Canva
Tax

ടി.ഡി.എസ് കുരുക്കായി: ക്രിപ്റ്റോ ഇടപാടിലെ വെറും ₹4,000 ലാഭത്തിന് ₹47 ലക്ഷത്തിന്റെ ഇൻകം ടാക്സ് നോട്ടീസ്!

നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണം ആദായ നികുതി വകുപ്പ് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ഓരോ ഡിജിറ്റൽ ഇടപാടും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും പരിശോധിക്കപ്പെടുന്നുണ്ടെന്നും നിക്ഷേപകർ തിരിച്ചറിയേണ്ടതുണ്ട്

Dhanam News Desk

ബെംഗളൂരുവിലെ ഒരു ക്രിപ്റ്റോ ട്രേഡർക്ക് കേവലം 4,000 രൂപയുടെ ലാഭത്തിനുമേൽ ആദായ നികുതി വകുപ്പിൽ നിന്ന് 47.40 ലക്ഷം രൂപയുടെ ഇൻകം ടാക്സ് നോട്ടീസ് ലഭിച്ച സംഭവം (ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു) രാജ്യത്തെ ഡിജിറ്റൽ ആസ്തികളുടെ നികുതി നിർവ്വഹണം കർശനമാകുന്നതായി അടിവരയിടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നടത്തിയ ക്രിപ്റ്റോ ഇടപാടുകളുടെ മൂല്യവും വ്യക്തി സമർപ്പിച്ച ഇൻകം ടാക്സ് റിട്ടേണും (ഐ.ടി.ആർ) തമ്മിലുള്ള അന്തരമാണ് ഈ നോട്ടീസിന് കാരണമായത്.

ഒറ്റനോട്ടത്തിൽ ഈ കേസ് അവിശ്വസനീയമായി തോന്നാമെങ്കിലും, നിലവിലെ നികുതി വ്യവസ്ഥയിൽ ലാഭത്തേക്കാളേറെ, ഇടപാടുകളുടെ കൃത്യമായ വിവരങ്ങൾക്കാണ് അധികൃതർ പ്രാധാന്യം നൽകുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നികുതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നോട്ടീസിന് കാരണമായ പൊരുത്തക്കേടുകൾ

ലാഭത്തിലെ കുറവല്ല, മറിച്ച് ഇൻകം ടാക്സ് റിട്ടേണിലെ വെളിപ്പെടുത്തലുകളും യഥാർത്ഥ ക്രിപ്റ്റോ ഇടപാടു വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് ഇവിടെ ആദായ നികുതി ഉദ്യോ​ഗസ്ഥർ പ്രധാനമായും പരിശോധിച്ചത്. ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ, ബാങ്കിംഗ് ചാനലുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളും വ്യക്തി ഫയൽ ചെയ്ത ടാക്സ് റിട്ടേണും തമ്മിൽ വലിയ അന്തരമുണ്ടെന്ന് അധികൃതർ കണ്ടെത്തി.

വലിയ തുകയുടെ ഇടപാടുകൾ നടക്കുന്നത് നേരിട്ട് നികുതി ബാധ്യതയുള്ള വരുമാനമായി മാറുന്നില്ലെങ്കിലും, അവ കൃത്യമായി വെളിപ്പെടുത്താതിരിക്കുന്നത് ആദായ നികുതി വകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്ക് കാരണമാകും. തേർഡ് പാർട്ടി സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളും ടാക്സ് റിട്ടേണും തമ്മിൽ ഒത്തുനോക്കുന്നതിനുള്ള ആധുനിക ഡാറ്റാ-മാച്ചിംഗ് ടൂളുകൾ ഇന്ന് ടാക്സ് അധികൃതർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അതേസമയം ബെം​ഗളുരു സ്വദേശിയുടെ കേസിന് സമാനമായി രാജ്യത്താകമാനം 44,000-ത്തോളം ക്രിപ്റ്റോ ട്രേ‍ഡർമാർക്ക് ഇൻകം ടാക്സ് നോട്ടീസ് പോയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

1% ടി.ഡി.എസിൽ നിന്നുള്ള ഡിജിറ്റൽ ഓഡിറ്റ് ട്രെയിൽ

2022 ജൂലൈയിൽ വിർച്വൽ ഡിജിറ്റൽ ആസ്തികളുടെ (വി.ഡി.എ) കൈമാറ്റത്തിനുമേൽ ഏർപ്പെടുത്തിയ 1 ശതമാനം ടി.ഡി.എസ് വ്യവസ്ഥയാണ് ഇന്ത്യയിൽ ക്രിപ്റ്റോ ഇടപാടുകളിലെ നികുതി നിരീക്ഷണത്തെ പൂർണമായും പൊളിച്ചെഴുതിയത്.

  • പാൻ ലിങ്കിംഗ്: നിയമാനുസൃതമായ എക്സ്ചേഞ്ചുകളിൽ നടക്കുന്ന ഓരോ ഇടപാടും ഉപയോക്താവിന്റെ പാനുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

  • വിവര ശേഖരണം: എക്സ്ചേഞ്ചുകൾ ഓരോ ഇടപാടിന്റെയും വിവരങ്ങളും പിടിച്ചെടുത്ത ടി.ഡി.എസും കൃത്യമായി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യുന്നു.

  • ക്രോസ് റഫറൻസിംഗ്: ഈ വിവരങ്ങൾ നികുതി ദായകന്റെ ഇൻകം ടാക്സ് റിട്ടേൺ, ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് (എ.ഐ.എസ്), ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവയുമായി ആദായ നികുതി വകുപ്പ് നേരിട്ട് ഒത്തുനോക്കുന്നു. ഇന്ത്യയിലെ ഡിജിറ്റൽ സമ്പദ്‌‍വ്യവസ്ഥയിലെ ഏറ്റവും സമഗ്രമായ ഇടപാട് നിരീക്ഷണ സംവിധാനങ്ങളിലൊന്നായി ഇതു മാറിയിട്ടുണ്ടെന്നതും ശ്രദ്ധേയം.

എന്തുകൊണ്ട് ക്രിപ്‌റ്റോ ട്രേഡിം​ഗ് പരമ്പരാഗത പണമിടപാടുകളേക്കാൾ എളുപ്പത്തിൽ കണ്ടെത്താനാകും?

ക്രിപ്‌റ്റോ വ്യാപാര ഇടപാടുകൾ പരമ്പരാ​ഗത സാമ്പത്തിക സംവിധാനങ്ങൾക്ക് പുറത്താണെന്ന ധാരണയ്ക്ക് വിപരീതമായി, എക്സ്ചേഞ്ചുകൾ വഴി നടത്തുന്ന മിക്ക ഇടപാടുകളും ഔദ്യോ​ഗിക ഏജൻസികളുടെ വിശകലനത്തിന് ആവശ്യമായ നിരവധി ഡാറ്റാ റെക്കോർഡുകൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിൽ ട്രാക്ക് ചെയ്യപ്പെടുന്ന പ്രധാന വിവരങ്ങൾ താഴേ ചേർക്കുന്നു

  • കെ.വൈ.സി രേഖകൾ

  • വാലറ്റിലെ കൈമാറ്റങ്ങൾ

  • ബാങ്ക് പണമിടപാടുകൾ

  • ടി.ഡി.എസ് ഫയലിംഗുകൾ

  • എക്സ്ചേഞ്ച് ട്രാൻസാക്ഷൻ ലോഗുകൾ

ഇടപാടുകൾ നടന്ന് വർഷങ്ങൾക്ക് ശേഷവും ആദായ നികുതി വകുപ്പിന് ഇവയൊക്കെ പരിശോധിക്കാനാകും. ചുരുക്കത്തിൽ പണം നേരിട്ട് കൈമാറുന്ന മറ്റ് പരമ്പരാഗത സംവിധാനങ്ങളെ അപേക്ഷിച്ച്, ഡിജിറ്റൽ ആസ്തികളെ കുറിച്ച് നൽകുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകൾ കണ്ടെത്താൻ അധികൃതർക്ക് ഇന്ന് വളരെ എളുപ്പത്തിൽ കഴിയുമെന്ന് സാരം.

നിക്ഷേപകർ ശ്രദ്ധിക്കേണ്ട സാങ്കേതിക വശങ്ങൾ

വരുമാനത്തിൽ നേരിടുന്ന ലാഭനഷ്ടങ്ങൾ കണക്കാക്കുന്നതിലേക്ക് മാത്രം വിവരങ്ങൾ ചുരുക്കാതെ, സുതാര്യമായ വെളിപ്പെടുത്തലുകൾക്ക് നിക്ഷേപകർ പ്രാധാന്യം നൽകണമെന്നാണ് നികുതി വിദഗ്ധർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനായുള്ള മുഖ്യ പരിഹാര നടപടികളായി നിർദ്ദേശിക്കുന്നത്. അതിനായി ശ്രദ്ധിക്കേണ്ട പ്രധാന നടപടികൾ താഴേ ചേർക്കുന്നു.

  • ഇൻകം ടാക്സ് റിട്ടേണിലെ നിർദ്ദിഷ്ട വി.ഡി.എ ഷെഡ്യൂളിൽ ക്രിപ്റ്റോ ഇടപാടുകൾ കൃത്യമായി രേഖപ്പെടുത്തുക.

  • എക്സ്ചേഞ്ച് സ്റ്റേറ്റ്മെന്റുകൾ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റുമായി ഒത്തുനോക്കി പൊരുത്തക്കേടുകൾ ഇല്ലെന്ന് ഉറപ്പാക്കുക.

  • വാലറ്റ് കൈമാറ്റങ്ങളുടെയും ബാങ്ക് ഇടപാടുകളുടെയും കൃത്യമായ റെക്കോഡുകൾ സൂക്ഷിക്കുക.

  • ടി.ഡി.എസ് സർട്ടിഫിക്കറ്റുകളും ട്രേഡിംഗ് ഹിസ്റ്ററിയും സുരക്ഷിതമായി സൂക്ഷിക്കുക.

  • റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ടേൺഓവർ, ഡിപ്പോസിറ്റുകൾ, യഥാർത്ഥ ലാഭം എന്നിവ വേർതിരിച്ച് വ്യക്തമാക്കുക.

ചുരുക്കത്തിൽ നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണം ആദായ നികുതി വകുപ്പ് ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ, ഓരോ ഡിജിറ്റൽ ഇടപാടും കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും പരിശോധിക്കപ്പെടുന്നുണ്ടെന്നും നിക്ഷേപകർ തിരിച്ചറിയേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT