Image : Canva 
Personal Finance

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരാണോ? ശ്രദ്ധിക്കാം, ഇക്കാര്യങ്ങള്‍

നിങ്ങളുടെ നിക്ഷേപത്തില്‍ എന്തുകൊണ്ട് സ്വര്‍ണമുണ്ടായിരിക്കണം

Dr. Sanesh Cholakkad

സ്വര്‍ണവുമായി ഒരു വൈകാരിക ബന്ധമാണ് മലയാളികള്‍ക്കുള്ളത്. ആഭരണമെന്ന നിലയില്‍ അണിയാനും സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ക്രയവിക്രയം നടത്താനും ഇത് ഉപകാരപ്പെടുന്നു എന്നതാണ് പ്രധാനമായും നമ്മളെ സ്വര്‍ണത്തിലേക്ക് അടുപ്പിക്കുന്നത്. ദീര്‍ഘകാല നിക്ഷേപം എന്ന നിലയിലും കാലങ്ങളായിമലയാളികള്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കാറുണ്ട്. സ്വര്‍ണ വില പവന് 90,000 രൂപ കടന്നതോടെ പല കുടുംബങ്ങളിലും ഉറങ്ങിക്കിടക്കുന്ന വലിയ നിധിയായി മാറിയിരിക്കുകയാണ് ഇത്തരത്തിലുള്ള സ്വര്‍ണ നിക്ഷേപം.

സ്വര്‍ണം നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം, ഓഹരി വിപണി നല്‍കിയ നേട്ടത്തേക്കാള്‍ കൂടുതലാണെന്ന് എല്ലാവര്‍ക്കും അറിയാം. പരമ്പരാഗതമായി കൂടുതല്‍ നിക്ഷേപം സ്വര്‍ണത്തില്‍ നടത്തുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് ഗുണകരമാണ്. സ്വര്‍ണം ഒരു നിഷ്‌ക്രിയ ആസ്തിയാണ് എന്നുള്ള പ്രചാരണമൊന്നും സ്വര്‍ണത്തിന്റെ വില വര്‍ധനവിനെ തടസപ്പെടുത്തുന്നില്ല. നിങ്ങള്‍ എന്തിന് സ്വര്‍ണത്തില്‍ നിക്ഷേപിക്കണമെന്ന തരത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയം ഉണ്ടാകും. എന്തുകൊണ്ട് ഏതൊരു വ്യക്തിയുടെയും നിക്ഷേപത്തില്‍ സ്വര്‍ണം ഉണ്ടായിരിക്കണമെന്ന് പറയുന്നതിനുള്ള കാരണങ്ങള്‍ നോക്കാം.

  • സ്വര്‍ണത്തിലുള്ള നിക്ഷേപം പണപ്പെരുപ്പത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നു.

  • സ്വര്‍ണം ആഭരണമായി ഉപയോഗിക്കാന്‍ സാധിക്കും.

  • ഏതൊരു സമയത്തും വില്‍ക്കാനും പണയം വെയ്ക്കാനും കഴിയുന്നതിനാല്‍ നല്ല ലിക്വിഡിറ്റിയുള്ള ആസ്തിയാണ്.

  • ആഗോള പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സ്വര്‍ണ വില കുതിച്ചുയരാറുണ്ട്. അത് നിക്ഷേപിച്ചവര്‍ക്ക് ഗുണകരമാകും. നിക്ഷേപ പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കുന്നതിന് സ്വര്‍ണം ഉപകരിക്കും.

സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ എന്തെല്ലാം അബദ്ധങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്?

സ്വര്‍ണം ഒരു മികച്ച നിക്ഷേപമാണെങ്കിലും അതില്‍ നിക്ഷേപിക്കുമ്പോള്‍ നിരവധി പിഴവുകള്‍ നിക്ഷേപകര്‍ക്ക് സംഭവിച്ചെന്നു വരാം.

സ്വര്‍ണം ആഭരണമായി വാങ്ങാനാണ് കൂടുതല്‍ ആളുകളും താല്‍പ്പര്യപ്പെടുന്നത്. അങ്ങനെ വാങ്ങുമ്പോള്‍ അതിന് പണിക്കൂലി, ജിഎസ്ടി മുതലായവ നല്‍കേണ്ടതായി വരും. കൂടാതെ ആഭരണങ്ങള്‍ സൂക്ഷിക്കുന്നത് വളരെ സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കാര്യവുമാണ്. ഇനിയിത് വില്‍ക്കാമെന്ന് കരുതിയാല്‍ വില്‍ക്കുന്ന സമയത്ത് പണിക്കൂലിയായി നല്‍കിയ തുക നിക്ഷേപകന് ലഭിക്കുകയും ചെയ്യില്ല.

ഗോള്‍ഡ് ബിസ്‌ക്കറ്റ്, കോയിന്‍ എന്നീ മാര്‍ഗങ്ങളില്‍ നിക്ഷേപിച്ചാലും അത് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ട്.

മുകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചെയ്യാന്‍ സാധിക്കുന്നത് സ്വര്‍ണത്തില്‍ ഡിജിറ്റലായി നിക്ഷേപിക്കുക എന്നതാണ്. ഗോള്‍ഡ് ഇടിഎഫ്, ഡിജിറ്റല്‍ ഗോള്‍ഡ്, ഗോള്‍ഡ് ബോണ്ട് എന്നിവ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളാണ്.

സ്വര്‍ണത്തിന്റെ വില വര്‍ധനവിനും വിലയിടിവിനും കാരണമാകുന്നസംഭവവികാസങ്ങളെ പരിഗണിക്കാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതും മറ്റും സാധാരണക്കാരായ നിക്ഷേപകര്‍ കാണിക്കുന്ന ഒരു അബദ്ധമാണ്.

ആഗോള സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന വിഷയങ്ങള്‍, കറന്‍സി മൂല്യത്തില്‍ ഉണ്ടാകുന്ന കയറ്റിറക്കങ്ങള്‍, ജിയോപൊളിറ്റിക്കല്‍ വിഷയങ്ങള്‍ എന്നിവ സ്വര്‍ണത്തിന്റെ ഡിമാന്‍ഡിനെയും സപ്ലൈയെയും ബാധിച്ചാണ് സ്വര്‍ണത്തിന്റെ വിലയില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്നത്. സ്വര്‍ണത്തിന്റെ വില ഇനിയും കയറുമെന്നോ ഇടിയുമെന്നോ പ്രതീക്ഷിച്ച് സ്വര്‍ണ നിക്ഷേപം കൈകാര്യം ചെയ്യുന്നത് അബദ്ധമായി തീരും.

സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവര്‍ സ്വര്‍ണ വില കൃത്യമായി ട്രാക്ക് ചെയ്യുകയും, വിലയിടിവ് സമയത്തും മറ്റും വാങ്ങിവെയ്ക്കുകയോ അല്ലെങ്കില്‍ ഘട്ടം ഘട്ടമായി വ്യത്യസ്ത കാലയളവുകളില്‍ സിസ്റ്റമാറ്റിക്കായി നിക്ഷേപിക്കുന്നത് ഉചിതമാകും.

Insights into why gold is a preferred investment among Malayalis and how to avoid common mistakes.

(ധനം മാഗസീന്‍ 2025 ഡിസംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT