Tax

ഏപ്രില്‍ ഒന്നു മുതല്‍ ആദായ നികുതി നിയമത്തില്‍ വലിയ മാറ്റങ്ങള്‍; അറിഞ്ഞിരിക്കണം ഈ അപ്ഡേറ്റുകള്‍

നികുതി കണക്കാക്കല്‍, റിട്ടേണ്‍ ഫയലിംഗ്, TDS, TCS, നിക്ഷേപ വരുമാനം തുടങ്ങി നിരവധി മേഖലകളില്‍ ഈ നിയമം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും

Dhanam News Desk

പുതിയ ആദായ നികുതി നിയമം (Income-tax Act, 2025) അടുത്ത ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിലാകും. ഫെബ്രുവരി 1 ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിലൂടെയാണ് ഈ പുതിയ നിയമം നടപ്പിലാവുന്ന തീയതി പ്രഖ്യാപിച്ചത്. നികുതി കണക്കാക്കല്‍, റിട്ടേണ്‍ ഫയലിംഗ്, TDS, TCS, നിക്ഷേപ വരുമാനം തുടങ്ങി നിരവധി മേഖലകളില്‍ ഈ നിയമം വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

പ്രധാന നികുതി മാറ്റങ്ങള്‍ വിശദമായി

1. ഷെയര്‍ ബൈബാക്ക് വരുമാനം ഇനി ക്യാപിറ്റല്‍ ഗെയിന്‍സ്: ഇതുവരെ ഡിവിഡന്‍ഡ് അഥവാ ലാഭവിഹിതമായി കണക്കാക്കിയിരുന്ന ഷെയര്‍ ബൈബാക്ക് വരുമാനം ഇനി മൂലധന നേട്ടമായി (ക്യാപിറ്റല്‍ ഗെയിന്‍സ്) കണക്കാക്കി നികുതി ഈടാക്കും. ഇതോടെ നിക്ഷേപകര്‍ക്ക് സ്ലാബ് റേറ്റിനു പകരം ക്യാപിറ്റല്‍ ഗെയിന്‍സ് നികുതി ബാധകമാകും.

2. ഇക്വിറ്റി ഫ്യൂച്ചേഴ്സിന് STT വര്‍ധിപ്പിച്ചു: ഇക്വിറ്റി ഫ്യൂച്ചേഴ്സ് ട്രേഡിംഗിന് ഈടാക്കുന്ന സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (Securities Transaction Tax -STT) 0.02%ല്‍ നിന്ന് 0.05% ആയി ഉയര്‍ത്തി. ഏപ്രില്‍ ഒന്നിനു ശേഷം നടക്കുന്ന ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക.

3. സോവറിന്‍ ഗോള്‍ഡ് ബോണ്ട് നികുതി ഇളവില്‍ മാറ്റം: സോവറിന്‍ ഗോള്‍ഡ് ബോണ്ട് (Sovereign Gold Bond -SGB) നേരിട്ട് സര്‍ക്കാര്‍ ഇഷ്യൂവില്‍ വാങ്ങിയാല്‍ മാത്രമേ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നികുതി ഇളവ് ലഭിക്കൂ. സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ SGBകള്‍ക്ക് ഇനി ക്യാപിറ്റല്‍ ഗെയിന്‍സ് നികുതി ബാധകമാകും.

4. ഡിവിഡന്‍ഡ്, മ്യൂച്വല്‍ ഫണ്ട് വരുമാനത്തില്‍ ചെലവ് കുറയ്ക്കാനാവില്ല: ഡിവിഡന്‍ഡ് അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് വരുമാനം നേടാന്‍ എടുത്ത വായ്പയുടെ പലിശ ചെലവ് ഇനി നികുതി കണക്കില്‍ കുറയ്ക്കാന്‍ സാധിക്കില്ല.

5. നിക്ഷേപകര്‍ക്ക് ഒറ്റ ഡിക്ലറേഷന്‍: TDS ഒഴിവാക്കാന്‍ ഇനി മ്യൂച്വല്‍ ഫണ്ട്, ഡിവിഡന്റ്, ബോണ്ട് എന്നിവയ്ക്കായി വെവ്വേറെ ഡിക്ലറേഷന്‍ നല്‍കേണ്ടതില്ല. ഡിപ്പോസിറ്ററിയില്‍ നല്‍കുന്ന ഒറ്റ ഡിക്ലറേഷന്‍ മതിയാകും.

6. എന്‍ആര്‍ഐ പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ TDS ലളിതം: എന്‍ആര്‍ഐകളില്‍ നിന്ന് ഭൂമിയോ വീടോ വാങ്ങുന്നവര്‍ക്ക് ഇനി TAN എടുക്കേണ്ടതില്ല. സ്വന്തം PAN ഉപയോഗിച്ച് തന്നെ TDS അടയ്ക്കാം.

7. TCS നിരക്കുകളില്‍ വന്‍ ഇളവ്: സ്രോതസില്‍ നിന്ന് നികുതി ഈടാക്കുന്ന Tax Collected at Source -TCS നിരക്കുകളില്‍ ഗണ്യമായ കുറവ് വരുത്തി.

  • വിദേശ ടൂര്‍ പാക്കേജുകള്‍: 5% / 20%/ 2%

  • വിദേശ വിദ്യാഭ്യാസം, മെഡിക്കല്‍ ആവശ്യങ്ങള്‍ (LRS): 2%

8. MAT ഇനി അന്തിമ നികുതി: കമ്പനികള്‍ക്ക് ബാധകമായ Minimum Alternate Tax (MAT) 14% ആയി തുടരും. എന്നാല്‍ ഇനി ഇത് അന്തിമ നികുതിയായി കണക്കാക്കും.

പഴയ MAT ക്രെഡിറ്റ് 2026 മാര്‍ച്ച് 31 വരെ നേടിയിട്ടുള്ളത് മാത്രം ഉപയോഗിക്കാം.

9. സൈനികരുടെ ഡിസബിലിറ്റി പെന്‍ഷന് നികുതിയില്ല: സേവനത്തിനിടെ പരിക്കേറ്റ് വിരമിക്കുന്ന സൈനികര്‍ക്ക് ലഭിക്കുന്ന ഡിസബിലിറ്റി പെന്‍ഷന്‍ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കി.

10. നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരത്തിന് നികുതിയില്ല: നിര്‍ബന്ധിതമായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ലഭിക്കുന്ന നഷ്ടപരിഹാര തുക (ചില ഒഴിവുകള്‍ ഒഴികെ) നികുതിയില്‍ നിന്ന് ഒഴിവാക്കും.

11. ചില വിഭാഗങ്ങള്‍ക്ക് റിട്ടേണ്‍ ഫയലിംഗ് തീയതി നീട്ടി: ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസുകള്‍, ട്രസ്റ്റുകള്‍ എന്നിവക്ക് ITR ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31ല്‍ നിന്ന് ഓഗസ്റ്റ് 31 ആയി. സാലറി വിഭാഗത്തിന് മാറ്റമില്ല.

12. മോട്ടോര്‍ ആക്സിഡന്റ് നഷ്ടപരിഹാര പലിശയ്ക്ക് നികുതിയില്ല: മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ (Motor Accident Claims Tribunal) വിധിയിലൂടെ ലഭിക്കുന്ന പലിശ വരുമാനം പൂര്‍ണമായും നികുതിമുക്തം. ഈ തുകയ്ക്ക് TDSഉം ഈടാക്കില്ല.

13. PF, ESI സംഭാവനകള്‍ക്ക് ഇളവ്: തൊഴിലുടമകള്‍ നല്‍കുന്ന PF, ESI വിഹിതം ITR ഫയല്‍ ചെയ്യുന്ന അവസാന തീയതിക്ക് മുന്‍പ് അടച്ചാല്‍ നികുതി കിഴിവ് ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT