Goods & service tax Image : Canva
Tax

ജിഎസ്ടി: ഒരിക്കല്‍ കൊടുത്ത മൊഴി പിന്നീട് പിന്‍വലിക്കാമോ?

ജിഎസ്ടി ഉദ്യോഗസ്ഥന് മുന്നില്‍ ഒരിക്കല്‍ കൊടുക്കുന്ന മൊഴി പിന്നീട് മാറ്റാമോ? നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി

Adv. K.S. Hariharan

ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് വരുമ്പോള്‍ ബിസിനസുകാരില്‍ നിന്നും എഴുതിവാങ്ങുന്ന മൊഴികള്‍ സംബന്ധിച്ച് പല സംശയങ്ങളുമുണ്ട്. ഇതിനുള്ള മറുപടിയാണ് ഈ ലക്കത്തില്‍.

പലപ്പോഴും പരിശോധനയ്ക്ക് വരുന്ന ഉദ്യോ ഗസ്ഥര്‍ പറയുന്നതു പോലെ തന്നെ മൊഴി എഴുതി നല്‍കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകുന്നതായി പല നികുതിദായകരും പറയുന്നുണ്ട്. ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് ഒരു സാധാരണ ബിസിനസുകാരന്‍ ഒറ്റയ്ക്കിരുന്ന് മൊഴികൊടുക്കുന്ന സന്ദര്‍ഭവും ഉണ്ട്.

സുപ്രീം കോടതിയുടേത് ഉള്‍പ്പെടെയുള്ള പല വിധിന്യായങ്ങളുടെയും വസ്തുതകളുടെയും പ്രത്യേക സാഹചര്യങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍ ഒരിക്കല്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊടുത്ത പല പ്രസ്താവനകളും മൊഴികളും തിരുത്താന്‍ സാഹചര്യമുണ്ട്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വസ്തുതകളും സാഹചര്യങ്ങളും ഒക്കെ ഇതിന് അടിസ്ഥാന ഘടകങ്ങളാണ് എന്നതും കൂടിയാണ്.

ഒരു സ്ഥാപനത്തില്‍ പരിശോധന നടക്കുമ്പോള്‍ എസ്റ്റിമേറ്റ് സ്ലിപ്പ് പോലെയുള്ള പേപ്പറുകളോ ക്വട്ടേഷന്‍ കൊടുത്തതിന്റെ വിവരങ്ങളോ, അല്ലെങ്കില്‍ ഏതെങ്കിലും കുത്തിക്കുറിച്ചു വെച്ചിരിക്കുന്ന പല വിവരണങ്ങളോ അടങ്ങിയ ഏതെങ്കിലും ബുക്കുകളോ മറ്റോ ഓഫീസില്‍ നിന്ന് ലഭിച്ചാല്‍ അത് തന്റെ ബിസിനസിന്റെ വിട്ടുപോയ ട്രാന്‍സാക്ഷന്‍ ആണെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുകയും അത് പ്രസ്തുത വ്യക്തിയില്‍ നിന്ന് മൊഴിയായി എഴുതിവാങ്ങുകയും ചെയ്യുന്നു എന്ന അവസ്ഥയില്‍ ഇനിയെന്തു ചെയ്യണമെന്ന ഒരു ചോദ്യം പലരും ചോദിക്കാറുണ്ട്.

ജാഗ്രത പാലിക്കണം

അത്തരം മൊഴികള്‍ തന്റെ ജിഎസ്ടി അസസ്മെന്റുകളുമായി ബന്ധപ്പെട്ട് വന്‍ ബാധ്യത ഭാവിയില്‍ വരുത്തിവെയ്ക്കും എന്ന് പലരും ശ്രദ്ധിക്കാറില്ല. അതിനാല്‍ ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മുന്നിലും, പ്രത്യേകിച്ച് നികുതിയുമായി ബന്ധപ്പെട്ട് ഒരു ബിസിനസുകാരന്‍ നല്‍കുന്ന സ്റ്റേറ്റ്മെന്റുകള്‍ അല്ലെങ്കില്‍ മൊഴികള്‍ വളരെയേറെ ജാഗ്രതയോടെ മാത്രമേ നല്‍കാവൂ.

ഉദ്യോഗസ്ഥരുടെ മുന്നില്‍ ഒരു നികുതിദായകന്‍ അല്ലെങ്കില്‍ നികുതി സംബന്ധിച്ച എന്തെങ്കിലും കാര്യത്തിന് സാക്ഷിയാകുന്ന ആള്‍ നല്‍കുന്ന മൊഴി തെറ്റായിപ്പോയി എന്ന് തോന്നിയാല്‍ അടുത്ത പ്രവൃത്തി ദിവസത്തിനുള്ളിലോ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാത്രമേ അത് പിന്‍വലിക്കാന്‍, അല്ലെങ്കില്‍ റിട്രാക്ഷന്‍ സ്റ്റേറ്റ്മെന്റ് നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നാണ് പൊതുവേയുള്ള അറിവ്. പക്ഷേ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പ്പം വൈകിയാലും റിട്രാക്ഷന്‍ സ്റ്റേറ്റ്മെന്റ് അല്ലെങ്കില്‍ നേരത്തെ നല്‍കിയ മൊഴി പിന്‍വലിക്കാനുള്ള നടപടി നടത്താവുന്നതാണ്.

ഉദാഹരണത്തിന് ഒരു സ്ഥാപനത്തില്‍ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ഏപ്രില്‍ ഒന്നാം തീയതി ഇന്‍സ്പെക്ഷന്‍ നടത്തി എന്ന് കരുതുക. അന്ന് അവിടത്തെ സ്ഥാപന ഉടമയില്‍ നിന്നോ സ്ഥാപനത്തിന്റെ മാനേജരില്‍ നിന്നോ എന്തെങ്കിലും മൊഴികള്‍ ഏപ്രില്‍ ഒന്നാം തീയതി വാങ്ങിയിരുന്നു എന്ന് കരുതുക. ഏപ്രില്‍ രണ്ടാം തീയതിയോ മൂന്നാം തീയതിയോ ഒക്കെ താന്‍ നല്‍കിയ മൊഴികള്‍ തെറ്റായിരുന്നു. ഭീഷണിയും ബലപ്രയോഗവും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു എന്ന് ഉറപ്പുണ്ടെങ്കില്‍, മറ്റേതെങ്കിലും ശരിയായ സത്യസന്ധമായ വസ്തുതയുണ്ടെങ്കില്‍ നേരത്തെ നല്‍കിയ മൊഴിയില്‍ ശരിയായ വസ്തുതയല്ല നല്‍കിയതെന്നും അത് പിന്‍വലിക്കണമെന്നും എഴുതിനല്‍കാം. നിയമപ്രകാരം ഇത് നിലനില്‍ക്കുമെന്നാണ് വിവിധ കോടതി വിധികളുടെ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റുക.

എന്നാല്‍ ഏപ്രിലില്‍ നടന്ന ഇന്‍സ്പെക്ഷനുമായി ബന്ധപ്പെട്ട ഷോക്കോസ് നോട്ടീസ് സെപ്റ്റംബറില്‍ കിട്ടിയെന്ന് കരുതുക. ആ ഷോക്കോസ് നോട്ടീസിനോടൊപ്പമാണ് മൊഴിയുടെ പകര്‍പ്പ് ലഭിച്ചതെന്നുണ്ടെങ്കില്‍ ഏപ്രില്‍ മാസം നല്‍കിയ മൊഴികള്‍ ബലപ്രയോഗത്തിലൂടെ ഉദ്യോഗസ്ഥര്‍ കരസ്ഥമാക്കിയതാണെന്ന വസ്തുതകള്‍ ഉണ്ടെങ്കില്‍പ്പോലും അപ്രകാരം പറഞ്ഞാല്‍ കോടതികള്‍ സ്വീകരിക്കണമെന്നില്ല.

മൊഴിപ്പകര്‍പ്പ് നല്‍കും

കേരള സ്റ്റേറ്റ് ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് പല പരിശോധനകളും നടക്കുമ്പോള്‍ എടുക്കുന്ന മൊഴികളുടെ പകര്‍പ്പുകള്‍ നികുതിദായകന് ലഭ്യമാക്കുന്നത് ഷോക്കോസ് നോട്ടീസിനോടൊപ്പം (SCN) ഉള്ള റിലൈഡ് അപ്പോണ്‍ ഡോക്യുംമെന്റി(RUD) ന്റെ കൂടെയാണ്. എന്നാല്‍ സെന്‍ട്രല്‍ ജിഎസ്ടി ഇന്റലിജന്‍സ് വിങ്ങിന്റെ പരിശോധനയില്‍ അവിടെവെച്ച് തന്നെ മൊഴിപ്പകര്‍പ്പ് നല്‍കാറുണ്ട്.

സ്റ്റേറ്റ് ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് ഷോക്കോസ് നോട്ടീസിനോടൊപ്പം മാത്രം മൊഴിപ്പകര്‍പ്പ് തരുന്നതിനാല്‍, പകര്‍പ്പ് വായിച്ചപ്പോള്‍ മാത്രമാണ് താന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ മൊഴിയില്‍ പറഞ്ഞിട്ടുണ്ടെന്ന് മനസിലായതെന്ന് പറയാം. അല്ലെങ്കില്‍ ബലപ്രയോഗത്തില്‍ ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് എഴുതിവാങ്ങിയിട്ടുണ്ടെന്ന് സമര്‍ത്ഥിക്കാന്‍ സാധിച്ചാല്‍ ആ വാദം അനുസരിച്ച് ആദ്യത്തെ മൊഴി പിന്‍വലിക്കാനോ റിട്രാക്ഷന്‍ നടത്താനോ സാധ്യതയുണ്ട്.

(ധനം മാഗസിന്‍ 2025 ഏപ്രില്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT