ബാലചന്ദ്രന്‍ വിശ്വറാം
മക്കൾക്ക് 18 വയസാകുമ്പോൾ തന്നെ മാതാപിതാക്കൾ അവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് തുറക്കും. പാൻ കാർഡ് എടുക്കും. അവരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം പണം അയച്ചുകൊടുത്ത് എസ്‌ഐപി നിക്ഷേപവും ആരംഭിക്കും. പക്ഷേ ഭൂരിഭാഗം മാതാപിതാക്കളും 18 വയസായ മക്കളുടെ പേരിൽ ടേം ഇൻഷുറൻസ് എടുക്കാൻ ശ്രമിക്കുന്നത് കാണാറില്ല.
പ്രായപൂർത്തിയായ മക്കളുടെ പേരിൽ ആദ്യം വേണ്ടത് നിക്ഷേപമോ, ഇൻഷുറൻസോ? മക്കളുടെ അക്കൗണ്ടിലേക്ക് പണമയച്ച് ആ പണം നിക്ഷേപിക്കുന്ന തീരുമാനം എന്തായാലും അത്ര ശരിയല്ല.
സൂപ്പർ കൂൾ മാതാപിതാക്കൾ നേരെ തിരിച്ചാണ് ചെയ്യുന്നത്. അവർ പ്രായപൂർത്തിയായ മക്കളുടെ പേരിൽ ഇൻഷുറൻസ് എടുക്കും. നിക്ഷേപം മക്കൾക്ക് വരുമാനം കിട്ടിയ ശേഷം അവർ തനിയെ ചെയ്യട്ടെ എന്ന തീരുമാനവും എടുക്കും. എന്തുകൊണ്ടാണ് ഇതൊരു ശരിയായ വഴിയാകുന്നു എന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ മക്കൾക്ക് 18 വയസാകുമ്പോൾ മിക്കവാറും അവർ കോളെജിൽ പഠിക്കുകയായിരിക്കും. അവർക്ക് സ്വന്തമായി സമ്പാദിച്ചു തുടങ്ങാൻ പിന്നെയും 4-5 വർഷം വേണ്ടിവരും. എത്രയും നേരത്തെ നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലതെന്ന തീരുമാനത്തിലാകും നിങ്ങൾ 18 വയസാകുമ്പോഴേ കുട്ടിയുടെ അക്കൗണ്ടിലേക്ക് പണം വകമാറ്റി അവരെക്കൊണ്ട് നിക്ഷേപം നടത്തിക്കുന്നത്.
പല മാതാപിതാക്കളും പ്രതിമാസം നിശ്ചിത തുക മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റും. എന്നിട്ട് അതിൽ നിന്ന് എസ്‌ഐപിയിലേക്ക് കൃത്യമായി പോകുന്ന സംവിധാനവും ഒരുക്കും. പ്രതിമാസം 10,000 രൂപ ഇങ്ങനെ മക്കളുടെ അക്കൗണ്ട് വഴി എസ്‌ഐപിയിൽ നിക്ഷേപിച്ചാൽ, 12 ശതമാനം വാർഷിക പലിശ നിരക്ക് കണക്കാക്കിയാൽ, അഞ്ച് വർഷം കൊണ്ട് ഈ നിക്ഷേപം 8.25 ലക്ഷം രൂപയാകും.
മക്കളുടെ കരിയർ തുടങ്ങുമ്പോൾ തന്നെ ഇത്രയും തുക അവരുടെ സമ്പാദ്യമായിരിക്കുന്നത് നല്ലൊരു സാമ്പത്തിക അടിത്തറയാണ്. പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്. ഈ സമ്പാദ്യം ഉണ്ടാക്കിയതിന്റെ ഒരു ബുദ്ധിമുട്ടും അവർ അറിഞ്ഞിട്ടില്ല. അവർ കഷ്ടപ്പെട്ട് ജോലി ചെയ്യാതെ കിട്ടിയ പണത്തിന് വലിയ മൂല്യമൊന്നും കൽപിക്കണമെന്നില്ല.
നിങ്ങൾ പണം നിക്ഷേപിച്ചു. അതിൽ അവർക്കെന്ത് ഉത്തരവാദിത്തം? അവർക്ക് അതിലൂടെ എന്ത് സാമ്പത്തിക പാഠമാണ് കിട്ടിയത്? അവർ എന്തെങ്കിലും സാമ്പത്തിക അച്ചടക്കം പാലിച്ചോ? നിങ്ങൾ മക്കൾക്കായി നിക്ഷേപം തുടങ്ങുമ്പോൾ, അവരുടെ ഉത്തരവാദിത്തവും സാമ്പത്തിക അച്ചടക്കവും സർവാത്മനായുള്ള ഇടപെടലും സാമ്പത്തിക പ്രതീക്ഷകളും ഒന്നുമില്ലെങ്കിൽ ഇതൊരു തെറ്റായ തീരുമാനം തന്നെയാകും. നിങ്ങൾ അവരുടെ നന്മക്കായാണ് ചെയ്യുന്നത്. പക്ഷേ ഫലം മറിച്ചാകാനാകും സാധ്യത.
കുട്ടികൾക്ക് പ്രതിമാസം നിശ്ചിത തുക പോക്കറ്റ് മണിയായി നൽകുക. എന്നിട്ട് അവരെ കൊണ്ടുതന്നെ ചെലവുകൾ നിയന്ത്രിച്ച് നിക്ഷേപിക്കാൻ പഠിപ്പിക്കുക. പണം അവർക്ക് നൽകുമ്പോൾ അതിന്റെ ഉടമ അവരായി. അതിൽ നിന്ന് അവരുടെ ചെലവ് നടക്കണം, നിക്ഷേപിക്കണം. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തണം എന്നതൊക്കെ അവരുടെ ഉത്തരവാദിത്തമായി. പതുക്കെ അവർ സാമ്പത്തിക സാക്ഷരതയിലേക്കാണ് കാലെടുത്ത് വെക്കുന്നത്.
ഇനി നിങ്ങൾക്കൊരു സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടെങ്കിൽ അവരുമായി സംസാരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. കുട്ടികൾക്ക് സാമ്പത്തിക അച്ചടക്കവും സാമ്പത്തിക സാക്ഷരതയും വളർത്താൻ ഈ സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായവും തേടാം. പക്ഷേ എപ്പോഴും നല്ലത് കുട്ടികൾ തന്നെ സ്വയം കാര്യങ്ങൾ ചെയ്ത് ശീലിക്കുന്നതാണ്.
ഇങ്ങനെ പണം കൊടുത്ത് അവരെ കൊണ്ട് നിക്ഷേപം നടത്തുമ്പോൾ നേരത്തെ പറഞ്ഞതു പോലെ അഞ്ച് വർഷം കൊണ്ട് 8.25 ലക്ഷം രൂപയുടെ സമ്പാദ്യമൊന്നും സൃഷ്ടിക്കാനായെന്നു വരില്ല. പക്ഷേ ഇക്കാലം കൊണ്ട് അവർ നേടുന്ന സാമ്പത്തിക സാക്ഷരത ഏറെ വിലപിടിപ്പുള്ളതാകും. അവർ സമ്പാദ്യം കൈകാര്യം ചെയ്യാൻ പഠിക്കും. സ്വന്തം വരവ്-ചെലവുകൾ അറിഞ്ഞ് ബജറ്റ് തയാറാക്കാൻ പഠിക്കും. ഭാവിയിൽ വരാനിടയുള്ള ചെലവുകളെ കുറിച്ച് ചിന്തിക്കും.
18 വയസുള്ള കുട്ടിക്ക് ടേം ഇൻഷുറൻസ് എടുക്കണമെന്ന് കേൾക്കുമ്പോൾ അത് വേണോ എന്ന് തോന്നാം. ആരോഗ്യപരമായ ഒരു പ്രശ്നവുമില്ലാത്ത, ഒരു കുഴപ്പവുമില്ലാതെ നടക്കുന്ന കുട്ടിക്ക് എന്തിനാണ് ഇൻഷുറൻസ് എന്ന് തോന്നാം. ഇൻഷുറൻസിൽ രണ്ട് ഘടകങ്ങളുണ്ട്.
നിങ്ങൾ ആരോഗ്യത്തോടെ ഇരിക്കുമ്പോഴാണ് ഇൻഷുറൻസ് ലഭിക്കുക.
ചെറുപ്രായത്തിൽ ഇൻഷുറൻസ് എടുക്കുമ്പോഴാണ് പ്രീമിയം കുറഞ്ഞിരിക്കുക.
നിങ്ങൾ ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കുമ്പോഴാണ് ഇൻഷുറൻസ് കവറേജ് കമ്പനി നൽകുന്നത്. നിങ്ങൾക്ക് ആരോഗ്യമില്ല. പക്ഷേ കവറേജ് വേണമെന്ന് പറഞ്ഞാൽ നടക്കില്ല. നിങ്ങൾക്ക് നല്ല ആരോഗ്യമുള്ളപ്പോൾ ഇൻഷുറൻസ് പരിരക്ഷ എടുക്കുകയും പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്താൽ കവറേജ് തുടർന്ന് ലഭിക്കുക തന്നെ ചെയ്യും. അതുകൊണ്ട് നല്ല വഴി ആരോഗ്യമുള്ളപ്പോൾ ഇൻഷുറൻസ് എടുക്കുക എന്നതാണ്.
മാത്രമല്ല, ചെറിയ പ്രായമാണെങ്കിൽ ഇൻഷുറൻസ് പ്രീമിയവും കുറവായിരിക്കും. ഉദാഹരണത്തിന് ഒരു കോടിയുടെ ടേം ഇൻഷുറൻസിന്റെ പ്രീമിയം 18 വയസുള്ള കുട്ടിക്ക് പ്രതിവർഷം ഏകദേശം 8,000 രൂപയായിരിക്കും. 28 വയസിലാണ് ടേം ഇൻഷുറൻസ് എടുക്കുന്നതെങ്കിൽ പ്രതിവർഷ പ്രീമിയം നിരക്ക് ഏകദേശം 12,000 രൂപയാകും. ടേം ഇൻഷുറൻസാണെങ്കിൽ 18 വയസിൽ ചേർന്നാൽ 65 വയസു വരെ അടക്കേണ്ട തുക 3.76 ലക്ഷമായിരിക്കും. (8,000*47). എന്നാൽ 28 വയസിലാണെങ്കിൽ അടക്കേണ്ട തുക 4.44 ലക്ഷമാകും. (12,000*37).
കുട്ടിക്ക് പണം നൽകിയിട്ട് അവരോട് നിങ്ങൾ ഇൻഷുറൻസ് എടുക്കാൻ നിർദേശിച്ചാൽ ചിലപ്പോൾ അവരത് ചെയ്യണമെന്നില്ല. അതുകൊണ്ട് അവർക്ക് സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ അവരുടെ ഇൻഷുറൻസ് പ്രീമിയം നിങ്ങൾ തന്നെ അടക്കുക. പിന്നീട് അവർ സമ്പാദിച്ചു തുടങ്ങുമ്പോൾ ഇൻഷുറൻസ് പ്രീമിയം അടക്കാൻ കർശനമായി പറയുക. ഒപ്പം സമ്പാദിക്കാനും പറയുക.
ടേം ഇൻഷുറൻസ് എടുക്കാനൊരുങ്ങുമ്പോൾ ഇൻഷുറൻസ് കമ്പനികൾ വരുമാനമുണ്ടെന്നുള്ളതിനുള്ള തെളിവ് ചോദിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ കുട്ടികൾക്ക് സ്ഥിരവരുമാനം ലഭിക്കുന്നതു വരെ അവരുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള മറ്റ് ഇൻഷുറൻസ് ഉൽപന്നങ്ങൾ നോക്കുക.
(ധനം മാഗസീൻ 2026 ഫെബ്രുവരി 15 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine