ചരക്ക്-സേവനനികുതിയായി (GST) ദേശീയതലത്തില്‍ കഴിഞ്ഞമാസം പിരിച്ചെടുത്തത് 1.73 ലക്ഷം കോടി രൂപ. 2023 മേയിലെ 1.57 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് 10 ശതമാനം അധികമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഇക്കുറി ഏപ്രിലില്‍ 2.10 ലക്ഷം കോടി രൂപ ജി.എസ്.ടിയായി പിരിച്ചെടുത്തിരുന്നു. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നശേഷം ഒരുമാസം ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി വരുമാനമാണത്.
തൊട്ടുമുന്‍ മാസം നടന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ജി.എസ്.ടിയാണ് ഓരോ മാസവും പിരിച്ചെടുക്കാറുള്ളത്. സാമ്പത്തിക വര്‍ഷത്തെ അവസാന മാസമായ മാര്‍ച്ചില്‍ നടന്ന ഇടപാടുകളുടെ ജി.എസ്.ടി അപ്രകാരം ഏപ്രിലില്‍ പിരിച്ചെടുത്തതുകൊണ്ടാണ് റെക്കോഡ് സമാഹരണമുണ്ടായത്. വർഷാന്ത്യത്തിൽ പൊതുവേ ഇടപാടുകൾ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ, ഓരോ വര്‍ഷവും ഏപ്രിലിലായിരിക്കും ഏറ്റവും ഉയര്‍ന്ന സമാഹരണം.
കേന്ദ്ര-സംസ്ഥാന ജി.എസ്.ടികള്‍
കഴിഞ്ഞമാസം പിരിച്ചെടുത്ത മൊത്തം ജി.എസ്.ടിയില്‍ 32,409 കോടി രൂപ കേന്ദ്ര ജി.എസ്.ടിയാണ് (CGST). സംസ്ഥാനതലത്തില്‍ 40,265 കോടി രൂപ പിരിച്ചെടുത്തു (SGST).
സംയോജിത ജി.എസ്.ടിയായി (IGST) 87,781 കോടി രൂപയും സെസ് ഇനത്തില്‍ 12,284 കോടി രൂപയും ലഭിച്ചു.
കേരളത്തിനും മികച്ച വളര്‍ച്ച
കേരളത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 2,594 കോടി രൂപയാണ്. 2023 മേയിലെ 2,297 കോടി രൂപയേക്കാള്‍ 13 ശതമാനം അധികം. ഇക്കഴിഞ്ഞ മേയില്‍ 3,272 കോടി രൂപ കേരളത്തില്‍ നിന്ന് ജി.എസ്.ടിയായി പിരിച്ചെടുത്തിരുന്നു.
കഴിഞ്ഞമാസത്തെ സംസ്ഥാന ജി.എസ്.ടി., ഐ.ജി.എസ്.ടിയിലെ സംസ്ഥാന വിഹിതം എന്നിവയായി കേരളത്തിന് 2,497 കോടി രൂപയും ലഭിച്ചു. 2023 മേയിലെ 2,387 കോടി രൂപയേക്കാള്‍ 5 ശതമാനം കൂടുതലാണിതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
26,854 കോടി രൂപയുമായി ജി.എസ്.ടി സമാഹരണത്തില്‍ ഏറ്റവും മുന്നില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്ര തന്നെയാണ്. ഒരുകോടി രൂപ മാത്രം ജി.എസ്.ടിയായി പിരിച്ചെടുത്ത ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍.
Read DhanamOnline in English
Subscribe to Dhanam Magazine