യു.എസ് കുട്ടി 
Success Story

പിആര്‍ സ്‌പെഷ്യലിസ്റ്റ്! യു.എസ് കുട്ടി എന്ന 'ട്രെന്‍ഡ്സെറ്റര്‍'; നിരവധി കമ്പനികളുടെ പബ്ലിക് ഇഷ്യു ക്യാമ്പയ്‌നിന് ചുക്കാന്‍ പിടിച്ച വ്യക്തിത്വം!

കോവിഡ് കാലത്ത് സൗഭാഗ്യ അഡ്വര്‍ട്ടൈസിംഗ് വിട്ട് കോംവെര്‍ട്ടിക എന്ന പിആര്‍ ഏജന്‍സിക്ക് യു.എസ് കുട്ടി തുടക്കമിട്ടു. കോംവെര്‍ട്ടികയുടെ പ്രവര്‍ത്തനം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സേവനം നല്‍കുന്ന ഏജന്‍സിയായി അത് വളര്‍ന്നുകഴിഞ്ഞു.

Dhanam News Desk

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്തുക എന്നതിനെകുറിച്ച് കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ക്ക് അത്ര ധാരണയില്ലാത്ത കാലമുണ്ടായിരുന്നു. ധൈര്യപൂര്‍വം ലിസ്റ്റിംഗ് നടത്താന്‍ മുമ്പോട്ട് വന്ന കമ്പനികള്‍ക്ക് പ്രൊഫഷണലായി പബ്ലിക് ഇഷ്യു ക്യാമ്പയ്‌നുകള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പാക്കിയ ഒരു പിആര്‍ പ്രൊഫഷണലുണ്ട്; യു.എസ് കുട്ടി!

മണപ്പുറം പോലെ രാജ്യത്ത് പുതുമകള്‍ സൃഷ്ടിച്ച കമ്പനികളുടെ പബ്ലിക് ഇഷ്യു ക്യാമ്പയ്‌നിന്റെ ചുക്കാന്‍ പിടിച്ച പിആര്‍ വിദഗ്ധന്‍. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ പബ്ലിക് ഇഷ്യു ക്യാമ്പയ്‌നുകള്‍ നടത്തിയ സൗഭാഗ്യ അഡ്വര്‍ട്ടൈസിംഗ് ഡയറക്റ്റര്‍ എന്ന നിലയില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കവേയാണ് യു.എസ് കുട്ടി കേരള കമ്പനികളുടെ ഓഹരി വിപണി പ്രവേശനത്തില്‍ സജീവ പങ്കാളിത്തം വഹിച്ചത്. കേരളത്തിലെയടക്കം രാജ്യത്തെ 250ലധികം കമ്പനികളുടെ പബ്ലിക് ഇഷ്യുക്യാമ്പയ്‌നുകളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം.

പ്രൊഫഷണല്‍ ടച്ച്!

സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ രംഗത്തെ നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്താണ് യു.എസ് കുട്ടിയെ വ്യത്യസ്തനാക്കുന്നത്. ജന്മനാടായ പാലക്കാട് നിന്ന് പഠനത്തിന്റെ ഭാഗമായി മുംബൈയിലേക്ക് ചേക്കേറിയ യു.എസ് കുട്ടി എന്ന ഉക്കണ്ടത്ത് ശങ്കരന്‍കുട്ടി അവിടെ അഡ്വര്‍ട്ടൈസിംഗ്, കമ്മ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖ കമ്പനിയായ സൗഭാഗ്യ അഡ്വര്‍ട്ടൈസിംഗില്‍ ഡയറക്റ്റര്‍ തലത്തിലേക്ക് വരെ വളരുകയും ചെയ്തു.

1990ലാണ് കേരളത്തിലേക്ക് സൗഭാഗ്യ അഡ്വര്‍ട്ടൈസിംഗിനെ പ്രതിനിധീകരിച്ച് യു.എസ് കുട്ടി എത്തുന്നത്. 'അക്കാലത്ത് പ്രസ് മീറ്റുകളും പ്രസ് റിലീസുകളും വ്യക്തമായ പിആര്‍ സ്ട്രാറ്റജികളും അത്ര സാധാരണമായിരുന്നില്ല. പൊതുജനങ്ങളുമായി എങ്ങനെ സംവദിക്കാമെന്നതിനെ കുറിച്ച് കമ്പനികള്‍ക്കും വ്യക്തത കുറവായിരുന്നു.

ഒരു സിസ്റ്റം ഉണ്ടാക്കുന്നതിനാണ് പ്രധാനമായും ഞാന്‍ ഊന്നല്‍ നല്‍കിയത്. ഓരോ ക്ലയ്ന്റിന്റെയും ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ആശയവിനിമയ തന്ത്രങ്ങള്‍ രൂപീകരിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്.' യു.എസ് കുട്ടി പറയുന്നു. എന്‍ടിപിസി പോലുള്ള പ്രമുഖ ദേശീയ കമ്പനികളുടെ പിആര്‍ സേവനം നല്‍കിയിരുന്നത് കുട്ടിയാണ്.

പുതിയ തുടക്കം

കോവിഡ് കാലത്ത് സൗഭാഗ്യ അഡ്വര്‍ട്ടൈസിംഗ് വിട്ട് കോംവെര്‍ട്ടിക എന്ന പിആര്‍ ഏജന്‍സിക്ക് യു.എസ് കുട്ടി തുടക്കമിട്ടു. കോംവെര്‍ട്ടികയുടെ പ്രവര്‍ത്തനം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് സേവനം നല്‍കുന്ന ഏജന്‍സിയായി അത് വളര്‍ന്നുകഴിഞ്ഞു. സൂപ്പര്‍ ലീഗ് കേരള, ഈസ്റ്റേണ്‍ തുടങ്ങിയവയുടെ അണിയറയിലുണ്ട് കോം വെര്‍ട്ടിക.

ഡിജിറ്റല്‍ യുഗത്തില്‍ അച്ചടി മാധ്യമങ്ങള്‍ തിരിച്ചുവരവ് നടത്തുകയാണെന്ന് യു.എസ് കുട്ടി അഭിപ്രായപ്പെടുന്നു. മൈക്രോസോഫ്റ്റ് ബിസിനസ് സാരഥികള്‍ക്കായി പുറത്തിറക്കുന്ന 'സിഗ്നല്‍' എന്ന മാഗസിന്‍ ഇതിനുള്ള മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ശബ്ദകോലാഹലങ്ങള്‍ക്കിടയിലും ശ്രദ്ധ നേടാനുള്ള ഒരു സിഗ്നല്‍ ആകാന്‍ അച്ചടി മാധ്യമങ്ങള്‍ക്ക് കഴിയുമെന്നാണ് കുട്ടിയുടെ വീക്ഷണം.

യുവ കമ്പനികള്‍ക്കൊരു കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജി

  • സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ രംഗത്ത് നാല് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തില്‍ നിന്ന് യുവ കമ്പനികള്‍ക്ക് മാധ്യമശ്രദ്ധ നേടാന്‍ യു.എസ് കുട്ടി നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

  • അറിവ് പങ്കുവെയ്ക്കുക: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ കരുത്ത് അവരുടെ ആശയമാണ്. യുവ കമ്പനികളുടെ സ്ഥാപകര്‍ക്ക് വ്യവസായപരമായ അറിവ് ഒരു മുതല്‍ക്കൂട്ടാണ്. ഈ അറിവ് മാധ്യമങ്ങളുമായി പങ്കുവെയ്ക്കുക.

  • കമ്പനിയെ മാപ് ചെയ്യുക: നിങ്ങളുടെ കമ്പനി, അല്ലെങ്കില്‍ ബിസിനസ് വിശാലമായ ഒരു ആവാസവ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കി, അക്കാര്യം പൊതുസമൂഹത്തെ അറിയിക്കുക. ഉദാഹരണത്തിന് പാരിസ്ഥിതിക പ്രശ്‌നത്തിന് പരോക്ഷമായോ പ്രത്യക്ഷമായോ നിങ്ങളുടെ ബിസിനസ് ഒരു പരിഹാരം നല്‍കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ കമ്മ്യൂണിക്കേഷനുകളില്‍ വേണം.

  • മാധ്യമങ്ങളും റിപ്പോര്‍ട്ടര്‍മാരുമായും ബന്ധം: ഏകദേശം 10 ഓളം ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ തിരഞ്ഞെടുത്ത് അതില്‍ നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകള്‍/ലേഖനങ്ങള്‍ തയാറാക്കുന്നവരെ തിരിച്ചറിയുക. ഇവര്‍ക്ക് നിങ്ങളുടെ മേഖലയെ കുറിച്ചോ, അല്ലെങ്കില്‍ പൊതുവായ വിഷയങ്ങളെ കുറിച്ചോ ഉള്‍ക്കാഴ്ച പകരുന്ന ഇന്‍പുട്ട് നല്‍കുന്ന വിദഗ്ധന്‍ എന്ന നിലയിലേക്ക് വളരുക.

  • സ്ഥിരമായ അപ്‌ഡേറ്റ്: നിങ്ങളുടെ കമ്പനിയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുക. വളര്‍ച്ചയിലെ നാഴികക്കല്ലുകള്‍, നേട്ടങ്ങള്‍ ഒപ്പം തന്നെ പാളിച്ചകള്‍ എന്നിവയെല്ലാം കൃത്യമായി അവരോട് പറയുമ്പോള്‍ സ്ഥാപനത്തെ കുറിച്ചുള്ള വിശ്വാസം വര്‍ധിക്കും.

  • ദീര്‍ഘകാല ബന്ധം: മാധ്യമ ബന്ധങ്ങള്‍ ദീര്‍ഘകാല തന്ത്രമാണ്. ഒരിക്കലും ധൃതി കാണിക്കരുത്.

  • വേണം സംയോജിത തന്ത്രം: ഡിജിറ്റല്‍ യുഗത്തില്‍ പരമ്പരാഗത പിആര്‍ രീതികളും സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കണ്ടന്റ് ക്രിയേഷന്‍ രീതികളും സംയോജിപ്പിച്ചുകൊണ്ടുള്ള തന്ത്രമാണ് സ്വീകരിക്കേണ്ടത്.

ധനം മാഗസിന്‍ ഓഗസ്റ്റ് 31-സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT