Tax

സ്വര്‍ണത്തിന് ഇ-വേ ബില്‍ ഉത്തരവ് മരവിപ്പിച്ചു; സാങ്കേതിക പിഴവെന്ന് ജിഎസ്ടി വകുപ്പ്

കേസുകള്‍ പിന്‍വലിക്കണമെന്ന് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Dhanam News Desk

സ്വര്‍ണ വ്യാപാരികള്‍ സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടു പോകുന്നതിന് ഇവേ ബില്‍ എടുക്കണമെന്ന ജിഎസ്ടി വകുപ്പിന്റെ  ഉത്തരവ് മരവിപ്പിച്ചു. ജനുവരി 1 മുതല്‍ നടപ്പാക്കി തുടങ്ങിയ ഉത്തരവ്  ഇ-വേ ബില്‍ പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലം നീട്ടിവെക്കുന്നതായി സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ അജിത് പാട്ടീല്‍  പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കി. പുതിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 27 നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് സംസ്ഥാന ജിഎസ്ടി വകുപ്പ് പുറത്തിറക്കിയത്. ഇതിനെതിരെ സ്വര്‍ണവ്യാപാരികള്‍ ശക്തമായി രംഗത്തു വന്നിരുന്നു. കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ കണ്ട് നിവേദനം നല്‍കിയിരുന്നു.

കേസുകള്‍ പിന്‍വലിക്കണമെന്ന് വ്യാപാരികള്‍

വ്യാപാരികള്‍ ചൂണ്ടിക്കാണിച്ച സാങ്കേതികപിഴവുകള്‍ ശരിയാണെന്ന് തെളിഞ്ഞതിന്റെ ഫലമാണ്  ഉത്തരവ് മരവിപ്പിച്ചതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. ജനുവരി ഒന്നാം തീയതി മുതല്‍ എട്ടാം തീയതി വരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജിഎസ്ടി കമ്മീഷണറുടെ ഡിസംബര്‍ 27 ലെ നോട്ടിഫിക്കേഷനിലെ അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ജി എസ് ടി നിയമത്തിന്റെ EWB-01 ന്റെ എ,ബി ഭാഗങ്ങള്‍ നിര്‍ബന്ധമാണോ എന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നില്ല. എ ഭാഗത്തില്‍ വില്‍ക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും വിശദവിവരങ്ങളും ബി ഭാഗത്തില്‍ സ്വര്‍ണം കൊണ്ടുപോകുന്ന ആളുടെ വിവരങ്ങളുമാണുള്ളത്.

50 കിലോമീറ്ററിനുള്ളിലെ  ചലനങ്ങള്‍, കൊറിയര്‍, ഇ-കോമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍, നോണ്‍ സപ്ലൈ വിഭാഗങ്ങളില്‍ പെടുന്ന സ്‌റ്റോക്ക് ട്രാന്‍സ്ഫറുകള്‍, എക്‌സിബിഷനുകള്‍, അറ്റകുറ്റപ്പണികള്‍, ജോബ് വര്‍ക്ക്, ആഭരണങ്ങള്‍ സെലക്ഷന് വേണ്ടി കൊണ്ടുപോകല്‍ തുടങ്ങിയക്ക് ഇ-വേ ബില്‍ ആവശ്യമാണോ എന്നത് വ്യക്തമല്ല. 10 ലക്ഷം രൂപയുടെ പരിധി നികുതി വിധേയമായ മൂല്യമോ, നികുതി ഉള്‍പ്പെടെയുള്ള ഇന്‍വോയ്‌സ് മൂല്യമോ എന്ന് വ്യക്തമാക്കിയിട്ടില്ല. കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണ്ണത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ല. വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാതെ ഇ-വേ ബില്‍ നിര്‍ബന്ധമാക്കരുതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT