Success Story

വിശ്വാസത്തിന്റെ കരുത്തില്‍ ജ്യൂവല്‍റോക്ക്; 2030ഓടെ 100 ശാഖകളും മൂന്ന് സംസ്ഥാനങ്ങളില്‍ സാന്നിധ്യവും ലക്ഷ്യമിട്ട് മുന്നോട്ട്

1996 മുതല്‍ എന്‍ബിഎഫ്‌സി മേഖലയിലുള്ള ജ്യൂവല്‍റോക്ക് ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് വിശ്വാസ്യത കരുത്താക്കി വിപുലീകരണത്തിന്റെ പാതയില്‍

Dhanam News Desk

മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായി സാമ്പത്തിക സേവന രംഗത്ത് അടുത്തഘട്ട വളര്‍ച്ചക്കൊരുങ്ങി ജ്യൂവല്‍റോക്ക്. തൃശൂര്‍ ആസ്ഥാനമായുള്ള ബാങ്കിങ് ഇതര ധനകാര്യ സേവന സ്ഥാപനമായ ജ്യൂവല്‍റോക്ക് ഹയര്‍ പര്‍ച്ചേസ് ആന്‍ഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് വളര്‍ച്ച ത്വരിതഗതിയിലാക്കിയത്. 2030 ഓടെ മൂന്ന് സംസ്ഥാനങ്ങളില്‍ സാന്നിധ്യവും 75-100 ശാഖകളുമാണ് ജ്യൂവല്‍റോക്ക് ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്റ്റര്‍ കെ.വി ശിവകുമാര്‍ വ്യക്തമാക്കുന്നു.

ചിട്ടി വ്യവസായം, എന്‍ബിഎഫ്‌സി രംഗം, ടൂറിസം, ഇലക്ട്രോണിക്സ്-ഗൃഹോപകരണ റീറ്റെയ്ല്‍ മേഖല തുടങ്ങി വ്യത്യസ്ത രംഗങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള കെ.വി ശിവകുമാര്‍, കരുത്തുറ്റ ഒരു പ്രൊഫഷണല്‍ ടീമിനെ വാര്‍ത്തെടുത്തുകൊണ്ടാണ് ജ്യൂവല്‍റോക്കിനെ വളര്‍ച്ചാപാതയിലൂടെ നയിക്കുന്നത്.

ഹെല്‍ത്ത് കെയര്‍ രംഗത്തും ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംരംഭകനായ ഇ. നാരായണനാണ് ജ്യൂവല്‍റോക്കിന്റെ ചെയര്‍മാന്‍. പ്രീതി ഷാജു, ദീപ ശങ്കരനാരായണന്‍ എന്നിവര്‍ ഡയറക്റ്റര്‍മാരും. പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് അനുഭവസമ്പത്തുള്ള സംഗീതയാണ് ജ്യൂവല്‍റോക്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍.

വിശ്വാസമാണ് കരുത്ത്

പൊതുസമൂഹം ഏറെ ബഹുമാനത്തോടെ നോക്കുന്ന വ്യക്തിത്വങ്ങളായിരുന്നു ജ്യൂവല്‍റോക്കിന്റെ സ്ഥാപകര്‍. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കെടാതെ കാത്തുസൂക്ഷിച്ചവര്‍. ആ പാരമ്പര്യമാണ് ഈ വിപുലീകരണ ഘട്ടത്തിലും ജ്യൂവല്‍റോക്കിനെ വേറിട്ടുനിര്‍ത്തുന്നത്. 2024ല്‍ കമ്പനിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാരഥ്യത്തിലേക്ക് വന്ന ശിവകുമാര്‍, അനുഭവസമ്പത്തിന്റെ പിന്‍ബലത്തില്‍ ജ്യൂവല്‍റോക്കിനെ അടിമുടി മാറ്റിയെടുക്കുകയായിരുന്നു.

സ്വര്‍ണപ്പണയ വായ്പയാണ് ജ്യൂവല്‍റോക്കിന്റെ ബിസിനസില്‍ 70 ശതമാനവും. ബിസിനസ് വായ്പകള്‍, പേഴ്സണല്‍ ലോണ്‍, ഇന്‍സ്റ്റ ലോണ്‍ തുടങ്ങിയവയെല്ലാം ജ്യൂവല്‍റോക്ക് ലഭ്യമാക്കുന്നു. ''ലളിതവും സുതാര്യവുമാണ് ജ്യൂവല്‍റോക്കിന്റെ സ്വര്‍ണപ്പണയ വായ്പകള്‍. ഇടപാടുകാരനെ ബോധവല്‍കരിച്ച ശേഷമാണ് ഞങ്ങള്‍ വായ്പ കൊടുക്കുന്നത്. പലിശ നിരക്കുകള്‍, തിരിച്ചടവ് രീതികള്‍ എന്നിവയെല്ലാം ആദ്യമെ തന്നെ പറയും. ഇതെല്ലാം കൊണ്ടുതന്നെ ജ്യൂവല്‍റോക്കിന്റെ കിട്ടാക്കടത്തിന്റെ തോത് വളരെ കുറവാണ്,'' സിഇഒ സംഗീത പറയുന്നു.

ജ്യൂവല്‍റോക്കിന്റെ ജീവനക്കാരില്‍ 90 ശതമാനത്തിലേറെ പേരും വനിതകളാണ്. യുവ പ്രൊഫഷണലുകളെ ജ്യൂവല്‍റോക്കിലേക്ക് ആകര്‍ഷിക്കാന്‍ നൂതനമായ ട്രെയ്നിങ്, ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളും ജ്യൂവല്‍റോക്ക് വിഭാവനം ചെയ്യുന്നുണ്ട്. ''വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിന് പോകുന്ന നമ്മുടെ കുട്ടികള്‍ അവിടെ പാര്‍ട്ട്ടൈം ജോലി ചെയ്യാന്‍ വിമുഖത കാണിക്കുന്നില്ല. ഇവിടെയും നമ്മള്‍ അതിനുള്ള സാഹചര്യം ഒരുക്കിനല്‍കിയാല്‍ ചെറുപ്പം മുതല്‍ പ്രായോഗിക പരിജ്ഞാനം അവര്‍ക്ക് ലഭിക്കും. പഠനം കഴിയുമ്പോള്‍ നൈപുണ്യമുള്ള പ്രൊഫഷണലുകളായി അവര്‍ മാറും,'' ശിവകുമാര്‍ പറയുന്നു.

നിലവില്‍ 29 ശാഖകളാണ് ജ്യൂവല്‍റോക്കിനുള്ളത്. 2030 ഓടെ കേരളം, തമിഴ്നാട് എന്നിവക്ക് പുറമെ മൂന്നാമതൊരു സംസ്ഥാനത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കും. 75 മുതല്‍ 100 ശാഖകള്‍ വരെയാണ് ലക്ഷ്യമിടുന്നത്. ''ചെറുത് മനോഹരമാണ് ഇതാണെന്റെ ഫിലോസഫി. അതിവേഗം വലിയ വളര്‍ച്ച നേടുക എന്നതല്ല, സാധാരണക്കാരിലേക്ക് കടന്നുചെന്ന് പരമാവധി സേവനങ്ങള്‍ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ട് നല്‍കലാണ് ലക്ഷ്യം,'' ശിവകുമാര്‍ പറയുന്നു.

പാറപോലെ ഉറച്ചുനില്‍ക്കുന്ന ഒരു പ്രസ്ഥാനം, വജ്രത്തെ പോലെ തിളങ്ങുന്ന ഒന്ന്. ഇതാണ് ജ്യൂവല്‍റോക്കെന്ന് ശിവകുമാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തിലെ എന്‍ബിഎഫ്‌സികളുടെ സംഘടനയായ ഓള്‍ കേരള എന്‍ബിഎഫ്‌സി അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശിവകുമാര്‍, സ്വര്‍ണ വായ്പ സംബന്ധമായുള്ള കോണ്‍ഫറന്‍സുകളില്‍ മുഖ്യപ്രഭാഷകനും സ്ഥിരം സാന്നിധ്യവുമാണ്. സ്വര്‍ണ വായ്പ രംഗത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് കേരള വിഷന്‍ നല്‍കുന്ന ധനോത്തമ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങളും ശിവകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

'ചെറുകിട എന്‍ബിഎഫ്‌സികള്‍ക്ക് സാധ്യതകളേറെ'

'ചെറുത് മനോഹരം' ജ്യൂവല്‍റോക്ക് മാനേജിങ് ഡയറക്റ്റര്‍ കെ.വി ശിവകുമാറിന്റെ ഫിലോസഫിയും ജീവിതതത്വവും ഇതാണ്. ചെയ്യുന്ന ചെറുകാര്യങ്ങള്‍ കൊണ്ടുപോലും ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്താനാവുമെന്ന് വിശ്വസിക്കുന്ന ശിവകുമാര്‍, സ്വര്‍ണ വായ്പ രംഗത്തിന്റെ സാധ്യതകളെയും ചെറുകിട എന്‍ബിഎഫ്‌സികളുടെ മുന്നിലെ അവസരങ്ങളെ കുറിച്ചും സംസാരിക്കുന്നു.

പല കാരണങ്ങള്‍ കൊണ്ട് സാധാരണക്കാര്‍ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കാലമാണല്ലോ ഇപ്പോള്‍. ചെറുകിട സ്വര്‍ണ വായ്പ സ്ഥാപനങ്ങളെ ഇതെങ്ങനെ ബാധിക്കുന്നു?

ഏതൊരു കാലവും എല്ലാവര്‍ക്കും ഗുണകരമാവില്ല. അതിജീവനമെന്ന വാക്കിനെ ഏറെ നെഞ്ചേറ്റുന്ന ഒരാളാണ് ഞാന്‍. പ്രതിസന്ധികള്‍ എപ്പോഴും കടന്നുവരാം. കോവിഡ് കാലത്ത് ഒട്ടേറെ ബിസിനസുകള്‍ തളര്‍ന്നു. പക്ഷേ സ്വര്‍ണ വായ്പ രംഗത്ത് ഉണര്‍വായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം സമീപകാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഏതൊരു ഇടപാടുകാരന്റെയും തിരിച്ചടവ് ശേഷി മനസിലാക്കി,സാമ്പത്തിക സേവനങ്ങള്‍ നല്‍കിയാല്‍ ഈ രംഗത്തെ ആര്‍ക്കും വലിയ പ്രതിസന്ധിയുണ്ടാവില്ല.

ഞങ്ങളെ സമീപിക്കുന്ന ഓരോ ഇടപാടുകാരന്റെയും തിരിച്ചടവ് ശേഷി നോക്കും. അവരുടെ സാമ്പത്തിക ശീലങ്ങള്‍ പരിഗണിക്കും. അവര്‍ വായ്പ എടുത്താല്‍ തിരിച്ചടക്കേണ്ട തുകയെ കുറിച്ചുമെല്ലാം കൃത്യമായി പറഞ്ഞ് മനസിലാക്കും. ഗ്രാമഗ്രാമാന്തരങ്ങളിലെ സാധാരണക്കാരിലേക്ക് ശരിയായ രീതിയില്‍ ഇറങ്ങിച്ചെല്ലുന്നത് ഞങ്ങളെ പോലുള്ളവരാണ്. ഉലാീരൃമശേര ഹലിറശിഴ (ജനാധിപത്യപരമായ രീതിയിലുള്ള വായ്പ വിതരണം) അതാണ് ഞങ്ങള്‍ നടത്തുന്നത്. അതായത് സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യര്‍ക്കും തുല്യമായ പരിഗണന നല്‍കി, വായ്പ വിതരണം ചെയ്യുകയാണ്.

കണക്ക് പ്രകാരം ഇന്ത്യയില്‍ 9,300 ഓളം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുണ്ട്. അതില്‍ 9,000ത്തോളം ബേസ് ലെയറിലുള്ളവയാണ്. സാമ്പത്തിക സേവനങ്ങള്‍ ഏറ്റവും സാധാരണക്കാരുടെ കൈകളിലേക്ക് പോലും എത്തിക്കുന്നത് ഈ ചെറുകിട, ഇടത്തരം ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ്. തിരിച്ചടവ് ശേഷി പരിശോധിച്ച് വായ്പകള്‍ നല്‍കിയാല്‍, തിരിച്ചടവ് മുടങ്ങാതെ അവരുടെ വിലപ്പെട്ട പണയ ഉരുപ്പടികള്‍ നഷ്ടമാകാതെ തിരിച്ചെടുക്കാന്‍ സാധിക്കുന്ന അവസരമുണ്ടെങ്കില്‍ ഏത് ചെറുകിട സ്ഥാപനത്തിനൊപ്പവും സാധാരണക്കാര്‍ നില്‍ക്കും. സ്ഥാപനം വളരും. ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റപ്പെടും.

സ്വര്‍ണ വായ്പ രംഗത്ത് ഇനി പുതിയ സ്ഥാപനങ്ങള്‍ക്ക് സാധ്യതയുണ്ടോ?

രാജ്യത്തെ കുടുംബങ്ങളില്‍ ഏതാണ്ട് 35,000 ടണ്ണോളം സ്വര്‍ണാഭരണങ്ങളുണ്ടെന്നാണ് കണക്ക്. ഇതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് സ്വര്‍ണ വായ്പയിലൂടെയെല്ലാം സാമ്പത്തിക ക്രയവിക്രയത്തിലേക്ക് വരുന്നുള്ളൂ. ഇന്ത്യയെ അഞ്ച് റീജ്യണുകളായി തിരിച്ചാല്‍ അതില്‍ കേരളവും തമിഴ്നാടുമെല്ലാം ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയാണ് സ്വര്‍ണ വായ്പയുടെ മൊത്തം വിപണി വിഹിതത്തിന്റെ സിംഹഭാഗവും സംഭാവന ചെയ്യുന്നതും. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ഇനിയുമേറെ സാധ്യതയുണ്ട്.

സ്വര്‍ണ വായ്പ രംഗത്ത് എന്റെ റോള്‍ മോഡല്‍ മണപ്പുറം ഫിനാന്‍സിന്റെ മാനേജിങ് ഡയറക്റ്റര്‍ വി.പി നന്ദകുമാറാണ്. അദ്ദേഹമാണ് 'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ' എന്ന പരസ്യ ക്യാംപയ്നിലൂടെ കുടുംബങ്ങളിലേക്ക് പുതിയ സന്ദേശം നല്‍കിയത്. ശരിക്കും ഈ മേഖലയിലെ അപാര സാധ്യതകള്‍ തുറന്നുകാണിച്ചത് വി.പി നന്ദകുമാറാണ്. എത്രമാത്രം പേര്‍ വിപണിയിലെത്തിയാലും ജനങ്ങള്‍ക്കത് നല്ലതാണ്. സാധ്യതയുമുണ്ട്.

ഈ രംഗത്തെ പുതുസംരംഭകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?

ഓരോ കുടുംബവും അമൂല്യമായി സൂക്ഷിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് വിശ്വാസപൂര്‍വം ഏല്‍പിച്ച് വായ്പ എടുക്കുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കണം. കയ്യില്‍ വരുന്ന പണമെല്ലാം നമ്മുടേതാണെന്ന് ഒരിക്കലും കരുതരുത്. പൊതുജനത്തിന്റെ പണമാണത്. നമ്മളതിന്റെ ട്രസ്റ്റി മാത്രമാണ്. ജ്യൂവല്‍റോക്കില്‍ ഒരു മൊട്ടുസൂചി പോലും വാങ്ങാന്‍ വേണ്ടി പണം വകമാറ്റില്ല. അത്ര ശ്രദ്ധയും കരുതലും കൊടുത്ത് ചെയ്യേണ്ട ബിസിനസാണത്. എല്ലാം വെട്ടിപ്പിടിക്കാനുള്ള ത്വരയില്ലാതെ ജനങ്ങള്‍ക്ക് സേവനം നല്‍കുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്നവര്‍ക്ക് നല്ല ആശയങ്ങള്‍ ഉള്ളില്‍ വരും. ചെയ്യുന്ന എല്ലാ കാര്യത്തിലും ധാര്‍മികതയുണ്ടാവും. സ്വാഭാവികമായും ബിസിനസ് വളരും.

നൂറുകണക്കിന് സ്വര്‍ണ വായ്പ സ്ഥാപനങ്ങള്‍ കേരളത്തില്‍ തന്നെയുണ്ട്. ഇതില്‍ നിന്ന് ജ്യൂവല്‍ റോക്കിനെ വ്യത്യസ്തമാക്കുന്നത് എന്താണ്?

ജ്യൂവല്‍റോക്കില്‍ എന്റെ മൂലധനം പണം മാത്രമല്ല. സുപ്രധാനമായ മറ്റ് ഏഴ് ഘടകങ്ങളാണ് എന്റെ ക്യാപിറ്റല്‍. 1. പരിചയസമ്പത്ത്: 2007 മുതല്‍ ചിട്ടി വ്യവസായ രംഗത്തുണ്ട് ഞാന്‍. ഗോദ്റെജ് അഗ്രൊവെറ്റിനൊപ്പമായിരുന്നു എന്റെ കരിയര്‍. സീനിയര്‍ എക്സിക്യൂട്ടിവായി സ്വയം വിരമിക്കുകയായിരുന്നു. ജോലിയിലിരിക്കെ തന്നെ സാമ്പത്തിക സേവന മേഖലയോട് വലിയ ആഭിമുഖ്യമുണ്ടായതിനാല്‍ ചിട്ടി രംഗത്തേക്ക് വന്നു. 2014ല്‍ എന്‍ബിഎഫ്‌സി രംഗത്തേക്കും കടന്നു. പൗള്‍ട്രി മേഖലയിലെ പരിചയം കരുത്താക്കി പൗള്‍ട്രീന എന്ന ബ്രാന്‍ഡില്‍ പൗള്‍ട്രി ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ചിട്ടുണ്ട്.

2024ലാണ് ജ്യൂവല്‍റോക്കിന്റെ സാരഥ്യത്തിലേക്ക് വരുന്നത്. 2. വിഷന്‍: 30 വര്‍ഷത്തെ പാരമ്പര്യമുള്ള ജ്യൂവല്‍റോക്കിനെ മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള സമയം കൊണ്ട് എല്ലാ രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന എന്‍ബിഎഫ്‌സിയായി വളര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. 2030ല്‍ മൂന്ന് സംസ്ഥാനങ്ങളിലായി 75-100 ശാഖകളും 250-300 കോടി രൂപയുടെ ബിസിനസുമാണ് ലക്ഷ്യം.

3. ആശയം: വേറിട്ട ആശയങ്ങളാണ് മറ്റൊരു മൂലധനം. 4. ജീവനക്കാര്‍: പരിചയസമ്പത്തും യുവത്വവും ഒത്തുചേരുന്ന ടീമാണ് കൂടെയുള്ളത്. 5. ആത്മാര്‍പ്പണം. 6. നിശ്ചയദാര്‍ഢ്യം: ലക്ഷ്യമിട്ടതിലേക്ക് എത്തിച്ചേരണമെന്ന രീതിയില്‍ തന്നെയാണ് പ്രവര്‍ത്തനം. 7. പൊതുസമൂഹത്തോടും ജീവനക്കാരോടും ഇടപാടുകാരോടുമെല്ലാമുള്ള വിശ്വസ്തത. മൂലധനമായുള്ള ഈ ഏഴ് കാര്യങ്ങള്‍ ജ്യൂവല്‍റോക്കിനെയും വിജയത്തിലേക്ക് നയിക്കും.

മികച്ച എന്‍ബിഎഫ്‌സിയെഎങ്ങനെ കണ്ടെത്താം?

പൊതുസമൂഹത്തിന് ഏറെ സഹായകരമായ ധനകാര്യ സേവന സ്ഥാപനങ്ങളാണ് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍. ഈ മേഖലയിലെ കള്ളനാണയങ്ങളെ ഒറ്റപ്പെടുത്തുക തന്നെ വേണം. ഇതുമായി ബന്ധപ്പെട്ട് ഇടപാടുകാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

-എന്‍ബിഎഫ്‌സികള്‍ റിസര്‍വ് ബാങ്കിന്റെ നിബന്ധന പ്രകാരം പ്രവര്‍ത്തിച്ചുവരുന്നവയാണ്. അതായത് ഇവയ്ക്ക് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ അനുമതിയില്ല. എന്‍സിഡികള്‍ പോലെ നിയതമായ രീതികള്‍ വഴി മാത്രമാണ് പണം സമാഹരിക്കാനാകൂ. നിങ്ങള്‍ സമീപിക്കുന്ന എന്‍ബിഎഫ്‌സി ഈ രീതിയാണോ പിന്തുടരുന്നതെന്ന് നോക്കുക.

- എന്‍ബിഎഫ്സികളുടെ secured loan (സുരക്ഷിത വായ്പകള്‍) Unsecured loan (ഈടില്ലാതെ നല്‍കുന്ന വായ്പകള്‍) തമ്മിലുള്ള അനുപാതം നോക്കുക. ജ്യൂവല്‍റോക്കില്‍ വെറും 30 ശതമാനം വായ്പകള്‍ മാത്രമാണ് Unsecured. 70 ശതമാനം വായ്പകളും Secured ഹീമി ആണ്.

- കമ്പനിയുടെ നിഷ്‌ക്രിയാസ്തി എത്രയെന്ന് നോക്കുക. ഇടപാടുകാരെ ബോധവല്‍കരിച്ച് വായ്പ നല്‍കി, തിരിച്ചടവ് കൃത്യമായ രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകേണ്ടതും ഒരു എന്‍ബിഎഫ്‌സിയുടെ കടമയാണ്. ഫെയര്‍ പ്രാക്ടീസ് കോഡ് പിന്തുടരുന്ന എന്‍ബിഎഫ്‌സിയാണോയെന്നത് പരിശോധിച്ചറിയണം.

- കമ്പനിയുടെ പ്രവര്‍ത്തന പശ്ചാത്തലം പരിശോധിക്കുക.

- കമ്പനിയുടെ ഡയറക്റ്റര്‍മാരുടെ പശ്ചാത്തലം പരിശോധിക്കുക. ധാര്‍മികതയും മൂല്യങ്ങളും അവര്‍ എത്രമാത്രം ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് നോക്കുക.

- കമ്പനി ഡയറക്റ്റര്‍മാരുടെ മറ്റ് ബിസിനസ് താല്‍പര്യങ്ങള്‍, സാമൂഹിക പ്രതിബദ്ധത എന്നിവയെല്ലാം പരിശോധനാവിധേയമാക്കുക.

- കേരളത്തിനകത്തും പുറത്തുനിന്നുമായി ചെറുതും വലുതുമായ 250ലധികം എന്‍ബിഎഫ്‌സികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ വിശ്വാസ്യയോഗ്യമായ പ്രസ്ഥാനങ്ങളുമായി മാത്രമെ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT