ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം തയ്യാറാക്കിയ കരാറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ഒപ്പുവെച്ചു.
ഇന്ത്യന്‍ കയറ്റുമതി മേഖലക്കും യുകെയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും ഗുണകരമാണ് കരാര്‍. ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ അടക്കം ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. യുകെയില്‍ നിന്നുള്ള വിസ്‌കി അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് വേണമെന്ന് ആവശ്യം ഇന്ത്യ അംഗീകരിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം പ്രതിവര്‍ഷം 3,400 കോടി ഡോളര്‍ വര്‍ധിപ്പിക്കുമെന്നാണ് കരാറില്‍ പ്രധാനമായും പറയുന്നത്.
വിവിധ മേഖലകളിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നിബന്ധനകള്‍ കരാറിലുണ്ട്. ടെക്‌സ്റ്റൈല്‍, പാദരക്ഷകള്‍, ജെംസ്, ജുവലറി, എഞ്ചിനിയറിംഗ് എന്നീ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനാകും. ഇവയില്‍ പലതും നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും യുവാക്കള്‍, കര്‍ഷകര്‍, മല്‍സ്യതൊഴിലാളികള്‍, എംഎസ്എംഇ മേഖല എന്നിവര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോന്നതിന് ശേഷം യുകെ തയ്യാറാക്കുന്ന ഏറ്റവും ബൃഹത്തായ അന്താരാഷ്ട്ര കരാറാണിതെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
90 ശതമാനം ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെയും നികുതി ഇന്ത്യ കുറക്കും. വിസ്‌കി, ജിന്‍, ഓട്ടോമൊബൈല്‍ എന്നിവയിലാണ് പ്രധാന ഇളവുകള്‍. വിസ്‌കിയുടെ നികുതി 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ആദ്യഘട്ടത്തില്‍ കുറക്കും. പത്തു വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായും കുറക്കും. യുകെയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ നികുതി 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറക്കും.
ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്റ്റൈല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവക്കാണ് പ്രധാനമായും യുകെ ഇളവുകള്‍ ലഭിക്കുന്നത്.
എഐ, എയ്‌റോസ്‌പേസ്, ഡയറി മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയിട്ടുണ്ട്.
യുകെയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന സോഷ്യല്‍ സെക്യൂരിറ്റി പെയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ നല്‍കേണ്ടിയിരുന്ന ഈ ഫീസ് ഇനി നല്‍കേണ്ടതില്ല. 75,000 പേര്‍ക്കെങ്കിലും പ്രയോജനകരമാണ് ഈ തീരുമാനം.
നിരവധി പുതിയ തൊഴില്‍ അവസരങ്ങള്‍ തുറക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയിട്ടുണ്ട്. ഐടി, വിദ്യഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക നിയമനത്തിന് അവസരമൊരുങ്ങും. യോഗ അധ്യാപകര്‍, ഷെഫുമാര്‍, വിവിധ മേഖലകളിലെ കലാകാരന്‍മാര്‍ എന്നിവര്‍ക്ക് വിസ ചട്ടങ്ങള്‍ ലഘൂകരിക്കും. യുകെയില്‍ 36 മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തിക പരിശോധന കൂടാതെ പ്രവര്‍ത്തന അനുമതി നല്‍കും.
Read DhanamOnline in English
Subscribe to Dhanam Magazine