KGST 
Tax

ജി.എസ്.ടി വകുപ്പില്‍ ആംനസ്റ്റി ഓഗസ്റ്റ് ഒന്നുമുതല്‍, കുടിശിക തീര്‍ക്കാന്‍ ഇളവുകള്‍

പരിഗണിക്കുന്നത് അര ലക്ഷം ഫയലുകള്‍

Dhanam News Desk

സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നികുതി കുടിശിക നിവാരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതി ഓഗസ്റ്റ് ഒന്നിന് നിലവില്‍ വരും. കുടിശികകളെ നാലു സ്ലാബുകളാക്കി തിരിച്ച് ഇളവുകള്‍ നല്‍കി കൊണ്ടാണ് ആംനസ്റ്റി  നടപ്പാക്കുന്നത്. സെപ്തംബര്‍ 30 നുള്ളില്‍ വ്യാപാരികള്‍ കുടിശ്ശിഖ നിവാരണത്തിന് ഓണ്‍ലൈന്‍ വഴി ഒപ്ഷന്‍ നല്‍കണം. ഡിസംബര്‍ 31 നുള്ളില്‍ ആംനസ്റ്റി നടപടികള്‍ അവസാനിക്കും. വര്‍ഷങ്ങള്‍ പഴക്കമുള്ളതും നിയമക്കുരുക്കില്‍ പെട്ടു കിടക്കുന്നതുമായ നികുതി കുടിശിക അവസാനിപ്പിക്കാനുള്ള അവസരമാണ് വ്യാപാരികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ തുറക്കുന്നത്. കുടിശികയുടെ 60 ശതമാനം വരെ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നാല് സ്ലാബുകള്‍

കുടിശിക നിവാരണത്തിന്  നാല് സ്ലാബുകള്‍ ആണ് ഉള്ളത്. അമ്പതിനായിരം രൂപയില്‍ താഴെയുള്ളത്, അമ്പതിനായിരം രൂപ മുതല്‍ പത്തു ലക്ഷം വരെ, പത്തു ലക്ഷം മുതല്‍ ഒരു കോടി വരെ, ഒരു കോടി രൂപക്ക് മുകളില്‍ എന്നിങ്ങിനെയാണ് സ്ലാബുകള്‍. ഇതില്‍ ഓരോന്നിനും പ്രത്യേക നിരക്കിലുള്ള ഇളവുകളാണ് ഉണ്ടാകുക. കോടതി ഉള്‍പ്പടെയുള്ള നിയമവേദികളിലുള്ള കേസുകള്‍ക്ക് പ്രത്യേക നിരക്കായിരിക്കും.

1961 മുതലുള്ള കേസുകള്‍

രാജ്യത്ത് ജി.എസ്.ടി സംവിധാനം നിലവില്‍ വന്ന 2017 ജൂലൈ ഒന്നിന് മുമ്പുള്ള ഫയലുകളിലെ കുടിശികയാണ് ഇത്തവണ പരിഗണിക്കുന്നത്. അമ്പതിനായിരത്തോളം ഫയലുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 1961 മുതല്‍ കുടിശികയായ ഫയലുകളും ഇതിലുണ്ട്. കുടിശികയുള്ളവരെ ഈ സംവിധാനത്തെ കുറിച്ച് അറിയിക്കാന്‍ പ്രത്യേക ഹെല്‍പ്പ്‌ലൈന്‍ സംവിധാനം ആരംഭിക്കും. ഒപ്ഷന്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വ്യാപാരികള്‍ക്ക് ഹെല്‍പ്പ് ലൈന്‍ സഹായം ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT