2026-27 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റിൽ ഓഹരി വിപണിയിലെ ഡെറിവേറ്റീവ് വിഭാഗത്തിലെ കോൺട്രാക്ടുകളിൽ (ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് F&O) സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് (എസ്ടിടി) നിരക്കുകൾ കുത്തനെ വർധിപ്പിച്ചു. ഇക്വിറ്റി ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളുടേത് 0.05 ശതമാനത്തിലേക്കും ഓപ്ഷൻസ് കോൺട്രാക്ടുകളുടേത് 0.15 ശതമാനമായുമാണ് എസ്ടിടി നിരക്ക് വർധിപ്പിച്ചത്.
2026 ഏപ്രിൽ ഒന്ന് മുതൽ പുതിയ എസ്ടിടി നിരക്ക് പ്രാബല്യത്തിലാകുന്നതോടെ ഡെറിവേറ്റീവ് വിപണിയിലെ ഇടപാടുകൾക്ക് ചെലവേറും. ഇതു ആർബിട്രേജ് മ്യൂച്വൽ ഫണ്ടുകൾക്കും മൾട്ടി അസറ്റ് മ്യൂച്വൽ ഫണ്ടുകൾക്കും തിരിച്ചടി നേരിടാനുള്ള സാധ്യത ഉരുത്തിരിയുന്നു. ഈയൊരു സാഹചര്യം റീട്ടെയിൽ നിക്ഷേപകരെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
പണം നൽകുന്നയുടനെ ഓഹരികൾ ലഭിക്കുന്ന ക്യാഷ് ഇക്വിറ്റി മാർക്കറ്റിൽ (സ്പോട്ട് മാർക്കറ്റ്) രേഖപ്പെടുത്തുന്ന ഓഹരി വിലയും ഭാവിയിൽ നിശ്ചിത തീയതിയിൽ ക്രമപ്പെടുത്താമെന്ന വ്യവസ്ഥയുടെ പുറത്ത് വ്യാപാരം നടക്കുന്ന ഡെറിവേറ്റീവ് വിപണിയിലെ ഓഹരി വിലയും തമ്മിലുള്ള വ്യത്യാസം മുതലെടുത്ത് നേട്ടം കൊയ്യാൻ ശ്രമിക്കുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് ആർബിട്രേജ് ഫണ്ടുകൾ (Arbitrage funds). ഇതിനായി ക്യാഷ് മാർക്കറ്റിൽ ഓഹരി വാങ്ങുകയും ഡെറിവേറ്റീവ് വിപണിയിൽ അതിന്റെ ഫ്യൂച്ചേഴ്സ് വിൽക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ എസ്ടിടി നിരക്ക് വർധിപ്പിക്കുന്നതോടെ, ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് ഇടപാടുകളുടെ ചെലവ് വർധിക്കുന്നു.
ക്യാഷ് - ഡെറിവേറ്റീവ് വിപണികളിലെ നേരിയ വില വ്യതിയാനം മുതലെടുക്കുന്ന ആർബിട്രേജ് ഫണ്ടുകളുടെ ആദായത്തെയും എസ്ടിടി വർധന പ്രതികൂലമായി ബാധിക്കും. എഡൽവീസ് മ്യൂച്വൽ ഫണ്ട് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ട് പ്രകാരം, എസ്ടിടി വർധന കാരണം ആർബിട്രേജ് ഫണ്ടുകളുടെ വാർഷിക ആദായത്തിൽ 0.32 ശതമാനം കുറവുണ്ടാകുമെന്നാണ് നിഗമനം. അതുപോലെ ലിക്വിഡ് ഫണ്ടുകളുടെ (ഹ്രസ്വകാല നിക്ഷേപത്തിന്) ആദായവുമായുള്ള വ്യത്യാസം 1.2 ശതമാനത്തിൽ നിന്നും 0.9 ശതമാനമായും താഴും. ഇത് വലിയൊരു ആഘാതമായി പ്രത്യക്ഷത്തിൽ തോന്നിയേക്കില്ലെങ്കിലും നേരിയ ലാഭമാർജിൻ ഉള്ള ഫണ്ടുകൾക്ക് ഇതു ഗണ്യമായ തിരിച്ചടി സമ്മാനിക്കും.
ഓഹരി, കടപ്പത്രം, സ്വർണം പോലെയുള്ള വിവിധ ആസ്തി വിഭാഗങ്ങളിലായി നിക്ഷേപം വിന്യസിച്ചിട്ടുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകളെയാണ് മൾട്ടി അസറ്റ് ഫണ്ട് എന്നു വിശേഷിപ്പിക്കുന്നത്. ഇവയുടെ നിക്ഷേപം വിവിധ ആസ്തികളിലായി വൈവിധ്യവത്കരിച്ചിട്ടുള്ളതിനാൽ ചെറിയൊരുഭാഗം മാത്രമേ ആർബിട്രേജ് തന്ത്രത്തിലൂന്നിയ അവസരങ്ങളിലും നിക്ഷേപിച്ചിട്ടുണ്ടാകൂ. അതിനാൽ ഇക്വിറ്റി ഡെറിവേറ്റീവ് വിപണിയിലെ എസ്ടിടി നിരക്ക് വർധന കൊണ്ട് കാര്യമായൊരു പ്രത്യാഘാതം മൾട്ടി അസറ്റ് ഫണ്ടുകളിൽ കാണപ്പെടാനുള്ള സാധ്യതയില്ല (വാർഷിക ആദായത്തിൽ 0.08 ശതമാനത്തിൽ താഴെയുള്ള ഇടിവ്) എന്നാണ് എഡൽവീസ് മ്യൂച്വൽ ഫണ്ടിന്റെ റിപ്പോർട്ടിൽ സൂചിപ്പിച്ചത്.
മേൽസൂചിപ്പിച്ച വിവരം എഡൽവീസ് മ്യൂച്വൽ ഫണ്ടിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതു നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine