ജി.എസ്.ടി നിയമങ്ങള്‍ ലളിതമായി മലയാളത്തില്‍ വിശദീകരിക്കുന്ന, അഭിഭാഷകരായ കെ.എസ്. ഹരിഹരനും ഹരിമ ഹരിഹരനും ചേര്‍ന്ന് തയ്യാറാക്കിയ 'ജി.എസ്.ടി നിയമങ്ങള്‍ മലയാളത്തില്‍' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.
ജി.എസ്.ടി ജോയിന്റ് കമ്മിഷണര്‍ ബി. പ്രമോദ്, ധനം ബിസിനസ് മാഗസിന്‍ ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ ഏബ്രഹാം എന്നിവര്‍ ചേര്‍ന്ന് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ജി.എസ്.ടി നിയമങ്ങള്‍ മലയാളത്തില്‍ ലളിതമായി വിവരിക്കുന്ന ഈ പുസ്തകത്തിന് പ്രസക്തി ഏറെയാണെന്ന് ബി. പ്രമോദ് അഭിപ്രായപ്പെട്ടു.
നിയമങ്ങളെ കുറിച്ച് ബിസിനസ് ഉടമകളെ ബോധവാന്മാരാക്കുന്നതിലും നിയമാനുസൃതം ബിസിനസ് നടത്താന്‍ അവരെ സഹായിക്കുന്നതിലും നികുതി മേഖലയിലെ പ്രൊഫഷണലുകള്‍ക്കും വിദഗ്ധര്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്ന് കുര്യന്‍ ഏബ്രഹാം പറഞ്ഞു. രാജ്യത്തെ ബിസിനസ്, കച്ചവട രംഗങ്ങള്‍ കൂടുതല്‍ സംഘടിതവും ഈ മേഖലയിലെ ഓരോ കാര്യങ്ങളും അറിയാന്‍ പാകത്തിലുള്ള ചട്ടക്കൂടുകള്‍ സര്‍ക്കാര്‍ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തതോടെ നിയമാനുസൃതം ബിസിനസ് നടത്താത്തപക്ഷം പില്‍ക്കാലത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാകും. സാധാരണ സംരംഭകര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ച് കൃത്യമായ അവബോധം പകരാന്‍ ടാക്സ് പ്രാക്ടീഷണര്‍മാരും നികുതി വിദഗ്ധരും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.ജി.എസ്.ടി (Central GST), ഐ.ജി.എസ്.ടി (Integrated GST) നിയമങ്ങള്‍ ലളിതമായ പരിഭാഷയില്‍ പ്രത്യേക അനുബന്ധങ്ങള്‍ ചേര്‍ത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഓരോ വിഭാഗത്തിന് കീഴിലും സര്‍ക്കുലര്‍, നോട്ടിഫിക്കേഷനുകള്‍ എന്നിവയുടെ വിശദാംശങ്ങളും ബിസിനസ് മേഖലകള്‍ തരംതിരിച്ചുള്ള വിവരണവുമെല്ലാം നല്‍കിയിട്ടുണ്ട്. ഇതിന്റെ ആദ്യ പതിപ്പ് 2022 ആഗസ്റ്റില്‍ പുറത്തിറങ്ങിയിരുന്നു.
'രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പ്രൊഫെഷണല്‍സിന്റെ പങ്ക്'
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 'രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പ്രൊഫെഷണല്‍സിന്റെ പങ്ക്' എന്ന വിഷയത്തെ ആധാരമാക്കി ജോണി ആന്‍ഡ് അസോസിയേറ്റ്സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ പി.ജെ. ജോണി പള്ളിവാതുക്കല്‍ സംസാരിച്ചു. അഡ്വ. ഹരിഹരന്റെ പുസ്തകം ജി.എസ്.ടിയെക്കുറിച്ച് എല്ലാ വിവരങ്ങളും പങ്കുവയ്ക്കുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രമുഖ ചാര്‍ട്ടേഡ് എക്കൗണ്ടന്റായ ബാബു എബ്രഹാം കള്ളിവയലില്‍ പറഞ്ഞു.
ടാക്സ് കണ്‍സല്‍ട്ടന്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാനായ എ.എന്‍. പുരം ശിവകുമാര്‍ നമ്മുടെ രാജ്യത്ത് ദീര്‍ഘ വീക്ഷണമില്ലാത്ത വികസനമാണ് ഇപ്പോള്‍ കണ്ടുവരുന്നതെന്ന് ചൂണ്ടിക്കാട്ടി.
ധനമന്ത്രി കച്ചവടക്കാരോട് ഒരു ഭംഗി വാക്ക് പോലും പറയുന്നില്ല
ടാക്സ് കേരള ചീഫ് എഡിറ്റര്‍ വിപിന്‍ കുമാര്‍, കേരള മര്‍ച്ചന്റ് ചേംബര്‍ പ്രസിഡന്റ മുഹമ്മദ് സഗീര്‍, കേരള ജി.എസ്.ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ വി. പ്രതാപന്‍, അസോസിയേഷന്‍ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്‌സ് സ്റ്റേറ്റ് പ്രസിഡന്റ് ബാലചന്ദ്രന്‍, കേരള സ്‌മോള്‍ സ്‌കയില്‍ ഇന്‍ഡസ്ട്രീസ് അസോസോയേഷന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ജോസ്, അഡ്വ. പി.എഫ്. ജോയ്, ഗോള്‍ഡ് ഹാള്‍മാര്‍ക്കിംഗ് അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ ജെയിംസ് ജോസ്, ഓള്‍ കേരള ജി.എസ്.ടി പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റ് പി.എ. ബാലകൃഷ്ണന്‍, ബേക്കറി അസോസിയേഷന്‍ സ്റ്റേറ്റ് ലീഡര്‍ ശങ്കരന്‍, എ.ടി.പി ഡിസ്ട്രിക്ട് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരി, എ.കെ.ഡി.എ സ്റ്റേറ്റ് ലീഡര്‍ കെ.എം. ജോണ്‍, കെ.ഇ.ടി.എ ലീഡര്‍ ടി.ജെ. കൃഷ്ണകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രകൃതി സ്നേഹം മനുഷ്യ സ്നേഹമാണെന്നും 'ഒരു മാസം ഒരു വൃക്ഷം നടുക' എന്ന ഉദ്യമത്തിന് എല്ലാവരും തയ്യാറാവണമെന്നും ഹരിഹരന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
(പുസ്തകത്തിന്റെ കോപ്പികള്‍ക്ക് 9846227555, 0484-4022000 എന്ന നമ്പറിലോ അല്ലെങ്കില്‍ kshariharanandaossciates@yahoo.com ലോ ബന്ധപ്പെടാവുന്നതാണ്).
Read DhanamOnline in English
Subscribe to Dhanam Magazine