വാറ്റ് നികുതി കുടിശ്ശികക്കാര്‍ക്കായുള്ള ആംനസ്റ്റി പദ്ധതിയുടെ ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ ബിസിനസുകാര്‍ അല്‍പ്പം കാത്തിരിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍.
വാറ്റ് നികുതി കുടിശ്ശികക്കാര്‍ക്കായുള്ള സമഗ്രമായ ആംനസ്റ്റി പദ്ധതി പുതിയ സാമ്പത്തിക വര്‍ഷത്തിലും തുടരുമെന്ന് 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.
കേരള മൂല്യവര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പ്പന നികുതി, ആഡംബര നികുതി, സര്‍ ചാര്‍ജ് നിയമപ്രകാരമുള്ള കുടിശ്ശിക, കേരള കാര്‍ഷിക ആദായ നികുതി തുടങ്ങിയ നിയമങ്ങളുടെ കീഴില്‍ വരുന്ന കുടിശികകള്‍ക്കാണ് ഈ പദ്ധതി ബാധകമാകുന്നത്.
എന്നാല്‍ മുന്‍വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി, 2021ലെ ആംനസ്റ്റി പദ്ധതിയില്‍, നൂറ് ശതമാനം പലിശയും പിഴപലിശയും ഒഴിവാക്കി ശേഷമുള്ള കുടിശിക ഒറ്റതവണയായി അടച്ചാല്‍ ബാലന്‍സ് ടാക്‌സ് കുടിശികയുടെ 40 ശതമാനം മാത്രമേ എഴുതിതള്ളൂ. തൊട്ടുമുന്‍വര്‍ഷം 60 ശതമാനം എഴുതിത്തള്ളിയിരുന്നു. കുടിശിക തവണകളായി അടച്ചാല്‍ ബാക്കി നികുതി കുടിശികയുടെ 30 ശതമാനം മാത്രമേ ഇപ്പോള്‍ എഴുതിതള്ളൂ.
''കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കച്ചവടക്കാരും ബിസിനസ് സമൂഹവും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചശേഷം ബജറ്റ് പരിഷ്‌കരിച്ച് അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസ് സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഒരു പക്ഷേ ആംനസ്റ്റി സ്‌കീമിലെ കുടിശിക എഴുതിതള്ളല്‍ 40 ശതമാനത്തില്‍ നിന്ന് 60 വരെ ഉയര്‍ത്തിയേക്കാം. ആംനസ്റ്റി ഓപ്ഷന്‍ സമര്‍പ്പിക്കാന്‍ ആഗസ്ത് 31 വരെ സമയമുള്ളതിനാല്‍, പുതിയ സര്‍ക്കാരിന്റെ ബജറ്റ് അവതരണം വരെ ബിസിനസ് സമൂഹം കാത്തിരിക്കുന്നതാണ് ഉചിതം,'' ജിഎസ്ടി വിദഗ്ധനും അഭിഭാഷകനുമായ അഡ്വ. കെ എസ് ഹരിഹരന്‍ പറയുന്നു.
ആംനസ്റ്റി പദ്ധതിയില്‍ മുന്‍പുണ്ടായിരുന്നതുപോലെ പിഴയും പിഴപലിശയും പൂര്‍ണമായി ഒഴിവാക്കി ബാക്കിയുള്ള കുടിശികയുടെ 60 ശതമാനവും എഴുതി തള്ളിയാല്‍ ബിസിനസ് സമൂഹത്തിന് ഈ പ്രതിസന്ധി കാലത്ത് പിടിച്ചുനില്‍ക്കാനാകുമെന്നും വാറ്റ് സംബന്ധമായ എല്ലാ പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാന്‍ സാധിക്കുമെന്ന് അഡ്വ. കെ എസ് ഹരിഹരന്‍ ചൂണ്ടിക്കാട്ടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine