Tax

ഉപഭോക്തൃ സംസ്ഥാനം; എന്നിട്ടും ജി.എസ്.ടി ലക്ഷ്യം പാളി കേരളം

Dhanam News Desk

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍, ജി.എസ്.ടി വന്നതോടെ കേരളത്തിനു വരുമാനം കൂടുമെന്ന നിഗമനം പാളിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019ല്‍ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ ജി.എസ്.ടി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.

അതേസമയം, 2020 ജനുവരിയില്‍ കേരളത്തില്‍ നിന്നുള്ള ജി.എസ്.ടി സമാഹരണം 17 ശതമാനം ഉയര്‍ന്നത് പ്രതീക്ഷ പകരുന്നു. 2019 ജനുവരിയിലെ 1,584 കോടി രൂപയില്‍ നിന്ന് 1,859 കോടി രൂപയായാണ് വര്‍ദ്ധന.

കേരളം ഉള്‍പ്പെടെ 23 സംസ്ഥാനങ്ങള്‍ 2019 ഏപ്രില്‍-ഡിസംബറില്‍ ആകെ നേടിയ ജി.എസ്.ടി വരുമാനം 3.68 ലക്ഷം കോടി രൂപ. 2018ലെ സമാനകാലത്ത് ഇത് 3.83 ലക്ഷം കോടി രൂപയായിരുന്നു. കുറവ് നാല് ശതമാനം. ജി.എസ്.ടി വരുമാനത്തില്‍ ഇക്കാലയളവില്‍ ഏറ്റവും വലിയ നഷ്ടം കുറിച്ചത് ഉത്തരാഖണ്ഡ് ആണ്; 33 ശതമാനം. നഷ്ടക്കണക്കില്‍ ആറാമതാണ് കേരളം. വരുമാനം കുറഞ്ഞത് 12 ശതമാനം. ജി.എസ്.ടി കൗണ്‍സില്‍ ഒട്ടേറെ ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ചതാണ് കേരളത്തിന് ക്ഷീണമായത്.

ഉത്തരാഖണ്ഡ് 33%, മിസോറം 19%, ആന്ധ്രപ്രദേശ് 16%, പഞ്ചാബ് 16%, നാഗാലാന്‍ഡ് 13%, കേരളം 12% എന്നിങ്ങനെയാണ് 2019 ഏപ്രില്‍- ഡിസംബറില്‍ സംസ്ഥാനങ്ങളുടെ ജി.എസ്.ടി വരുമാനം കുറഞ്ഞത്. അതേസമയം, 2019 ഏപ്രില്‍-ഡിസംബറില്‍ വരുമാന വര്‍ദ്ധന നേടിയവ:

മദ്ധ്യപ്രദേശ് 75%,മേഘാലയ 35%,സിക്കിം 24%,ബംഗാള്‍ 13%,ഒഡീഷ 13%.

2018 ഏപ്രില്‍-ഡിസംബറില്‍ കേരളം ജി.എസ്.ടിയിലൂടെ നേടിയ വരുമാനം 20,531 കോടി രൂപ. 2019ലെ സമാന കാലയളവില്‍ ലഭിച്ചത് 19,133 കോടി രൂപ; നഷ്ടം 12 ശതമാനം. നഷ്ട പരിഹാരത്തിനായുള്ള സംസ്ഥാനത്തിന്റെ നീക്കമാകട്ടെ ഫലപ്രദമാകുന്നുമില്ല.

നടപ്പുവര്‍ഷം ഇതുവരെ (ഏപ്രില്‍-ജനുവരി) ജി.എസ്.ടിയായി കേന്ദ്രം നേടിയത് 10.19 ലക്ഷം കോടി രൂപ. കഴിഞ്ഞവര്‍ഷത്തെ (2018-19) മൊത്തം വരുമാനം 11.77 ലക്ഷം കോടി രൂപയായിരുന്നു. നടപ്പുവര്‍ഷം അവസാനിക്കാന്‍ രണ്ടു മാസമുണ്ടായിരിക്കേ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വരുമാനം ലഭിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT