന സാഹചര്യത്തിലും ചില ഘട്ടങ്ങളില്‍ ഓവര്‍ പെയ്മെന്റ് സംഭവിക്കാറുണ്ട്. നെഗറ്റീവ് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് വരുന്നത് കൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകമോ?

കാര്‍ഡ് ഉടമ ക്രെഡിറ്റ് ഉപയോഗിക്കുന്നത് ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോയില്‍ നില്‍ക്കുകയും ബില്ലുകള്‍ കൃത്യമായി അടയ്ക്കുകയും ചെയ്താല്‍ ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കും. ബില്‍ ചെയ്ത തുകയേക്കാള്‍ അധികം തുക ക്രെഡിറ്റ് കാര്‍ഡില്‍ വരുന്നത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.

ഓവര്‍ പെയ്‌മെന്റ് എന്ത് ചെയ്യും?

ഓവര്‍ പെയ്മെന്റ് നടത്തിയ ക്രെഡിറ്റ് കാര്‍ഡ് തുക ഭാവിയില്‍ വരുന്ന ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടവിനായി ഉപയോഗിക്കാവുന്നതാണ്. അതേസമയം ആവശ്യമുള്ള പണം ആണെങ്കില്‍ ബാങ്കിനോട് ആവശ്യപ്പെട്ടാല്‍ അധികമായി ക്രെഡിറ്റ് കാര്‍ഡിലേക്ക് അടച്ച പണം തിരികെ ലഭിക്കും. ഈ തുക സേവിംഗ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

നെഗറ്റീവ് ബാലന്‍സ് യാഥാര്‍ഥത്തില്‍ ഒരു ബാധ്യതമാകുന്നില്ല. ക്രെഡിറ്റ് സ്‌കോറിനെയോ തിരിച്ചടവിനവെയോ ഇത് ബാധിക്കുന്നില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലിലേക്ക് അധികമായി അടച്ച തുകയ്ക്ക് പലിശയൊന്നും ക്രെഡിറ്റ് കാര്‍ഡ് കമ്പനി നല്‍കില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT