Tax

വിദേശ പഠനാവശ്യത്തിന് എടുത്ത വിദ്യാഭ്യാസ വായ്പയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുമോ?? അറിയാം

ആദായ നികുതി നിയമത്തിലെ വകുപ്പ് 80 ഇ വിദേശ വിദ്യാഭ്യാസ വായ്പയ്ക്ക് ഗുണകരമാകുന്നതെങ്ങനെ ?

CMA (Dr) Sivakumar A

2022 മാര്‍ച്ച് 31ന് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ ശമ്പളക്കാരും പെന്‍ഷന്‍കാരും 2022 ഫെബ്രുവരി 28ന് മുമ്പ് ആദായനികുതിയുമായി ബന്ധപ്പെട്ട അന്തിമ പ്രസ്താവന ബന്ധപ്പെട്ട ഡിസിഒയ്ക്ക് അല്ലെങ്കില്‍ സബ് ട്രഷറി ഓഫീസര്‍ മുമ്പാകെ സമര്‍പ്പിച്ചിരിക്കണം. മേല്‍സാഹചര്യത്തില്‍ വിദേശത്ത് പഠിക്കുന്ന മക്കളുടെ ആവശ്യത്തിന് വേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പയ്ക്ക് ആദായനികുതി കിഴിവ് ലഭിക്കുമോ ഇല്ലയോ എന്നത് ഒരു പ്രധാനപ്പെട്ട സംശയമാണ്.

(1) ആദായ നികുതി നിയമത്തിലെ വകുപ്പ് 80 ഇ അനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യത്തിന് എടുത്ത വായ്പയുടെ പലിശയ്ക്ക് കിഴിവ് ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥാപനങ്ങള്‍, അംഗീകരിക്കപ്പെട്ട ചാരിറ്റബ്ള്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയവയില്‍നിന്നും തന്റെ ആവശ്യത്തിനോ അല്ലെങ്കില്‍ ബന്ധുക്കളുടെ ആവശ്യത്തിനോ എടുത്ത ഉന്നതവിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കാണ് കിഴിവ് ലഭിക്കുന്നത്. പലിശ അടയ്ക്കുവാന്‍ ആരംഭിക്കുന്ന വര്‍ഷവും അടുത്ത ഏഴ് വര്‍ഷവും ഈ കിഴിവ് അവകാശപ്പെടാന്‍ കഴിയുന്നതാണ്. പലിശ മുഴുവനായും പ്രസ്താവിച്ച കാലയളവിന് മുമ്പ് അടയ്ക്കുകയാണെങ്കില്‍ പ്രസ്തുത കാലയളവില്‍ മാത്രമാണ് കഴിവ് ലഭിക്കുന്നത്.

(2) ഏതൊക്കെ കോഴ്‌സിനാണ് കിഴിവ് ലഭിക്കുന്നത് ?

സീനിയര്‍ സെക്കന്‍ഡറിക്ക് ശേഷം പഠിക്കുന്ന കോഴ്‌സിനാണ് ഉന്നതവിദ്യാഭ്യാസ വായ്പയുടെ പലിശയുടെ കിഴിവ് അവകാശപ്പെടുവാന്‍ സാധിക്കുന്നത്.

(3) കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റ്, ഇവയിലേതെങ്കിലും ഒന്ന് അംഗീകരിച്ച ലോക്കല്‍ അതോറിറ്റി (മറ്റ് അതോറിറ്റികള്‍), മറ്റ് സംസ്ഥാന ഗവണ്‍മെന്റുകള്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നിന്റെ സ്‌കൂള്‍ ബോര്‍ഡ്, യൂണിവേഴ്‌സിറ്റി തുടങ്ങിയവയില്‍നിന്നും സീനിയര്‍ സെക്കന്‍ഡറി കോഴ്‌സ് പഠിച്ചാല്‍ മാത്രമാണ് വകുപ്പ് 80 ഇ അനുസരിച്ചുള്ള കിഴിവ് ലഭിക്കുന്നത്.

(4) മേല്‍ സാഹചര്യത്തില്‍ വിദേശത്ത് പഠിക്കുന്ന മക്കളുടെ ആവശ്യത്തിന് വേണ്ടി എടുത്ത വിദ്യാഭ്യാസ വായ്പയുടെ പലിശ വകുപ്പ് 80 ഇ (പരിധിയില്ല) അനുസരിച്ച് അവകാശപ്പെടുവാന്‍ കഴിയുന്നതാണ്. ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട യൂണിവേഴ്‌സിറ്റിയില്‍നിന്നും വിദേശ കോഴ്‌സിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ കൂടുതല്‍ സുഗമമായി വകുപ്പ് 80 ഇ അവകാശപ്പെടുവാന്‍ സാധിക്കുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT