Success Story

എസ്പി മെഡിഫോര്‍ട്ട്: മികവിന്റെ മുദ്രചാര്‍ത്തി മുന്നോട്ട്

ജെസിഐ 8th എഡിഷന്‍ അക്രഡിറ്റേഷന്‍ സ്വന്തമാക്കിയ കേരളത്തിലെ ആദ്യ ഹോസ്പിറ്റലായ എസ്പി മെഡിഫോര്‍ട്ട് മികവിന്റെ മുദ്ര പതിപ്പിച്ച് മുന്നേറുന്നു

Dhanam News Desk

സ്മാര്‍ട്ട് ടെക്‌നോളജിയും മാനുഷികസ്പര്‍ശവും സമന്വയിപ്പിച്ച് കേരളത്തിലെ ഹെല്‍ത്ത്കെയര്‍ രംഗത്ത് അനന്യമായൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ എസ്പി മെഡിഫോര്‍ട്ട്. ആഗോള ഹെല്‍ത്ത്‌കെയര്‍ രംഗത്തെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡായ ദി ജോയിന്റ് കമ്മിഷന്‍ ഇന്റര്‍നാഷണല്‍, യുഎസ്എ (ജെസിഐ)യുടെ 8th എഡിഷന്‍ അക്രഡിറ്റേഷന്‍ സ്വന്തമാക്കിയ കേരളത്തിലെ ആദ്യ ഹോസ്പിറ്റലായ എസ്പി മെഡിഫോര്‍ട്ട് അത്യാധുനിക ചികിത്സ താങ്ങാവുന്ന നിരക്കില്‍ പൊതുസമൂഹത്തിന് നല്‍കിക്കൊണ്ടാണ് മാതൃകയാവുന്നത്. ഇതിന് ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നത് സ്ഥാപകന്‍ എസ്. പോറ്റിവേലു പകര്‍ന്നേകിയ മൂല്യങ്ങളാണ്.

ബിസിനസില്‍ ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള എസ്പി ഗ്രൂപ്പ്, 1998ല്‍ ഒരു ആശുപത്രിയുമായാണ് ഹെല്‍ത്ത്കെയര്‍ മേഖലയിലേക്ക് കടക്കുന്നത്. ഇന്ന് ഗ്രൂപ്പിന് കീഴിലുള്ളത് നാല് ആശുപത്രികളും ഒരു നഴ്‌സിങ് കോളെജും പ്രവര്‍ത്തിക്കുന്നു. പ്രാരംഭകാലത്ത് കിടക്കകളുടെ എണ്ണം 75 ആയിരുന്നു. ഇന്നത് 750ലേക്ക് ഉയര്‍ന്നു. വെറും അഞ്ച് സ്‌പെഷ്യാലിറ്റിയില്‍ നിന്ന് 50ലേറെ സ്‌പെഷ്യാലിറ്റികളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശൃംഖലയായി എസ്പി മെഡിഫോര്‍ട്ട് ഗ്രൂപ്പ് മാറിയിരിക്കുന്നു.

തിരുവനന്തപുരത്ത് നിലകൊണ്ട്, ആഗോളതലത്തില്‍ മുദ്ര പതിപ്പിച്ചിരിക്കുകയാണ് എസ്പി മെഡിഫോര്‍ട്ട്. എസ്. പോറ്റിവേലുവിന്റെ മകനായ ഡോ. എസ്.പി അശോകനാണ് ഇപ്പോള്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററും. മറ്റൊരു മകനായ എസ്.പി സുബ്രഹ്‌മണ്യന്‍ ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമാണ്. ഗ്രൂപ്പിന്റെ സാരഥ്യത്തിലേക്ക് ഇപ്പോള്‍ മൂന്നാം തലമുറയും കടന്നുവന്നിട്ടുണ്ട്. എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മാരായ ഡോ. ആദിത്യ എസ്, അദ്വൈത് എ ബാല, ഡോ. അതുല്യ എ ഭാഗ്യ എന്നിവര്‍ ഗ്രൂപ്പില്‍ യുവത്വത്തിന്റെ ഊര്‍ജം നിറച്ച് സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുകയാണ്.

'ഞങ്ങള്‍ക്കുണ്ട് വേറിട്ട കാഴ്ചപ്പാട്'

സംസ്ഥാനത്തെ ഹെല്‍ത്ത്‌കെയര്‍ രംഗത്ത് എസ്പി ഫോര്‍ട്ട് ഹെല്‍ത്ത് ഗ്രൂപ്പ് എങ്ങനെയാണ് വേറിട്ടുനില്‍ക്കുന്നത്? ഭാവി പദ്ധതികളെന്തൊക്കെ? ഇവ വിശദീകരിക്കുകയാണ് എസ്പി ഫോര്‍ട്ട് ഹെല്‍ത്ത് ഗ്രൂപ്പ് മെഡിക്കല്‍&എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഡോ. ആദിത്യ എസ്. ക്ലിനിക്കല്‍ മികവും മാനേജ്‌മെന്റ് വൈദഗ്ധ്യവും ഒരുപോലെ സമന്വയിപ്പിച്ചിരിക്കുന്ന യുവസാരഥിയാണ് ഇദ്ദേഹം. ഓര്‍ത്തോപീഡിക്‌സില്‍ ബിരുദാനന്തരബിരുദമുള്ള ഡോ. ആദിത്യ എസ്, ഐഐടിയില്‍ നിന്നാണ് എംബിഎ കരസ്ഥമാക്കിയത്.

ഓര്‍ത്തോപീഡിക്‌സിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ചെയ്യുന്നതില്‍ വിദഗ്ധനായ ഇദ്ദേഹം ഒട്ടേറെ മുട്ടുമാറ്റിവെക്കല്‍ ശസ്ത്രക്രിയകളും ഇതിനകം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ഗ്രൂപ്പ് ജോയിന്റ് ചെയര്‍മാനും മാനേജിങ് ഡയറക്റ്ററുമായ എസ്.പി സുബ്രഹ്‌മണ്യന്റെ മകനാണ് ഡോ. ആദിത്യ എസ്.

? എസ്പി ഫോര്‍ട്ട് ഹെല്‍ത്ത് ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്

സുസ്ഥിരമായ ഒരു ഹെല്‍ത്ത്‌കെയര്‍ ഇക്കോസിസ്റ്റത്തിന് പ്രധാനമായും നാല് ഘടകങ്ങള്‍ വേണം. ക്ലിനിക്കല്‍ മികവ്, ഉന്നതനിലവാരത്തിലുള്ള സേവനം, നൂതന സാങ്കേതികവിദ്യകള്‍, താങ്ങാവുന്ന നിരക്കിലുള്ള ചികിത്സ. ഇവ നാലും സന്തുലിതമാക്കുകയെന്നതാണ് വെല്ലുവിളി. മൂന്ന് ദശാബ്ദങ്ങള്‍ കൊണ്ട് നാല് ആശുപത്രികളുള്ള ഗ്രൂപ്പായി ഞങ്ങള്‍ക്ക് വളരാന്‍ സാധിച്ചത് കൂട്ടായ പ്രയത്‌നത്തിലൂടെയാണ്. ഞങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും രോഗിയെ മാത്രം മുന്നില്‍ക്കണ്ടാണ്. രോഗിക്ക് മികച്ച സേവനം താങ്ങാവുന്ന നിരക്കില്‍ നല്‍കാനുള്ള ശ്രമങ്ങളാണ് ഞങ്ങള്‍ നിരന്തരം നടത്തുന്നതും.

? താങ്കളുടേത് ഒരു കുടുംബ ബിസിനസാണല്ലോ. മൂന്നാം തലമുറയുടെ പ്രതിനിധിയെന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങളാണ് താങ്കള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്?

അര നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് കുടിയേറിയ വ്യക്തിയാണ് ഞങ്ങളുടെ പരേതനായ സ്ഥാപക ചെയര്‍മാന്‍ എസ്. പോറ്റിവേലു. അദ്ദേഹം തുടക്കമിട്ട പ്രസ്ഥാനത്തെ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ച്, ഏറ്റവും വൈദഗ്ധ്യമുള്ളവരെ ടീമിലേക്ക് ആകര്‍ഷിച്ച് കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഞങ്ങള്‍ എക്കാലവും ശ്രമിക്കുന്നത്.

എല്ലാത്തിനുമുപരി, ഞങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒന്നുണ്ട്. അദ്ദേഹം പകര്‍ന്നുതന്ന മൂല്യങ്ങള്‍. പൊതുസമൂഹത്തിന് എല്ലായ്‌പ്പോഴും അത് തിരികെ നല്‍കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനപ്രമാണം. തലമുറകളായി ഞങ്ങളും പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഓരോ വ്യക്തിയും പിന്തുടരുന്നതും വിശ്വസിക്കുന്നതും അതേ മൂല്യമാണ്. തലമുറകള്‍ പലത് കഴിഞ്ഞാലും ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും അതുതന്നെ.

? ഗ്രൂപ്പിന്റെ ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്?

പുതിയ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് പകരം ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് തിരുവനന്തപുരത്തെ ഹെല്‍ത്ത്‌കെയര്‍ ഇക്കോസിസ്റ്റം ഏറെ മെച്ചപ്പെടുത്താനാണ്. ജീവിതശൈലീരോഗങ്ങളുടെ ചികിത്സക്കായി പ്രത്യേകിച്ച്, കാര്‍ഡിയാക് സയന്‍സസ്, ഗ്യാസ്‌ട്രോ സയന്‍സസ്, ന്യൂറോ സര്‍ജിക്കല്‍സ്/സര്‍ജറി, സമഗ്രമായ ക്യാന്‍സര്‍ കെയര്‍, എന്നിവക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നു. ശസ്ത്രക്രിയ വിഭാഗത്തിന്റെ കാര്യമെടുത്താല്‍ ഏറ്റവും നൂതനമായ ടെക്‌നോളജികള്‍, റോബോട്ടിക്‌സ് പോലുള്ളവ ഓര്‍ത്തോപീഡിക്‌സിലും ജനറല്‍ സര്‍ജറിയിലുമൊക്കെ കൊണ്ടുവന്നിട്ടുണ്ട്. എല്ലാ അര്‍ഥത്തിലും മികവിന്റെ കേന്ദ്രമായി നിലനിര്‍ത്തുന്നതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.

? കേരളത്തിന്റെ മെഡിക്കല്‍ ടൂറിസം സാധ്യതകള്‍ പരമാവധി വിനിയോഗിക്കാന്‍ ഇനിയും എന്തൊക്കെ ചെയ്യണം?

മെഡിക്കല്‍ ടൂറിസത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ കേരളം മുന്‍നിരയിലാണ്. പ്രത്യേകിച്ച് ആയുര്‍വേദം പോലുള്ള ഇതരചികിത്സാ ശാഖകളുടെ കരുത്തില്‍. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി മോഡേണ്‍ മെഡിസിന്‍ മേഖലയിലേക്കുള്ള മെഡിക്കല്‍ ടൂറിസവും കൂടിയിട്ടുണ്ട്. ഇന്ത്യയുടെ ഇതര ഭാഗത്തു നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ക്യാന്‍സര്‍ കെയര്‍, അവയവമാറ്റം, അത്യാധുനിക ശസ്ത്രക്രിയകള്‍ എന്നിവക്കായി ഒട്ടേറെ രോഗികള്‍ കേരളത്തിലേക്ക് വരുന്നുണ്ട്. കണക്റ്റിവിറ്റി മെച്ചപ്പെട്ടതും കേരളത്തിന് ആഗോളതലത്തില്‍ മികച്ച പ്രതിച്ഛായ നേടാന്‍ സാധിച്ചതും ഇതിന് കാരണമായിട്ടുണ്ട്. മോഡേണ്‍ മെഡിസിനിലൂടെ മാത്രം പ്രതിമാസം 100 കോടി രൂപ കേരളത്തിന് നേടാനാകുന്ന സാധ്യതയുണ്ടെന്നാണ് എന്റെ വിശ്വാസം.

? കുതിച്ചുയരുന്ന ചികിത്സാ ചെലവ് കുടുംബങ്ങള്‍ക്ക് പ്രയാസമാണല്ലോ. മികവുറ്റ ചികിത്സ താങ്ങാവുന്ന നിരക്കില്‍ നല്‍കാന്‍ സ്വീകരിച്ചിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്?

രോഗികള്‍ക്ക് അമിത സാമ്പത്തിക ഭാരമില്ലാതെ മികച്ച ചികിത്സയും ഏറ്റവും മികച്ച സേവനങ്ങളും ലഭ്യമാക്കാന്‍ വേണ്ടി ഞങ്ങള്‍ക്കൊരു ടീം തന്നെയുണ്ട്. സത്യത്തില്‍ ഇക്കാര്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തം അനിവാര്യമാണ്. ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വേണ്ട പിന്തുണ നല്‍കണം. അങ്ങനെ വന്നാല്‍ ചികിത്സ താങ്ങാവുന്ന നിരക്കിലാക്കാന്‍ സാധിക്കും.

? ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?

ഹെല്‍ത്ത് ക്യാമ്പുകള്‍, രോഗപ്രതിരോധത്തിനായുള്ള പരിശോധനകള്‍, ഗ്രാമീണ-മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത മേഖലകളില്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ എന്നിവക്കാണ് ഞങ്ങളുടെ സിഎസ്ആര്‍ പദ്ധതിയിലൂടെ ഊന്നല്‍ നല്‍കുന്നത്. എസ്പി ആദര്‍ശ് ഫൗണ്ടേഷനിലൂടെ സംസ്ഥാനത്തെ ഹെല്‍ത്ത്‌കെയര്‍ രംഗത്തുള്ള വിടവ് നികത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

ഞങ്ങളുടെ 'Livelihood on Wheels' എന്ന പദ്ധതി കേരളത്തില്‍ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഒന്നാണ്. ഇതിന്റെ ഭാഗമായി നിയോമോഷന്‍, സൊമാറ്റോ, കാന്‍ വാക്ക് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് 10 നിയോബോള്‍ട്ട് വീല്‍ചെയറുകള്‍ പരിശീലനം സിദ്ധിച്ച സൊമാറ്റോ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്ക് നല്‍കി. ഇതിലൂടെ ജീവിതത്തില്‍പുതിയൊരു വെളിച്ചമാണ് പലര്‍ക്കും പകര്‍ന്നേകിയത്. 2022 മുതല്‍ 200ലേറെ വ്യക്തികള്‍ക്ക് ഞങ്ങളുടെപുനരധിവാസ പദ്ധതികള്‍, മൊബിലിറ്റി പിന്തുണ, സുസ്ഥിരമായ ഉപജീവനമാര്‍ഗം എന്നിവയുടെ ഗുണഫലം ലഭിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT