ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, സഹകരണ സ്ഥാപനങ്ങള്‍, ഫിന്‍ടെക്കുകള്‍, മ്യൂച്വല്‍ഫണ്ട് ഹൗസുകള്‍ തുടങ്ങിയ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് സ്ഥാപനങ്ങളോട് ജൂണ്‍ 30ന് മുമ്പ് ഉയര്‍ന്ന തുകയിലുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) നിര്‍ദേശം നൽകി.
പൂര്‍ണ വിവരങ്ങള്‍ നല്‍കാത്തതോ ശരിയായ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കാത്തതോ ആയ 6,000ത്തോളം സ്ഥാപനങ്ങളുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യതയുള്ള എല്ലാ സ്ഥാപനങ്ങളും 2022-23 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങൾ ജൂണ്‍ 30ന് മുമ്പ് ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്നും സി.ബി.ഡി.റ്റി വ്യക്തമാക്കി.
അന്വേഷണ വിഭാഗത്തിനായി
ആദായ നികുതി നിയമനുസരിച്ച് ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, രജിസ്ട്രാര്‍മാര്‍, കമ്പനികള്‍, മ്യൂച്വല്‍ഫണ്ട് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഫോം 61എ (സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍) വഴി ഉയര്‍ന്ന തുകകളിലുള്ള ഇടപാട് വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഡയറക്ടറെ അറിയിക്കണം.
50 ലക്ഷം രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകളും, 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓഹരി നിക്ഷേപമോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോ, അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ എന്നിവയൊക്കെ റിപ്പോര്‍ട്ട് ചെയ്യണം.
രാജ്യത്തെ വന്‍കിട ബാങ്കുകളും മ്യൂച്വല്‍ ഫണ്ടുകളും ഇത് പാലിക്കുന്നുണ്ടെങ്കിലും പ്രാദേശിക ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, പ്രാദേശിക രജിസ്ട്രാര്‍ ഓഫീസുകള്‍ എന്നിവ ചിലപ്പോള്‍ സമയത്ത് ഫയല്‍ ചെയ്യാറില്ല. ആദായ നികുതി വകുപ്പിന്റെ അന്വേഷണ വിഭാഗത്തിന് ഉയര്‍ന്ന ഇടപാടുകളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിക്കുന്ന പ്രധാന സ്രോതസാണിത്.
നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യേണ്ടവ
* പത്ത് ലക്ഷത്തിന് മുകളിലുള്ള എല്ലാ ബാങ്ക്, പോസ്റ്റ് ഓഫീസ് ഇടപാടുകളും
* 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വിദേശ കറന്‍സി വാങ്ങല്‍
* 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓഹരികളുടെ വാങ്ങലും വില്‍പ്പനയും
* 30 ലക്ഷം രൂപയില്‍ കൂടുതല്‍ സ്റ്റാംപ് ഡ്യൂട്ടി വരുന്ന പ്രോപ്പര്‍ട്ടികളുടെ വാങ്ങല്‍
* ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍
* സാധനങ്ങളുടെയും സേവനങ്ങളുടെയും വില്‍പ്പനയ്ക്കായി രണ്ട് ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള പണം കൈമാറ്റം
Read DhanamOnline in English
Subscribe to Dhanam Magazine