പല വിധ വായ്പകളുള്ള ഒരു വ്യക്തി മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ ആദ്യം നേരിടുന്ന വലിയ ആശങ്കയാണ് - 'ഇനി ഈ വായ്പകള്‍ ഞങ്ങളാണോ അടയ്‌ക്കേണ്ടത്?' ക്രെഡിറ്റ് കാര്‍ഡ് ബില്‍ മുതല്‍ ഹോം ലോണ്‍ വരെ പലര്‍ക്കും വ്യക്തതയില്ലാത്ത വിഷയമാണിത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളില്‍ ഇതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. വായ്പ തിരിച്ചടവ് സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ വിശദമായി നോക്കാം.
ബാങ്കുകള്‍ സാധാരണയായി ആദ്യം വായ്പ തിരിച്ച് ഈടാക്കുന്നത് മരിച്ച വ്യക്തിയുടെ പേരിലുള്ള ആസ്തികളില്‍ നിന്നാണ്. ആസ്തി എന്നു വെച്ചാല്‍ ബാങ്ക് നിക്ഷേപങ്ങള്‍, ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, വീട്/ഭൂമി, നിക്ഷേപങ്ങള്‍, മറ്റ് സ്വത്തുക്കള്‍. കുടുംബാംഗങ്ങള്‍ സ്വയം സ്വന്തം പണം ഉപയോഗിച്ച് അടയ്‌ക്കേണ്ട നിര്‍ബന്ധമില്ല - ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴികെ.
നിയമാവകാശികള്‍ക്ക് ബാധ്യത ഉണ്ടെങ്കില്‍ അത് അവര്‍ക്ക് ലഭിച്ച അവകാശ ആസ്തിയുടെ പരിധിവരെ മാത്രം ആണ്. അതായത്, മരിച്ചവരുടെ സ്വത്തില്‍ നിന്ന് ലഭിച്ച ഭാഗം ഉപയോഗിച്ച് ബാങ്കിന് തിരിച്ചടക്കാം. സ്വന്തം വരുമാനത്തില്‍ നിന്ന് അധികമായി അടയ്‌ക്കേണ്ടതില്ല. ആസ്തിയൊന്നും ഇല്ലെങ്കില്‍ ബാങ്ക് സാധാരണയായി വായ്പ എഴുതിത്തള്ളും.
വായ്പ എടുക്കുന്ന സമയത്ത് വായ്പയില്‍ കോ-ബോറോവറായി ഒപ്പുവെച്ചിട്ടുണ്ടെങ്കില്‍, പ്രധാന വായ്പ എടുത്തയാളുടെ മരണശേഷം മുഴുവന്‍ ബാധ്യതയും അവര്‍ക്കാണ്. ഗ്യാരണ്ടര്‍ ആണെങ്കില്‍, ഗ്യാരണ്ടര്‍ക്ക് നിയമപരമായി മുഴുവന്‍ വായ്പയും തിരിച്ചടയ്‌ക്കേണ്ട ബാധ്യതയുണ്ട്.
സാധാരണ ക്രെഡിറ്റ് കാര്‍ഡുകളില്‍ (Unsecured) കുടുംബാംഗങ്ങള്‍ വ്യക്തിപരമായി ബാധ്യതയില്ല. മരിച്ചവരുടെ ആസ്തിയില്‍ നിന്ന് മാത്രം ബാങ്കിന് ഈടാക്കാം. ആഡ്-ഓണ്‍ കാര്‍ഡ് ഹോള്‍ഡര്‍ക്ക് പ്രധാന കാര്‍ഡ് ഹോള്‍ഡറുടെ പഴയ കുടിശികയ്ക്ക് ബാധ്യതയില്ല. മരണത്തിന് ശേഷം കാര്‍ഡ് ഉപയോഗിച്ചാല്‍ അത് തട്ടിപ്പായി കണക്കാക്കാം. അതിനുശേഷമുള്ള ചെലവ് ഉപയോഗിച്ച വ്യക്തി തന്നെ അടയ്ക്കണം. ക്രെഡിറ്റ് കാര്‍ഡ് ഒരു ഫിക്‌സഡ് ഡെപ്പോസിറ്റിനെതിരെ നല്‍കിയതാണെങ്കില്‍ ബാങ്ക് എഫ്.ഡി തുകയില്‍ നിന്ന് കുടിശിക വീണ്ടെടുക്കാം. എഫ്.ഡിയിലെ തുകക്ക് മുകളിലൊരു തിരിച്ച് ഈടാക്കല്‍ സാധ്യമല്ല.
വായ്പക്ക് ഈടായി വീട് പോലുള്ള ആസ്തി നല്‍കിയിട്ടുണ്ടെങ്കില്‍ ബാങ്കിന് ആസ്തി ലേലം ചെയ്ത് തുക വീണ്ടെടുക്കാം. കോ-ഓണര്‍ കോ-ബോറോവര്‍ അല്ലെങ്കില്‍ വ്യക്തിപരമായ ബാധ്യതയില്ല. എന്നാല്‍ ആസ്തി വില്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. ലോണ്‍ പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി വായ്പ തീര്‍ക്കും.
മരിച്ചയാള്‍ക്ക് ആസ്തിയൊന്നും ഇല്ലെങ്കില്‍ എന്തുചെയ്യും? അതായത്, ബാങ്ക് ബാലന്‍സ് ഇല്ല. നിക്ഷേപങ്ങള്‍ ഇല്ല. ഇത്തരം സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് തുക തിരിച്ചു പിടിക്കാന്‍ കഴിയില്ല. വായ്പ എഴുതിത്തള്ളേണ്ടി വരും --കോ-ബോറോവര്‍/ഗ്യാരണ്ടര്‍ ഇല്ലെങ്കില്‍.
വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി ബാങ്കിനെ ഉടന്‍ രേഖാമൂലം അറിയിക്കുക. ഇത് പലിശയും പിഴയും നിര്‍ത്താന്‍, ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍, ഇന്‍ഷുറന്‍സ് ക്ലെയിം നടപടി ആരംഭിക്കാന്‍, നിയമപരമായ നടപടികള്‍ തുടങ്ങാനെല്ലാം സഹായിക്കും. ഇതിന് ആവശ്യമായ രേഖകള്‍ ഇവയാണ്:
ക്രെഡിറ്റ് കാര്‍ഡിന്: മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷ, ബന്ധം തെളിയിക്കുന്ന രേഖ (ആവശ്യപ്പെട്ടാല്‍), കാര്‍ഡ്/അക്കൗണ്ട് വിവരങ്ങള്‍
വ്യക്തിഗത വായ്പകള്‍ക്ക്: മരണ സര്‍ട്ടിഫിക്കറ്റ്, നിയമാവകാശികളുടെ ഐഡി & അഡ്രസ് പ്രൂഫ്, വായ്പ അക്കൗണ്ട് വിവരങ്ങള്‍, കുടിശിക സ്റ്റേറ്റ്മെന്റ്, ഇന്‍ഷുറന്‍സ് പോളിസി (ഉണ്ടെങ്കില്‍).
കുടുംബാംഗങ്ങള്‍ക്ക് സ്വാഭാവിക ബാധ്യതയില്ല. വായ്പ തിരിച്ച് ഈടാക്കുന്നത് പ്രധാനമായും മരിച്ചവരുടെ ആസ്തിയില്‍ നിന്നാണ്. കോ-ബോറോവര്‍, ഗ്യാരണ്ടര്‍ എന്നീ സാഹചര്യങ്ങള്‍ വേറിട്ടതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine