പുതിയ ആദായനികുതി ചട്ടങ്ങള്‍ (Income Tax Rules 2026) പ്രകാരം പഴയ നികുതി സംവിധാനം (Old Tax Regime) കൂടുതല്‍ ആകര്‍ഷകമാകാന്‍ സാധ്യത. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ആദായ നികുതി നിയമത്തിനൊപ്പം ഈ ചട്ടങ്ങളും നടപ്പാകും. ഇതിനു മുന്നോടിയായി പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍. ഈ മാസം 22 വരെ അഭിപ്രായം അറിയിക്കാം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറഞ്ഞ സ്ലാബുകളും ലളിതമായ രീതിയും കാരണം പുതിയ നികുതി സംവിധാനം (New Regime) കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ പുതിയ കരടു ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭേദഗതികള്‍ പഴയ സംവിധാനത്തിന് വീണ്ടും പ്രചോദനം നല്‍കുന്നുണ്ട്.
പുതിയ ഭേദഗതികള്‍ നടപ്പിലായാല്‍ പഴയതോ പുതിയതോ, ഏതു തെരഞ്ഞെടുക്കണമെന്ന ചോദ്യത്തിനു മുന്നിലാവും ശമ്പളം വാങ്ങുന്നവര്‍. സാധാരണ ശമ്പളക്കാരനും കുടുംബച്ചെലവുകള്‍ ഉള്ളവര്‍ക്കും പഴയ സംവിധാനം കൂടുതല്‍ ഗുണകരമാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നികുതി ലാഭം ശരിയായി വിലയിരുത്താന്‍ വ്യക്തിഗത ശമ്പള ഘടനയും ലഭിക്കുന്ന അലവന്‍സുകളും കണക്കാക്കി തീരുമാനമെടുക്കേണ്ടതുണ്ട്.
ഡ്രാഫ്റ്റ് ചട്ടങ്ങള്‍ പ്രകാരം, വര്‍ഷത്തില്‍ 10 ലക്ഷം രൂപ കവിയുന്ന ക്യാഷ് നിക്ഷേപം അല്ലെങ്കില്‍ പിന്‍വലിക്കല്‍ നടത്തിയാല്‍ പാന്‍ നിര്‍ബന്ധമാകും. 5 ലക്ഷത്തിനു മുകളിലുള്ള വാഹന വാങ്ങലുകള്‍ക്കും ഒരു ലക്ഷത്തിനു മുകളിലുള്ള ഹോട്ടല്‍ അല്ലെങ്കില്‍ ഇവന്റ് ചെലവുകള്‍ക്കും പാന്‍ ആവശ്യമായി വരും. ഇന്‍ഷുറന്‍സ് അക്കൗണ്ട് തുറക്കുമ്പോഴും പാന്‍ നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ, സ്വത്ത് ഇടപാടുകളില്‍ പാന്‍ ആവശ്യമായ നിലവിലെ പരിധി 20 ലക്ഷമായി ഉയര്‍ത്താന്‍ നിര്‍ദേശം ഉണ്ട്.
ഹൗസ് റന്റ് അലവന്‍സ് (HRA) ഇളവിന്റെ കണക്കുകൂട്ടലിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശമ്പളത്തിന്റെ 50% വരെ HRA ഇളവായി പരിഗണിക്കും. മറ്റ് നഗരങ്ങളിലോ പ്രദേശങ്ങളിലോ താമസിക്കുന്നവര്‍ക്ക് 40% ശമ്പളമാണ് കണക്കാക്കുക.
ആനുകൂല്യങ്ങളില്‍ പെടുന്ന താമസ സൗകര്യങ്ങളുടെ നികുതി മൂല്യനിര്‍ണ്ണയത്തിലും വ്യക്തത വരുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്, സര്‍ക്കാര്‍ നിശ്ചയിച്ച ലൈസന്‍സ് ഫീസില്‍ നിന്ന് ജീവനക്കാരന്‍ അടച്ച വാടക കുറച്ചതാണ് നികുതി ബാധകമായ മൂല്യം. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക്, തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ള വീടാണെങ്കില്‍ നഗരത്തിന്റെ ജനസംഖ്യയെ ആശ്രയിച്ച് ശമ്പളത്തിന്റെ 10%, 7.5% അല്ലെങ്കില്‍ 5% എന്നിങ്ങനെ നികുതി മൂല്യം കണക്കാക്കും.
വാടകയ്ക്ക് എടുത്ത വീടാണെങ്കില്‍ യഥാര്‍ത്ഥ വാടകയോ ശമ്പളത്തിന്റെ 10%-യോ - ഏത് കുറവാണോ അതാണ് പരിഗണിക്കുക. ഹോട്ടല്‍ താമസ സൗകര്യത്തിന് ശമ്പളത്തിന്റെ 24% അല്ലെങ്കില്‍ യഥാര്‍ത്ഥ ചെലവ് - ഏത് കുറവാണോ അത് ബാധകമാകും. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട 15 ദിവസത്തേക്ക് ഇളവ് ലഭിക്കും. ഫര്‍ണിഷ്ഡ് താമസ സൗകര്യത്തിന് ഫര്‍ണിച്ചറിന്റെ വിലയുടെ 10% വാര്‍ഷികമായി അധികമായി കണക്കാക്കും.
പലിശരഹിത അല്ലെങ്കില്‍ ഇളവുള്ള വായ്പകള്‍ക്ക്, SBI നിരക്കില്‍ കണക്കാക്കുന്ന പലിശയില്‍ നിന്ന് ജീവനക്കാരന്‍ അടച്ച പലിശ കുറച്ചതാണ് പെര്‍ക്വിസിറ്റ് മൂല്യം. 2 ലക്ഷം കവിയാത്ത വായ്പകള്‍ക്കും നിര്‍ദ്ദിഷ്ട രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള വായ്പകള്‍ക്കും പെര്‍ക്ക്വിസിറ്റ് ബാധകമല്ല.
ജോലി സമയത്ത് ലഭിക്കുന്ന സൗജന്യ ഭക്ഷണത്തിനും മദ്യമല്ലാത്ത പാനീയങ്ങള്‍ക്കും ഒരു ഭക്ഷണത്തിന് 200 രൂപ വരെ നികുതിയില്ല. തൊഴിലുടമ നല്‍കുന്ന സമ്മാനങ്ങളുടെ വാര്‍ഷിക മൊത്തം മൂല്യം 15,000ല്‍ താഴെയാണെങ്കില്‍ നികുതി ബാധകമാകില്ല.
കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സായി മാസം 3,000 വരെ (പരമാവധി രണ്ട് കുട്ടികള്‍ക്ക്) നികുതി ഇളവ് ലഭിക്കും. ഹോസ്റ്റല്‍ ചെലവിനായി മാസം 9,000 വരെ (രണ്ട് കുട്ടികള്‍ക്ക്) ഇളവുണ്ട്. ഭിന്നശേഷി ജീവനക്കാര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് അലവന്‍സായി മെട്രോ നഗരങ്ങളില്‍ 15,000 വരെയും മറ്റ് നഗരങ്ങളില്‍ 8,000 വരെയും നികുതി ഇളവ് അനുവദിക്കും.
ഡ്രാഫ്റ്റ് രൂപത്തിലുള്ള ഈ ചട്ടങ്ങള്‍ക്കാണ് ഇപ്പോള്‍ പൊതുജനാഭിപ്രായം ക്ഷണിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ അന്തിമരൂപം കൈക്കൊള്ളുന്നതിന് മുമ്പ് വിവിധ വിഭാഗങ്ങളിലെ പ്രതികരണങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്രം അറിയിച്ചു. അന്തിമ അംഗീകാരത്തിന് ശേഷം 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഇത് പ്രാബല്യത്തില്‍ വരും.
Read DhanamOnline in English
Subscribe to Dhanam Magazine