Image : Canva and Freepik 
Tax

ഒക്ടോബറിലെ ജി.എസ്.ടി പിരിവില്‍ 13% വളര്‍ച്ച; കേരളത്തിന് കേന്ദ്രവിഹിതം ₹18,370 കോടി

ജി.എസ്.ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സമാഹരണമാണ് ഒക്ടോബറിലേത്

Anilkumar Sharma

ദസറ-നവരാത്രി ഉത്സവകാലം നിറഞ്ഞുനിന്ന ഒക്ടോബറില്‍ ജി.എസ്.ടി സമാഹരണത്തിലും ഉണര്‍വ്. 2022 ഒക്ടോബറിലെ 1.51 ലക്ഷം കോടി രൂപയില്‍ നിന്ന് 1.72 ലക്ഷം കോടി രൂപയിലേക്കാണ് ഇക്കുറി ഒക്ടോബറില്‍ ദേശീയതലത്തിലെ മൊത്തം ജി.എസ്.ടി സമാഹരണം വര്‍ധിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി; 13 ശതമാനമാണ് വളര്‍ച്ച.

₹91,300 കോടിയും ഐ.ജി.എസ്.ടി

കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി പിരിവില്‍ 30,062 കോടി രൂപയാണ് കേന്ദ്ര ജി.എസ്.ടി (CGST). സംസ്ഥാന ജി.എസ്.ടിയായി (SGST) ലഭിച്ചത് 38,171 കോടി രൂപയാണ്. സംയോജിത ജി.എസ്.ടിയായി (IGST) 91,315 കോടി രൂപയും സെസ് ഇനത്തില്‍ 12,456 കോടി രൂപയും പിരിച്ചെടുത്തു.

₹1.66 ലക്ഷം കോടി

നടപ്പുവര്‍ഷത്തെയും ജി.എസ്.ടിയുടെ ചരിത്രത്തിലെയും രണ്ടാമത്തെ വലിയ സമാഹരണമാണ് കഴിഞ്ഞമാസം നടന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ 1.87 ലക്ഷം കോടി രൂപ ലഭിച്ചതാണ് സര്‍വകാല റെക്കോഡ്. സെപ്റ്റംബറിലെ ജി.എസ്.ടി സമാഹരണം 1.62 ലക്ഷം കോടി രൂപയായിരുന്നു.

നടപ്പുവർഷത്തെ ജി.എസ്.ടി സമാഹരണവും മുൻവർഷത്തെ സമാന മാസങ്ങളുമായുള്ള താരതമ്യവും (ചിത്രം: ധനമന്ത്രാലയം)​

നടപ്പുവര്‍ഷത്തെ (2023-24) ശരാശരി പ്രതിമാസ ജി.എസ്.ടി സമാഹരണം 1.66 ലക്ഷം കോടി രൂപയാണ്. 2022 ഡിസംബറിന് ശേഷം വാര്‍ഷികാടിസ്ഥാനത്തില്‍ ജി.എസ്.ടി സമാഹരണം കുറിക്കുന്ന ഏറ്റവും വലിയ വളര്‍ച്ചാനിരക്കും കഴിഞ്ഞമാസത്തെ 13 ശതമാനമാണ്. സെപ്റ്റംബറിലെ വളര്‍ച്ചാനിരക്കായ 10.2 ശതമാനം 27-മാസത്തെ ഏറ്റവും താഴ്ചയായിരുന്നു.

എന്തുകൊണ്ട് സമാഹരണം ഉയര്‍ന്നു?

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് ജി.എസ്.ടി പിരിവിലെ വര്‍ധന. ജി.എസ്.ടി, ജി.എസ്.ടി റിട്ടേണ്‍ എന്നിവയുടെ സമര്‍പ്പണ നടപടിക്രമങ്ങള്‍ ലളിതമാക്കിയതും കൂടുതല്‍പേര്‍ നികുതിദായകരായതും സമാഹരണം വര്‍ധിക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.

തൊട്ടുമുമ്പത്തെ മാസത്തെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ജി.എസ്.ടിയാണ് അതിനടുത്തമാസം പിരിച്ചെടുക്കുക. സെപ്റ്റംബറിലെ ഇടപാടുകളുടെ ജി.എസ്.ടിയാണ് കഴിഞ്ഞമാസം പിരിച്ചെടുത്ത 1.72 ലക്ഷം കോടി രൂപ. ഒക്ടോബറിലെ ഇടപാടുകളുടെ ജി.എസ്.ടി ഈമാസം പിരിച്ചെടുക്കുകയും ഡിസംബ‌ർ ഒന്നിന് ധനമന്ത്രാലയം കണക്കുകൾ പുറത്തുവിടുകയും ചെയ്യും.

ദസറ-നവരാത്രി ആഘോഷക്കാലത്ത് ഉപഭോക്തൃവിപണി മികച്ച വളർച്ച കൈവരിച്ചുവെന്നാണ് വിലയിരുത്തൽ. ഇത് കൂടുതൽ ഉയർന്ന ജി.എസ്.ടി സമാഹരണത്തിന് വഴിയൊരുക്കിയേക്കും.

കേരളത്തിന് കേന്ദ്രംവക ₹18,370 കോടി

നടപ്പുവര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവിലെ ജി.എസ്.ടി വിഹിതമായി കേരളത്തിന് കേന്ദ്രം അനുവദിച്ചത് 18,370 കോടി രൂപ. മുന്‍വര്‍ഷത്തെ സമാനകാലത്തെ 17,450 കോടി രൂപയേക്കാള്‍ 5 ശതമാനം അധികമാണിത്. സംസ്ഥാന ജി.എസ്.ടിയും സംയോജിത ജി.എസ്.ടിയിലെ കേരളത്തിന്റെ വിഹിതവും ചേര്‍ത്തുള്ളതാണ് കേന്ദ്രവിഹിതം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT