രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 95 ശതമാനത്തോളമാണ് പ്രത്യക്ഷ നികുതി വരുമാനം വര്‍ധിച്ചത്. സെപ്റ്റംബര്‍ രണ്ട് വരെയുള്ള കണക്കുകള്‍ പ്രകാരം 3.7 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് പ്രത്യക്ഷ നികുതി വരുമാനമായി ലഭിച്ചത്. അതേസമയം, കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍ ഇത് 1.9 ലക്ഷം കോടി രൂപയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതുമാണ് കഴിഞ്ഞവര്‍ഷം പ്രത്യക്ഷ നികുതി വരുമാനം കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നിരുന്നാലും, കോവിഡിന് മുമ്പുണ്ടായിരുന്ന പ്രത്യക്ഷ നികുതി വരുമാനത്തേക്കാളും വര്‍ധന ഈ വര്‍ഷമുണ്ടായിട്ടുണ്ട്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഓഗസ്റ്റ് 31 ലെ പ്രത്യക്ഷ വരുമാനത്തേക്കാള്‍ 31 ശതമാനം വര്‍ധനവാണ് ഈ സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.
ഈ സമ്പത്തിക വര്‍ഷത്തെ 11.08 ലക്ഷം കോടി രൂപയെന്ന പ്രത്യക്ഷ നികുതി വരുമാന ലക്ഷ്യം നേടുന്നതിന് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തേക്കാള്‍ 17 ശതമാനം വളര്‍ച്ചയാണ് വേണ്ടത്. ഏപ്രില്‍ 1 മുതല്‍ സെപ്റ്റംബര്‍ 2 വരെയുള്ള വരുമാനം 11.08 ലക്ഷം കോടി രൂപ ലക്ഷ്യമിട്ട സാമ്പത്തിക വര്‍ഷത്തിന്റെ 33 ശതമാനം മാത്രമാണ്. വരുന്ന മാസങ്ങളിലും ശക്തമായി തുടര്‍ന്നാല്‍ മാത്രമേ ഈ പ്രത്യക്ഷനികുതി വരുമാനം നേടാനാവുകയുള്ളൂ. കഴിഞ്ഞ സാമ്പത്തികവര്‍ഷം രണ്ടാം പകുതിയില്‍ വരുമാനം ഉയര്‍ന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine